മലയാളം, തമിഴ് സിനിമ ഇൻഡസ്ട്രികളിൽ ചുരുക്കം സിനിമകളിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയെടുത്ത നടിയാണ് അനിഷ്മ അനിൽകുമാർ. നടിയുടെ സിനിമ അരങ്ങേറ്റം വിനീത് വാസുദേവൻ സംവിധാനം ചെയ്ത പൂവൻ എന്ന ചിത്രത്തിലൂടെയായിരുന്നു. എങ്കിലും മികച്ചതും വേറിട്ടതുമായ കഥാപാത്രങ്ങളും വേഷങ്ങളും താരം ചെയ്തത് തമിഴ് സിനിമയിലാണ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഐയാം കാതലൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സിറൈ എന്ന ചിത്രത്തിലൂടെ തമിഴിലും താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപെടുകയായിരുന്നു.
മാഡിസം ഡിജിറ്റലുമായുള്ള അഭിമുഖത്തിലാണ് താരം സംവിധായകനായ ഗിരീഷ് എ.ഡിയുടെ ബിഗ് ഫാനാണെന്നും പൂവൻ എന്ന സിനിമയുടെ ഓഡിഷന് പോയപ്പോൾ ചാൻസ് തരണമെന്ന് ചോദിയ്ക്കാൻ പേടിയായിട്ട് ചോദിച്ചില്ലെന്നും പറഞ്ഞത്.
‘ഞാൻ ഗിരീഷേട്ടന്റെ ഭയങ്കര ഫാനാണ്. ഗിരീഷേട്ടന്റെ പടമൊക്കെ ഭയങ്കര ഇഷ്ടമാണ്. പൂവൻ സിനിമയുടെ ഓഡിഷന്റെ സമയത്ത് വിനീതേട്ടനും ഗിരീഷേട്ടനൊക്കെ അവിടെ ഉണ്ടായിരുന്നു. ഗിരീഷേട്ടനെ കണ്ടപ്പോൾ എനിക്കിങ്ങനെ,’ചേട്ടാ അടുത്ത പടത്തിൽ എന്തെങ്കിലും ചാൻസ് തരണേ’യെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ പേടി കാരണം ഞാൻ ചോദിച്ചില്ല. പിന്നെ പുള്ളീടെ കാതലനിൽ ഓഡിഷൻ ചെയ്തിട്ട് സെലക്ട് ചെയ്തു. പുള്ളീടെ എല്ലാ പടവും എനിക്കിഷ്ടമാണ്,’ അനിഷ്മ പറഞ്ഞു.

ഐയാം കാതലൻ.മൊത രാത്രി.Photo: Screen Grab/Facebook.com
അദ്ദേഹത്തിന്റെ ഹ്യൂമർ സെൻസ് സെറ്റിലായാലും പടത്തിലായാലും മികച്ചതാണെന്നും അദ്ദേഹത്തിന്റെ സിനിമകളിൽ സാധാരണ മനുഷ്യർക്കുണ്ടാവുന്ന ഇൻസെക്യൂരിറ്റീസൊക്കെയുള്ള എല്ലാവർക്കും റിലേറ്റബിളായ കഥാപാത്രങ്ങളാവും പ്രധാന കഥാപാത്രങ്ങളെന്നും നടി കൂട്ടിച്ചേർത്തു.
മൊത രാത്രി എന്ന ചിത്രമാണ് താരത്തിന്റെ അടുത്തിറങ്ങിയ പുതിയ സിനിമ. രാജാ കറുപ്പസാമി സംവിധാനം ചെയ്ത ചിത്രത്തിൽ റിഷികാന്താണ് നായക വേഷത്തിലെത്തിയത്. സിനിമയിൽ രാജാ തന്നെ മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. അതി ഗംഭീര അഭിപ്രായങ്ങളായിരുന്നു നടിയുടെ പെർഫോമൻസിനും ചിത്രത്തിനും ലഭിച്ചത്. തിരുനെൽവേലിയിലെ ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കല്യാണവും, അതിനെ ചുറ്റിപ്പറ്റി ഒരു ദിവസത്തിനുള്ളിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മരണമാസ്, യൂത്ത്, തെക്ക് വടക്ക് എന്നിവയാണ് അനിഷ്മ അഭിനയിച്ചിട്ടുള്ള മറ്റ് സിനിമകൾ. സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ എന്ന വെബ് സീരീസിലും നടി അഭിനയിച്ചിട്ടുണ്ട്.
Content Highlight: When I went for the audition for that film, I was extremely afraid to ask for an opportunity, so I didn’t ask says Anishma Anilkumar
