ജയിലര്‍ 2 നിര്‍ത്തിയ ഇടത്ത് നിന്ന് ബോക്‌സ് ഓഫീസ് വേട്ട തുടങ്ങാനൊരുങ്ങുകയാണ് സൂര്യയുടെ സീന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ച് ഒരു സൂചനയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സൂര്യയുടെ പൊലീസ് കഥാപാത്രവും നസ്‌ലെന്റെ വില്ലന്‍ വേഷവും മാത്രമാണ് ഇതുവരെ റിവീലായത്.

ഇപ്പോഴിതാ പ്രതീക്ഷ ഇരട്ടിയാക്കിക്കൊണ്ട് സീനിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതുവരെ വന്ന അപ്‌ഡേറ്റുകളെപ്പോലെ കഥയെക്കുറിച്ച് ഒരു സൂചനയും ട്രെയ്‌ലര്‍ നല്‍കുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസറും ഈശ്വരന്‍ എന്ന സൈക്കോ കില്ലറും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിമെന്ന് മാത്രമേ ട്രെയ്‌ലര്‍ സൂചന നല്‍കുന്നുള്ളൂ.

പൊലീസ് ജോലി രാജിവെച്ച് സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഇന്‍ബരാജിനെത്തേടി താന്‍ പണ്ടന്വേഷിച്ച കേസ് വീണ്ടുമെത്തുന്നതും പിന്നീട് അയാള്‍ നേരിടുന്ന വെല്ലുവിളികളുമാണ് സീനിന്റെ കഥ. സൂര്യയുടെ പൊലീസ് ഗെറ്റപ്പടക്കം ഒരുപാട് സര്‍പ്രൈസുകള്‍ സീനില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. സൂര്യയെപ്പോലെ ട്രെയ്‌ലറില്‍ സ്‌കോര്‍ ചെയ്യാന്‍ നസ്‌ലെനും സാധിച്ചിട്ടുണ്ട്.

കണ്ടുശീലിച്ച ടിപ്പിക്കല്‍ വില്ലന്മാരെപ്പോലെയല്ല ഈശ്വരനെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. സിനിമയില്‍ പലയിടത്തും നസ്‌ലെന്‍ സൂര്യയെ സൈഡാക്കിയേക്കുമെന്നും സൂചനകളുണ്ട്. തമിഴിലെ എന്‍ട്രി തന്നെ താരം ഗംഭീരമാക്കുമെന്നാണ് പലരുടെയും പ്രവചനം. സൂര്യ- നസ്‌ലെന്‍ ഫേസ് ഓഫ് സീന്‍ തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്.

വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്കുള്ള തിരിച്ചുവരവ് നസ്രിയയും ഗംഭീരമാക്കുമെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. വെറുതെ ഐ ക്യാന്‍ഡി റോളാകില്ലെന്നും ആക്ഷന്‍ സീനടക്കം ഗംഭീര സ്‌കോറിങ് നസ്രിയയുടെ വകയായി ഉണ്ടാകുമെന്നും ട്രെയ്‌ലറില്‍ സൂചനകളുണ്ട്. മായ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ നാഴികക്കല്ലായി മാറുമെന്നാണ് കമന്റുകള്‍.

സുഷിന്‍ ശ്യാമിന്റെ സംഗീതം, ചേതന്‍ ഡിസൂസയുടെ ആക്ഷന്‍ സീനുകള്‍ എന്നിവയും ഗംഭീരമാകുമെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നുണ്ട്. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്. എല്ലാം ഒത്തുവന്നാല്‍ ബോക്‌സ് ഓഫീസില്‍ ഹാട്രിക് 200 കോടി സൂര്യ സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Scene movie trailer out now