ശ്രീലക്ഷ്മി: കാലടി സർവ്വകലാശാലയിലെ ഗവേഷണ പഠനത്തിലേക്ക് എത്തിപ്പെടാൻ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി എന്ന നിലയിൽ വലിയ പോരാട്ടങ്ങൾ താണ്ടിയിട്ടുണ്ടാകും. അങ്ങനെയൊരു പശ്ചാത്തലത്തിൽ, കഴിഞ്ഞ 62 ദിവസമായി ക്യാമ്പസിന് പുറത്തുനിൽക്കേണ്ടി വരുന്നത് വ്യക്തിപരമായും അക്കാദമികമായും താങ്കളെ എങ്ങനെയാണ് ബാധിച്ചത്?

ഋതിഷ ഋതു: ഒരു സമരവുമായി ബന്ധപ്പെട്ടാണ് കാലടിയിലെ വി.സിയുടെ ഒരു പ്രതികാര നടപടിയെന്നോണം 62 ദിവസമായിട്ട് സസ്പെൻഷനിൽ ആണ് ഞാൻ. ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുവന്നിട്ടാണ് പി.എച്ച്.ഡി എന്ന സ്വപ്ന സാഫല്യത്തിലേക്ക് ഞാൻ എത്തിയത്. ഇതിനുമുൻപ് പഠിച്ച സ്ഥലങ്ങളിലൊക്കെ തന്നെ പി.ജിയും യു.ജിയുമൊക്കെ പഠിച്ചിരുന്ന കാലത്ത് പി.എച്ച്.ഡി എടുക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.

ഋതിഷ ഋതു

അന്ന് മുതലേ വിദ്യാഭ്യസം ഒരു ആയുധമാക്കി കൊണ്ട് തന്നെ മുന്നോട്ട് പോകണം എന്നുള്ളതായിരുന്നു എനിക്കുണ്ടായിരുന്ന സ്വപ്നം. ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന ഒരുപാട് വെല്ലുവിളികൾ ഉണ്ട്. അതിൽ വിദ്യാഭ്യാസപരമായിട്ടുള്ള വെല്ലുവിളികൾ ആണ് ഏറ്റവും കൂടുതൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് പല സ്ഥലങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്നു. ജോലി സംബന്ധമായ പല കാര്യങ്ങളിലും ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിരുന്നു.

അന്ന് ഞാൻ എത്തിപ്പെടുന്നത് ശ്യാമ. എസ്.പ്രഭ എന്ന വ്യക്തിയുടെ അടുത്താണ്. അവരാണ് എന്നോട് പറയുന്നത് നമുക്ക് ഉള്ള ഒരു ആയുധം വിദ്യാഭ്യാസം ആണ്. അതുണ്ടെങ്കിൽ മാത്രമേ സമൂഹത്തിൽ ഒരു വിലയുണ്ടാകൂ. അന്നുമുതലാണ് ഞാൻ എന്റെ എഡ്യൂക്കേഷണൽ കരിയർ മെച്ചപ്പെടുത്തി മുന്നോട്ടുപോകുന്നതും പി.എച്ച്.ഡിയ്ക്ക് കാലടിയിൽ ജോയിൻ ചെയ്യുന്നതും. അതിനുശേഷം ജെ.ആർ.എഫ് എഴുതി എടുക്കുന്നു. ജെ.ആർ എഫ് കഴിഞ്ഞു ഫെലോഷിപ്പ് കിട്ടാൻ തന്നെ ഒരുപാട് കാലതാമസം എടുത്തു.

ജോയിൻ ചെയ്ത ഒന്നരവർഷത്തിനുശേഷമാണ് ജെ.ആർ.എഫ് കിട്ടുന്നത്. അതും ഹൈക്കോടതിയിൽ അടക്കം കേന്ദ്ര ഗവൺമെന്റിനെതിരെയും,യു.ജി.സിയ്ക്കും ,എൻ.ടി.എയ്ക്കെതിരെയും കേസ് കൊടുത്തിട്ടാണ് എനിക്ക് ഫെലോഷിപ്പ് കിട്ടി തുടങ്ങുന്നത്. അത് കിട്ടി തുടങ്ങി ഏതാനും മാസങ്ങൾക്കു ശേഷമാണ് ഈയൊരു സസ്പെൻഷനിലൂടെ നിയമപരമായി ഞാൻ നേടിയെടുത്തത് അവതാളത്തിലായിരിക്കുന്നത്.

സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സ്വന്തം വീടുമായിപോലും യാതൊരു ബന്ധവുമില്ലാത്ത, സാമ്പത്തികമായി സഹായിക്കാൻ മറ്റ് മാർഗങ്ങൾ ഒന്നുമില്ലാത്ത ഞങ്ങൾ സ്വന്തമായി വിദ്യാഭ്യാസത്തിലൂടെ ജോലി എടുത്ത് വരുമാനം കണ്ടെത്തുന്ന ആളുകളാണ്. ഞാൻ ട്രാൻസ് സമൂഹത്തിൽ നിന്നുമുള്ള ആദ്യത്തെ ഗവേഷകയാണ്. എനിക്ക് ശേഷം ആളുകൾ ഗവേഷണത്തിലേക്ക് വരുന്നുണ്ട്.

ഇവരെല്ലാം തന്നെ ഇത്തരത്തിൽ ഉള്ള പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ആ സാഹചര്യത്തിൽ കാലടി വി.സിയുടെ പ്രതികാര നടപടി വ്യക്തിപരമായി എന്നെ ഒരുപാട് വേട്ടയാടുന്നുണ്ട്. സ്വന്തമായി പോയി നിൽക്കാൻ ഒരു സ്ഥലം ഇല്ലാതെയുള്ള പ്രശ്‌നം ഞാൻ അനുഭവിക്കുന്നുണ്ട്. സമരം ചെയ്ത് വിദ്യാഭ്യാസം നേടിയെടുത്തവരുടെ പിന്മുറക്കാരാണ് നമ്മൾ. ആ വിദ്യാഭ്യാസത്തിനു വേണ്ടി സമരം ചെയ്തവരുടെ വിദ്യാഭ്യാസത്തെ നിഷേധിക്കുകയാണ് കാലടി വി.സി.

 

ശ്രീലക്ഷ്മി: സർവ്വകലാശാലയിൽ അന്ന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? വി.സിയുടെ പ്രതീകാത്മക ശവമഞ്ചം ഒരുക്കി എന്ന് തന്നെയാണ് ഇപ്പോഴും ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കം പറയുന്നത്. എന്തായിരുന്നു ആ പ്രതിഷേധത്തിന്റെ യഥാർത്ഥ ഉള്ളടക്കം?

ഋതിഷ ഋതു: കാലടിയിൽ എസ്.എഫ്.ഐ സമരങ്ങൾ ചെയ്യാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി. അതിപ്പോൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തായാലും എസ്.എഫ്.ഐ അവിടെ സമരം നടത്തിയിട്ടുണ്ട്, ഇപ്പോൾ വീണ്ടും വന്നിരിക്കുന്ന സർക്കാരിന്റെ കാലത്തായാലും സമരം നടത്തുന്നുണ്ട്. ഇതെല്ലാം തന്നെ വിദ്യാർത്ഥികൾക്ക് വേണ്ടിയിട്ടാണ് എന്നുള്ളൊരു ബോധ്യം പോലും ഇല്ലാത്ത ഭരണകൂടമാണ് ശരിക്കും ഇപ്പൊ അവിടെ നിലവിൽ ഇരിക്കുന്നത്.

പതിനെട്ടോളം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നമ്മൾ അവിടുത്തെ സമരം ചെയ്തത്. അതിനകത്ത് ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള കാര്യങ്ങളാണ് നമ്മൾ ചോദിക്കുന്നത്. കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥ—കഴിഞ്ഞ കാലങ്ങളിലാണെങ്കിൽ ഒരു സബ്മിഷൻ കൊടുക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ ഫിൽട്ടർ ഒക്കെ മാറ്റിവെക്കാൻ. ഇതിപ്പോ കുടിക്കാനുള്ള വെള്ളത്തിന് വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയാണ് കാലടി സർവകലാശാലയിലുള്ളത്. കൂത്താടികൾ നിറഞ്ഞ ഫിൽട്ടറിൽ നിന്ന് വരുന്ന വെള്ളം കുടിക്കേണ്ട ഒരു അവസ്ഥയാണ് കാലടിയിലുള്ളത്.

അടിസ്ഥാനസൗകര്യ പ്രശ്നം ഉയർത്തി വിദ്യാർത്ഥികൾ സമരത്തിൽ

അത്തരത്തിലുള്ള ഫിൽട്ടർ നന്നാക്കാനുള്ള കാര്യങ്ങൾ, ഡാൻസ് കളിക്കുന്ന കുട്ടികൾക്ക് അവരുടെ ഫ്ലോർ നന്നാക്കാത്തത്, ആണികൾ കുത്തിക്കേറുന്ന അവസ്ഥയാണ് കാലടിയിലെ ഡാൻസ് വിഭാഗത്തിലുള്ളത്. അതുപോലെ തന്നെ തിയേറ്റർ ഡിപ്പാർട്ട്മെന്റിലെ ലൈറ്റ്. നമ്മൾ അന്ന് അവരോട് സഹകരിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു നാടകം ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു, അവർ നാഷണൽ കലോത്സവത്തിൽ പോയി ഫസ്റ്റ് അടിച്ച നാടകത്തിന്റെ ഒരു സംവിധായകനുണ്ട് അവിടെ, ശിവകുമാർ. അദ്ദേഹം ആവിഷ്കരിച്ച ഒരു നാടകമാണ് ‘ലൈറ്റ് മരിച്ചേ’ എന്നത്. നമുക്ക് വ്യക്തമായിട്ടറിയാം ആ കയ്യിലെടുത്തുകൊണ്ട് വരുന്നത് അവിടുത്തെ സ്പോട്ട് ലൈറ്റ് ആണെന്നുള്ളത് വ്യക്തമായിട്ട് കാണാം.

