മലയാളി പ്രേക്ഷകര്‍ക്കിടയിലടക്കം വലിയ രീതിയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു മൊത രാത്രി. മലയാളിയായ അനിഷ്മ അനില്‍കുമാറും റിഷികാന്തും പ്രധാനവേഷത്തിലെക്കിയ ചിത്രം വലിയ താരനിരയോ ബജറ്റോ ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഹിറ്റായത്. തിരുനെല്‍വേലിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കല്യാണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ദിവസത്തെ സംഭവങ്ങളുമാണ് മൊത രാത്രിയുടെ കഥ.

Photo: Screen Grab/ Cue Studio/ Youtube.com

അരങ്ങേറ്റക്കാരനായ രാജാ കറുപ്പസാമിയാണ് ചിത്രം സംവിധാനം ചെയ്തത്. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാജ ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു.. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായ നിതീഷായി വേഷമിട്ടതും രാജയാണ്. ഒ.ടി.ടി റിലീസിന് ശേഷം മലയാളികള്‍ക്കിടയിലും ചിത്രം ചര്‍ച്ചയായിരുന്നു. കോമഡി ഴോണറില്‍ ഒരുക്കിയ ചിത്രത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില അനാചാരങ്ങളെയും പുരുഷാധിപത്യത്തെയും വിമര്‍ശിച്ചിരുന്നു.

ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിലേക്ക് അനിഷ്മ അനില്‍ കുമാറിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് രാജാ കറുപ്പസ്വാമി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന് വേണ്ടി ഓഡിഷന്‍ ചെയ്തപ്പോള്‍ തന്നെ അനിഷ്മയാണ് തന്റെ ചിത്രത്തിലെ മുത്തുശെല്‍വിയെന്ന് ഉറപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘ഒരു തമിഴ് നടിയെ തന്നെ എന്തുകൊണ്ട് കാസ്റ്റ് ചെയതില്ലെന്ന് ചോദിച്ച് വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടായിരുന്നു. മാത്രമല്ല ഒരു തമിഴ് സംസാരിക്കുന്ന നടിയെ തന്നെ കാസ്റ്റ് ചെയ്യണമെന്ന് ഞാനും വിചാരിച്ചിരുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് അങ്ങനെ ഒരാളെ കിട്ടാതായപ്പോള്‍ പടത്തിലെ ഒരു മാനേജറാണ് അനിഷ്മയുടെ കാര്യം പറയുന്നത്. സിറൈയുടെ പ്രിവ്യൂ പാര്‍ട്ട് വന്നത് ആ സമയത്തായിരുന്നു. അതിന് മുമ്പ് തന്നെ ഞാന്‍ അനിഷ്മയുടെ മരണമാസെല്ലാം കണ്ടിരുന്നു.

ബജറ്റ് കാരണം ചെയ്യുമോ എന്നറിയാത്തത് കൊണ്ട് വേണ്ടെന്ന് ഞാനാദ്യം പറഞ്ഞു. നീ ഒന്ന് ഓഡിഷന്‍ ചെയ്ത് നോക്കെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് അനിഷ്മയോട് വരാന്‍ പറഞ്ഞു. കൊളാബില്‍ ഒരു സാരിയെല്ലാം ആയിട്ടാണ് വന്നത്. നരേഷനെല്ലാം ഞാന്‍ പറഞ്ഞുകൊടുത്തു. അനിഷ്മ അത് നന്നായി കേട്ടു. എല്ലാവരും സൂപ്പറായാണ് ചെയ്തതെങ്കിലും അനിഷ്മ അവരെക്കാളെല്ലാം നന്നായി ചെയ്തിരുന്നു.

അനിഷ്മ. Photo: X.com

ബാത്‌റൂമില്‍ വെച്ച് നിന്റെ അടുത്ത് ഞാന്‍ കാശോ പണമോ ചോദിച്ചോ എന്ന് നിതീഷിന്റെ അടുത്ത് ചോദിക്കുന്ന സീനായിരുന്നു ഓഡിഷനിലുണ്ടായിരുന്നത്. ബാത്‌റൂമിനുള്ളിലാണ് ഇരിക്കുന്നതെന്ന് മനസിലാക്കി കൊണ്ട് അവള്‍ ആദ്യം ഉറക്കെ സംസാരിച്ച് പിന്നെ ശബ്ദം കുറയ്ക്കും, ബ്ലാസ് ശരിയാക്കുന്നതും, തലയിലെ ഹെയര്‍ പിന്‍ എടുക്കുന്നതും എല്ലാം കൃത്യമായി ചെയതു. അതൊന്നും ഞങ്ങള്‍ പറഞ്ഞുകൊടുത്തിട്ടില്ല. അനിഷ്മ ഒറ്റയ്ക്കാണ് അത് ചെയ്തത്. പുറത്തുവന്ന് എന്റെ ടീമിനോട് ഞാനെന്റെ മുത്തുശെല്‍വിയെ കണ്ടുപിടിച്ചു, അവളെ കാസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു,’ രാജാ കറുപ്പസ്വാമി പറയുന്നു.

Content Highlight: Motha Rathri Raja Karuppa Swamy talks about casting Anishma Anilkumar in his film