ഇന്ത്യന്‍ സിനിമ സംഗീത ലോകത്ത് ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന പേരുകളിലൊന്നാണ് സായ് അഭ്യങ്കര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അനിരുദ്ധ് രവിചന്ദര്‍ ഒറ്റയ്ക്ക് അടക്കി വാണിരുന്ന തമിഴ് സിനിമയിലേക്ക് കടുത്ത മത്സരവുമായാണ് സായ് എത്തിയത്. ഇന്‍ഡിപ്പെന്‍ഡന്റ് ആല്‍ബങ്ങളിലൂടെ കരിയര്‍ ആരംഭിച്ച സായ് മലയാള ചിത്രമായ ബള്‍ട്ടിയിലൂടെയാണ് സംഗീത സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നാലെ തമിഴിലെ പല ഹിറ്റ് ചിത്രങ്ങള്‍ക്കും സംഗീതം ചിട്ടപ്പെടുത്തിയ സായ് കുറഞ്ഞ സമയം കൊണ്ട് തന്നെ തന്റെ ബി.ജി.എമ്മുകളും ഗാനങ്ങളും ചാര്‍ട്ട്ബസ്റ്ററാക്കി മാറ്റുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ ഹിറ്റ് ചിത്രം കറുപ്പിലെ ഗാനങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ സൗത്ത് ഇന്ത്യയൊട്ടാകെ വൈറലായിരുന്നു. വരാനിരിക്കുന്ന അല്ലു അര്‍ജുന്‍-അറ്റ്ലീ പാന്‍ ഇന്ത്യന്‍ ചിത്രം റാക്കായ്ക്ക് സംഗീതമൊരുക്കുന്നതും സായിയാണ്.

സായ് അഭ്യങ്കര്‍. Photo: X.com

സായ് സംഗീത സംവിധാനം നിര്‍വഹിച്ച് ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ഓം. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നതോടെ കേരളത്തിലും ചിത്രത്തിന് വലിയ ഹൈപ്പാണ് ലഭിക്കുന്നത്. സായ് ഒരുക്കിയ ബി.ജി.എമ്മില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കാര്‍ത്തികേയന്‍ എന്ന കഥാപാത്രത്തിന്റെ എന്‍ട്രിയ്ക്ക് വലിയ വരവേല്പായിരുന്നു ലഭിച്ചത്. ഒപ്പം ചിത്രത്തിലെ ‘വീഴാ വീരാ’ എന്ന ഗാനത്തിനും ‘അളക ലൂവ’ ഗാനവും കോടിക്കണക്കിന് പേരായിരുന്നു യൂട്യൂബില്‍ മാത്രം കണ്ടത്.

ഇപ്പോഴിതാ സായിയെ കുറിച്ച് ഓമിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ചിത്രത്തിലേക്ക് ആദ്യം ഫിക്‌സ് ചെയ്ത ആര്‍ടിസ്റ്റ് സായ് അഭ്യങ്കാര്‍ ആയിരുന്നു എന്ന് പറയുകയാണ് അദ്ദേഹം.

‘എനിക്ക് തോന്നുന്നത് ഓമിലേക്ക് ഞാന്‍ ആദ്യം ഫിക്‌സ് ചെയ്തത് സായ് അഭ്യങ്കാറിനെ ആയിരുന്നു എന്നാണ്. നമ്മള്‍ ഒരു ബ്രേക്ക് ഔട്ട് ടാലന്റ് എന്ന് പറയില്ലേ, അങ്ങനെ ഒരു ടാലന്റാണ് അദ്ദേഹം. ചെറിയ പ്രായം മുതല്‍ തന്നെ അദ്ദേഹത്തിന്റെ ചുറ്റും ഒരു മ്യൂസിക്ക് കള്‍ച്ചറുണ്ട്. സായിയുടെ സ്റ്റുഡിയോയുടെ ഓള്‍ ഇന്‍ ഓള്‍ അവന്‍ തന്നെയാണ്. അങ്ങോട്ടേയ്ക്ക് പോകണമെങ്കില്‍ നമ്മള്‍ സംസാരിക്കേണ്ടതും സായിയായിട്ടാണ് അവിടെ ചെന്നാല്‍ വാതില്‍ തുറന്ന് തരുന്നതും സായിയാണ്.

ഓം. Photo: X.com

സായി തന്നെ പാടി സായി തന്നെ റെക്കോര്‍ഡ് ചെയ്ത് പാട്ട് നമുക്ക് ഡെലിവെറി ചെയ്യുന്നതും സായി ആയിരിക്കും. ബാക്കി പാടാനുള്ള ആള്‍ക്കാരെയെല്ലാം ഞാന്‍ കാണാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല,’ രാജ്കുമാര്‍ പെരിയസ്വാമി പറഞ്ഞു.

Content Highlight: Raj Kumar periyaswamy talks about Sai Abhyanakar and Om Movie