അവിടെ പണ്ഡിറ്റ് കറുപ്പന്റെ ഒരു ഗീതമിട്ടുകൊണ്ടാണ് അവർ അതെടുത്തുകൊണ്ട് വരുന്നത്. അതിനെ വളച്ചൊടിച്ച് അവിടുത്തെ പി.ആർ.ഒ, വി.സിയുടെ ശവമഞ്ചം ഒരുക്കി എന്നൊക്കെ പറഞ്ഞ് വളരെ തെറ്റിദ്ധാരണയോടുകൂടി ഒരു വ്യാജപ്രചരണത്തോട് പ്രചരിപ്പിക്കുകയായിരുന്നു ചെയ്തത്.

അതിനെയെല്ലാം തന്നെ ആദ്യം തന്നെ ഒരു ഫാക്ട് ചെക്ക് പോലും ചെയ്യാതെ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആണെങ്കിലും, അതുപോലെ ആഭ്യന്തര മന്ത്രി ആയാലും അത് ഏറ്റുപിടിച്ച് ഒരു സംഘപരിവാറുകാരിയുടെ അജണ്ട ഏതു രീതിയിലാണ് നടപ്പാക്കേണ്ടത് ആ രീതിയിൽ തന്നെ അതിനെ നടപ്പാക്കിക്കൊണ്ട് മുന്നോട്ടു പോവുകയായിരുന്നു. എനിക്ക് തോന്നുന്നു അവർക്കിനി അത് മാറ്റി പറയാനുള്ള ഒരു ബുദ്ധിമുട്ടുണ്ടായിരിക്കും, വീണ്ടും ഈ അപരിഷ്കൃതം എന്നുള്ള നിലപാടിൽ തന്നെ നിൽക്കുന്നത്.

ശ്രീലക്ഷ്മി: സസ്പെൻഷനിലായ എം.എസ്. ശിവകുമാർ എന്ന വിദ്യാർത്ഥി പങ്കുവെച്ച കുറിപ്പിൽ, കർഷകത്തൊഴിലാളി കുടുംബത്തിലെ കഷ്ടപ്പാടുകളോടും തലമുറകളായി അനുഭവിച്ച അപകർഷതകളോടും പോരാടിയാണ് വിദ്യാഭ്യാസം നേടിയതെന്ന് വ്യക്തമാക്കുന്നുണ്ട്. താങ്കളടക്കം പുറത്തുനിൽക്കുന്ന ഈ 16 വിദ്യാർത്ഥികളുടെ സാമൂഹികവും അക്കാദമികവുമായ പശ്ചാത്തലം എന്താണ്? അതായത് പഠിക്കാൻ കഴിവുള്ള മിടുക്കരായിട്ടുള്ള, അവാർഡ് പോലും ലഭിച്ച നാടകം വിദ്യാർത്ഥികൾ മുൻപ് അവതരിപ്പിച്ചിട്ടുണ്ട് അല്ലെ?

 

ഋതിഷ ഋതു: കാലടി സർവ്വകലാശാലയെ സംബന്ധിച്ചിടത്തോളം അവിടെ പഠിക്കാൻ വരുന്ന എല്ലാ വിദ്യാർത്ഥികളും, ഒരു 90 ശതമാനം വിദ്യാർത്ഥികളും സാമൂഹികമായി ഒരുപാട് പിന്നിൽ നിൽക്കുന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന ആളുകളാണ്. അവിടെ വന്നിട്ട് അവിടുന്ന് പാർട്ട് ടൈം ജോലിക്ക് പോയി പൈസ സമ്പാദിച്ച് പഠിക്കുന്ന ഒരുപാട് വിദ്യാർത്ഥികൾ ഉണ്ടവിടെ.

ഈ 16 വിദ്യാർത്ഥികൾ മാത്രമല്ല, അവിടെ പഠിക്കുന്ന ഒട്ടുമിക്ക വിദ്യാർത്ഥികളും അത്തരത്തിൽ ബുദ്ധിമുട്ടനുഭവിച്ചുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നും വന്ന് പഠിക്കുന്ന വിദ്യാർത്ഥികൾ തന്നെയാണ് ഉള്ളത്. ഹോസ്റ്റൽ പരമായിട്ടുള്ള ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പുറത്തുപോയി നിൽക്കാൻ പറ്റാതെ ഹോസ്റ്റലിൽ തന്നെ കഴിയുന്ന ഒരുപാട് വിദ്യാർത്ഥികളുണ്ട്.

