വ്യാഴാഴ്ച എം.എല്‍.എസില്‍ ഇന്റര്‍ മിയാമിയും എഫ്.സി സിന്‍സിനാറ്റിയും തമ്മില്‍ നടന്ന ലീഗ് മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസിയ്ക്ക് സീസണിലെ അഞ്ചാം മഞ്ഞക്കാര്‍ഡ് ലഭിച്ചെങ്കിലും ഒരു മാച്ച് സസ്പെന്ഷന് ഉണ്ടാവില്ല. സാധാരണഗതിയില്‍ അഞ്ച് മഞ്ഞക്കാര്‍ഡ് ഒരു മത്സരത്തിലെ വിലക്കിന് കാരണമാകേണ്ടതാണ്.
കൊളറാഡോ റാപിഡ്സ്, ഒര്‍ലാന്‍ഡോ സിറ്റി, നാഷ് വില്‍ സിറ്റി എസ്.സി, അറ്റ്ലാന്‍ഡ യുണൈറ്റഡ് എന്നവയ്ക്കെതിരായ മത്സരങ്ങളില്‍ മെസിയ്ക്ക് റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. അഞ്ചാം മഞ്ഞക്കാര്‍ഡ് ലഭിച്ച മെസിയ്ക്ക് ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ വിലക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ ലീഗിലെ ‘നല്ലനടപ്പ്’ നിയമത്തിന്റെ ഭാഗമായാണ് മെസിയ്ക്ക് അടുത്ത മത്സരത്തില്‍ വിലക്കില്ലാത്തത്.
ഒരു താരത്തിന് ദീര്‍ഘകാലം മഞ്ഞക്കാര്‍ഡ് ലഭിക്കാതിരുന്നാല്‍ അയാളുടെ കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാനുള്ള അച്ചടക്ക വ്യവസ്ഥ ദീര്‍ഘകാലമായി എം.എല്‍.എസിലുണ്ട്. പൊതുവെ ശ്രദ്ധിക്കപ്പെടാത്ത ഈ നിയമം മെസി കാരണം ചര്‍ച്ചയാവുകയാണ്.
എംഎല്‍എസിന്റെ നിയമാവലിയില്‍ പറയുന്ന വ്യവസ്ഥ ഇങ്ങനെയാണ്- ഒരു താരം തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ കളിക്കുകയും, ആ മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡോ ചുവപ്പ് കാര്‍ഡോ അധിക അച്ചടക്ക നടപടിയോ നേരിടാതിരിക്കുകയും ചെയ്താല്‍, ഓരോ തവണയും അയാളുടെ മഞ്ഞക്കാര്‍ഡ് ആകെ എണ്ണത്തില്‍ നിന്ന് ഒന്ന് വീതം സ്വയമേവ കുറയ്ക്കും.
പക്ഷേ, ഒരു താരത്തിന്റെ മഞ്ഞക്കാര്‍ഡ് എണ്ണം പൂജ്യത്തില്‍ താഴെ പോകില്ല. ഈ ഇന്‍സെന്റീവ് എണ്ണം പൂജ്യത്തിലേക്ക് മാത്രമേ കുറയ്ക്കൂ. എംഎല്‍എസ് റെഗുലര്‍ സീസണില്‍ പരമാവധി മൂന്ന് തവണയാണ് ഇത് സ്വയമേവ ബാധകമാക്കുക.
ഉദാഹരണത്തിന്, സീസണില്‍ മൂന്നാമത്തെ താക്കീത് ലഭിച്ച ഒരു താരം കാര്‍ഡോ അധിക അച്ചടക്ക നടപടിയോ ഇല്ലാതെ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍, അയാളുടെ ആകെ എണ്ണത്തില്‍ നിന്ന് ഒരു മഞ്ഞക്കാര്‍ഡ് ഒഴിവാക്കും. ഇതോടെ താരത്തിന്റെ മഞ്ഞക്കാര്‍ഡ് എണ്ണം രണ്ടായി കുറയും. സീസണില്‍ പരമാവധി മൂന്ന് തവണ മാത്രമേ ഇന്‍സെന്റീവ് ബാധകമാകൂ.
മെസി ഈ സീസണില്‍ ഈ നിയമത്തിന്റെ ആനുകൂല്യം രണ്ട് തവണ നേടിയിട്ടുണ്ട്. മഞ്ഞക്കാര്‍ഡോ ചുവപ്പ് കാര്‍ഡോ അധിക അച്ചടക്ക നടപടികളോ ഇല്ലാതെ രണ്ട് തവണ അഞ്ച് മത്സര കാലയളവുകള്‍ പൂര്‍ത്തിയാക്കിയത് കൊണ്ടാണിത്. അതിനാല്‍ ആകെ കാര്‍ഡ് എണ്ണത്തില്‍ നിന്നും താരത്തിന് രണ്ട് കാര്‍ഡുകള്‍ ഒഴിവായി.
അതിനാല്‍ , സിന്‍സിനാറ്റിയ്ക്കെതിരെ ലഭിച്ചത് സീസണിലെ അഞ്ചാമത്തെ കാര്‍ഡ് ആയിരുന്നുവെങ്കിലും ഔദ്യോഗിക കണക്കില്‍ മെസിയുടെ മഞ്ഞക്കാര്‍ഡുകള്‍ മൂന്നാണ്. അതിനാല്‍ ഞായറാഴ്ച ന്യൂ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കാന്‍ മെസിയ്ക്ക് തടസമില്ല.
സ്ഥിരതയും അച്ചടക്കവും പ്രോത്സാഹിപ്പിക്കാന്‍ വടക്കേ അമേരിക്കന്‍ ഫുട്ബോളില്‍ നടപ്പിലാക്കിയ നിയമമാണിത്.
അതേസമയം, തുടര്‍ച്ചയായി രണ്ടാം തവണയും ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യമിട്ടാണ് മെസി ഇറങ്ങുന്നത്. 25 ഗോളുകളാണ് അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ അക്കൗണ്ടിലുള്ളത്. അസിസ്റ്റുകളുടെ എണ്ണത്തില്‍ സൗത്ത് കൊറിയന്‍ താരം ഹ്യൂന് മിന് സണിന് പിന്നില്‍ രണ്ടാമതാണ് മെസി.
Content Highlight: Lionel Messi Will Avoid an MLS Suspension Despite Reaching Five Yellow Cards
