ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്നും ഉടന്‍ നീക്കണമെന്നും 2023ലെ നിയമം റദ്ദാക്കണമെന്നും അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യ മുന്നണി ദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതീകാത്മക പൊതു ഇംപീച്ച്‌മെന്റില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കുമേല്‍ ആറ് കുറ്റങ്ങളാണ് ഖാര്‍ഗെ ആരോപിച്ചത്. തെരഞ്ഞെടുപ്പുകള്‍ മോഷ്ടിക്കാന്‍ ഗൂഡാലോചന നടത്തി, 13.2 കോടി വോട്ടര്‍മാരെ ഇല്ലാതാക്കി, പാര്‍ലമെന്റിന്റെ അനുവാദമോ അറിവോ ഇല്ലാതെ ഫോം-6 മാറ്റി എഴുതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് (ഇ.സി.ഐ നെറ്റ്) വഴി ഇലക്ടറല്‍ റോള്‍ പിടിച്ചെടുത്തു, മറ്റ് രണ്ട് കമ്മീഷണര്‍മാരെ നിശബ്ദരാക്കി, മോദിക്കും അമിത് ഷായ്ക്കും വേണ്ടി പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങളാണ് ഖാര്‍ഗെ ഗ്യാനേഷ് കുമാറിന് മേല്‍ ആരോപിച്ചത്.

ഏഴുമാസം മുമ്പ് 193 പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണറെ നീക്കം ചെയ്യണമെന്ന് നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ നോട്ടീസുകള്‍ നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പ് കമ്മീഷണറോട് ഞങ്ങള്‍ക്ക് വ്യക്തിപരമായ ശത്രുതയില്ല. ഇന്ന് ഞങ്ങള്‍ കൊണ്ടുവരുന്ന നിര്‍ദേശം ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ് സംരക്ഷിക്കുന്നതിനായാണ്. ഭരണഘടനയുടെ ആത്മാവിന് അനുസൃതമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷതയോടെ പ്രവര്‍ത്തിക്കുകയും അതില്‍ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുകയും ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ഖാര്‍ഗെ പറഞ്ഞു.

2014 മുതല്‍ മോദി സര്‍ക്കാര്‍ അധികാരം പിടിച്ചെടുക്കാന്‍ എല്ലാത്തരം ഗൂഢാലോചനകളും നടത്തിവരികയാണെന്നും ഇതിനായി എം.പി മാരുടെ മോഷണം, പാര്‍ട്ടി പിളര്‍പ്പ്, സര്‍ക്കാര്‍ മോഷണം, ഇ.ഡിയുടെയും സി.ബി.ഐ യുടെയും ദുരുപയോഗം, വോട്ട് മോഷണം തുടങ്ങിയവയെല്ലാം ചെയ്യുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

2023 ഡിസംബറില്‍ 145 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിരോധ ശേഷി നല്‍കുന്ന ബില്‍ പാസാക്കിയതിനാലാണ് ഗ്യാനേഷ് കുമാറിന് വോട്ട് മോഷണം നടത്താന്‍ കഴിയുന്നതെന്ന് ഖാര്‍ഗെ ഓര്‍മിപ്പിച്ചു.

ഭരണഘടനാ നിര്‍മാണ സമയത്ത് പ്രായപൂര്‍ത്തീ വോട്ടവകാശം നല്‍കിയപ്പോള്‍ തന്നെ ആര്‍.എസ്.എസ് എതിര്‍ത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘ഭരണഘടനാ നിര്‍മാണ സഭയിലെ സംവാദങ്ങളില്‍ സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഭരണഘടനാ ശില്പികള്‍ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കി. ജാതി, വര്‍ഗം, പദവി എന്നിവയുടെ പേരില്‍ നൂറ്റാണ്ടുകളായി വിവേചനം നിലനിന്നിരുന്ന നാട്ടില്‍, അവര്‍ എല്ലാ പൗരന്മാര്‍ക്കും തുല്യ പദവി ഉറപ്പാക്കി,’ ഖാര്‍ഗെ പറഞ്ഞു.

ഇന്ത്യയില്‍ സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം പരാജയമാണെന്ന് പണ്ഡിറ്റ് നെഹ്‌റുവിന് ഒരിക്കല്‍ സമ്മതിക്കേണ്ടിവരുമെന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ എഴുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Gyanesh Kumar has committed treason by ‘stealing votes’ and cannot be forgiven for this crime; he must resign, says Congress President Mallikarjun Kharge at mock impeachment conducted by INDIA bloc.