വളരെ പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് ഹോസ്റ്റലിൽ നിന്നും പഠിച്ച്, അവിടുന്ന് പാർട്ട് ടൈം ജോലിക്ക് പോയി പൈസ സമ്പാദിച്ച് പഠിക്കുന്ന കുട്ടികളാണ് ഒട്ടുമിക്ക ആൾക്കാരും അവിടെയുള്ളത്.

ഇവരൊക്കെ തന്നെ വളരെ അക്കാദമിക് ലെവലിൽ ഉയർന്നു നിൽക്കുന്ന ആളുകളൊക്കെ തന്നെയാണ്. ശിവകുമാർ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരുപാട് നാടകത്തിന് സംവിധാനം ചെയ്ത് അതിനൊക്കെത്തന്നെ അവാർഡ് ലഭിച്ച വ്യക്തിയാണ്. ഈ നാടകം കളിച്ച ആളുകളെ ‘അപരിഷ്കൃതർ’ എന്ന് വിളിച്ച മന്ത്രിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിയതാണ് ശിവകുമാർ.

കഴിഞ്ഞ ലൈബ്രറി കൗൺസിലിന്റെ നാടകത്തിന്റെ അവാർഡ് ശിവകുമാറിനായിരുന്നു. നാഷണൽ ലെവലിൽ ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ പോയി നിരവധി യൂണിവേഴ്സിറ്റികളുടെ ഇടയിൽ നിന്ന് നാടകത്തിന് ഫസ്റ്റ് വാങ്ങിയെടുത്ത നാടകത്തിന്റെ പശ്ചാത്തലമുള്ള ഒരു സർവ്വകലാശാലയാണ് കാലടി. ഒരുപാട് അറിയപ്പെടുന്ന സിനിമാതാരങ്ങൾ വന്നിട്ടുള്ള, സാമൂഹ്യപ്രവർത്തകർ വന്നിട്ടുള്ള, അത്രത്തോളം അധ്യാപക സമൂഹമുള്ള ഒരു സർവ്വകലാശാലയാണ് കാലടി. അവിടെത്തന്നെ അവിടുത്തെ വിദ്യാർത്ഥികളെ നിരന്തരം ഇത്തരത്തിൽ വേട്ടയാടുന്ന, അവർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നു എന്ന് പറയുന്നതും, അടിസ്ഥാനപരമായിട്ടുള്ള ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നവരെ ഇത്തരത്തിൽ എന്തിനാണ് അവഹേളിക്കുന്നത് എന്നുള്ളതാണ്.

മന്ത്രി റോജി എം ജോൺ എൻ.എസ്.യുവിന്റെ ദേശീയ പ്രസിഡന്റ് ആയിരിക്കെ എത്രത്തോളം സമരങ്ങൾ ചെയ്തിട്ടുണ്ട്? ആ സമരങ്ങളൊക്കെ അപരിഷ്കൃതമായിരുന്നോ? നമുക്കറിയാം 2013-ൽ വിദ്യാഭ്യാസ ഡയറക്ടറുടെ മുഖത്ത് കരിഓയിൽ ഒഴിച്ചത് എൻ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ്, അന്നത്തെ ദേശീയ പ്രസിഡന്റ റോജി എം ജോൺ ആണ്. അന്നൊന്നും ഇവർക്ക് ഇതൊന്നും അപരിഷ്കൃതമല്ലായിരുന്നോ?

ശ്രീലക്ഷ്മി: വിദ്യാർത്ഥികൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് പകരം, ഉന്നത വിദ്യാഭ്യാസ മന്ത്രി പോലും ഈ പ്രതിഷേധത്തെ അപരിഷ്കൃതം എന്ന് വിശേഷിപ്പിക്കുകയാണ് ചെയ്തത്. ഭരണകൂടത്തിന്റെ ഈ സമീപനത്തോട് എന്താണ് പ്രതികരണം?

ഋതിഷ ഋതു: ഈ ഭരണകൂടം വന്ന സമയം തൊട്ടുതന്നെ സംഘപരിവാറിന് ഏറ്റവും അനുകൂലമായിട്ടുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുകയാണ്. സംഘപരിവാർ ഏതുരീതിയിലൊക്കെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നുവോ അതിനെല്ലാം തന്നെ കുടപിടിക്കുന്ന ഒത്താശ ചെയ്യുന്ന രീതിയിലേക്കാണ് മുഖ്യമന്ത്രി അടക്കം, ