തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ ബിരുദദാനച്ചടങ്ങിനിടെ നടന്ന സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയ്ക്കെതിരെ കോണ്‍ഗ്രസ്- ലീഗ് അണികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പ്രതിപക്ഷനേതാവ് പിണറായി വിജയനെ പരിഹസിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
തന്റെ ഭാഗത്തും തെറ്റുണ്ടെന്നും, കടക്ക് പുറത്തെന്നോ, വീട്ടില്‍ പോയി വീട്ടില്‍ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ട് പിണറായി ചെയ്തത് പോലെ ഉന്നതമായ ‘ജനാധിപത്യബോധം’ താനും കാണിക്കണമായിരുന്നുവെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
‘അതല്ലെങ്കില്‍ അങ്ങ് ചെയ്തത് പോലെ കയ്യില്‍ ചെടിച്ചട്ടിയോ അല്ലെങ്കില്‍ ഹെല്‍മറ്റോ കൊടുത്ത് കുറച്ച് ആളുകളെകൊണ്ട് ‘രക്ഷാപ്രവര്‍ത്തനം’ നടത്തിച്ച് അങ്ങയെപ്പോലെ തികഞ്ഞ ‘മനുഷ്യത്വം’ ഉയര്‍ത്തിപ്പിടിക്കണമായിരുന്നു. അതുമല്ലെങ്കില്‍ അങ്ങ് ചെയ്തത് പോലെ കറുത്ത ബാനര്‍, കറുത്ത മാസ്ക്, കറുത്ത വസ്ത്രം തുടങ്ങിയവയ്ക്ക് പരിപാടിയില്‍ നിരോധനം ഏര്‍പ്പെടുത്തി അങ്ങയെപ്പോലെ പ്രതിഷേധക്കാരോട് ഐക്യപ്പെടണമായിരുന്നു’, മന്ത്രി പരിഹസിച്ചു.
അങ്ങയുടെ സഹപ്രവര്‍ത്തകരെപ്പോലെ മുദ്രാവാക്യം വിളി കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്നം തനിക്കില്ലെന്നും തനിക്ക് ജനാധിപത്യത്തിന്റെ ഭാഷയെ വശമുള്ളൂ എന്നും മന്ത്രി കുറിപ്പില്‍ പറയുന്നു.
മന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ എസ്.എഫ്.ഐ നേതാവ് നഫീസത്തുല്‍ മിസ്രിയക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെയും വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയെയും വിമര്‍ശിച്ച് ഇത്തരം നടപടികള്‍ ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്നാണ് പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ പ്രാകൃതമാണെന്ന മന്ത്രി റോജി എം. ജോണിന്റെ പ്രസ്താവനക്കെതിരെയാണ് മഹാരാജാസ് കോളേജില്‍ പ്രതിഷേധം നടന്നത്.
ഒക്ടോബര്‍ 30ന് നടന്ന ബിരുദദാന ചടങ്ങിനിടെ നഫീസത്തുല്‍ മിസ്രിയയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയും സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കാലടി സര്‍വകലാശാലയില്‍ സമരത്തില്‍ പങ്കെടുത്ത 16 വിദ്യാര്‍ത്ഥികള്‍ 60 ദിവസമായി സസ്പെന്‍ഷനിലാണെന്ന വിഷയവും പ്രതിഷേധത്തിന് കാരണമായി. മഹാരാജാസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊതുപരിപാടി തടസപ്പെടുത്തിയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlight: Roji M. John takes a dig at Pinarayi Vijayan for his comments on Maharajas incident
