തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ എസ്.എഫ്.ഐ നേതാവ് നഫീസത്തുല്‍ മിസ്രിയക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെയും വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത്തരം നടപടികള്‍ ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്-ലീഗ് അണികള്‍ നഫീസത്തുല്‍ മിസ്രിയക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും വിദ്യാര്‍ത്ഥികളെ പ്രതിചേര്‍ത്ത് പൊലീസ് ഭരണകൂട വേട്ട നടത്തുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എം.ജി സര്‍വകലാശാലയില്‍ സംഘപരിവാര്‍ നോമിനിയെ വൈസ് ചാന്‍സലറായി നിയമിച്ചപ്പോഴും സെനറ്റിലും സിന്‍ഡിക്കേറ്റിലും ആര്‍.എസ്.എസ് അനുകൂലികളെ ഉള്‍പ്പെടുത്തിയപ്പോഴും കാലിക്കറ്റ് സര്‍വകലാശാലയിലെ പഠനബോര്‍ഡുകളില്‍ 32 ആര്‍.എസ്.എസ് അനുകൂലികളെ നിയമിച്ചപ്പോഴും ഉന്നതവിദ്യാഭ്യാസ മന്ത്രി നിസംഗത പാലിച്ചുവെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിവിരുദ്ധ നടപടികള്‍ക്ക് ഒത്താശ ചെയ്ത മന്ത്രിയുടെ സംഘപരിവാര്‍ വിധേയത്വത്തെയാണ് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് അപമാനിച്ച സംഭവത്തില്‍ പെറ്റിക്കേസ് പോലും ചുമത്താത്ത പൊലീസ്, മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രതികാര നടപടി സ്വീകരിക്കുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പും പ്രീണന രാഷ്ട്രീയവുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ പ്രാകൃതമാണെന്ന മന്ത്രി റോജി എം. ജോണിന്റെ പ്രസ്താവനക്കെതിരെയാണ് മഹാരാജാസ് കോളേജില്‍ പ്രതിഷേധം നടന്നത്. ഒക്ടോബര്‍ 30ന് നടന്ന ബിരുദദാന ചടങ്ങിനിടെ നഫീസത്തുല്‍ മിസ്രിയയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയും സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കാലടി സര്‍വകലാശാലയില്‍ സമരത്തില്‍ പങ്കെടുത്ത 16 വിദ്യാര്‍ത്ഥികള്‍ 60 ദിവസമായി സസ്‌പെന്‍ഷനിലാണെന്ന വിഷയവും പ്രതിഷേധത്തിന് കാരണമായി. മഹാരാജാസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊതുപരിപാടി തടസപ്പെടുത്തിയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പിണറയി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘മഹാരാജാസ് കോളേജില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തക നഫീസത്തുല്‍ മിസ്രിയക്കെതിരെ കോണ്‍ഗ്രസ്-ലീഗ് അണികള്‍ നടത്തുന്ന സൈബര്‍ ആക്രമണവും വിദ്യാര്‍ത്ഥികളെ പ്രതിചേര്‍ത്ത് പൊലീസ് നടത്തുന്ന ഭരണകൂട വേട്ടയും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്.

എം.ജി സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ നോമിനിയെ വി.സിയാക്കിയപ്പോഴും സെനറ്റിലും സിന്‍ഡിക്കേറ്റിലും ആര്‍.എസ്.എസ് അനുകൂലികളെ കുത്തിനിറച്ചപ്പോഴും കലിക്കറ്റ് പഠനബോര്‍ഡുകളില്‍ 32 ആര്‍.എസ്.എസുകാരെ നിയമിച്ചപ്പോഴും നിസംഗത പാലിച്ചയാളാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രി. മുന്‍ ഗവര്‍ണറുടെ നോമിനിയായി നിയമിക്കപ്പെട്ട നിലവിലെ കാലടി സര്‍വ്വകലാശാലാ വി.സിയുടെ വിദ്യാര്‍ത്ഥിവിരുദ്ധ നടപടികള്‍ക്ക് ഒത്താശ ചെയ്ത സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിയുടെ സംഘപരിവാര്‍ വിധേയത്വത്തെയാണ് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ സംഘപരിവാറുകാര്‍ വഴിയില്‍ തടഞ്ഞു അപമാനിച്ച സംഭവത്തില്‍ പെറ്റിക്കേസ് പോലും ചുമത്താത്ത പൊലീസ്, മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രായ്ക്കുരാമാനം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രതികാരനടപടി സ്വീകരിക്കുന്നത് സര്‍ക്കാരിന്റെ നഗ്‌നമായ ഇരട്ടത്താപ്പും പ്രീണന രാഷ്ട്രീയവുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുദ്ധം പ്രഖ്യാപിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും.’

Content Highlight: Pinarayi Vijayan criticizes the League-Congress cyber-attack against Misriya over the Maharaja’s College protest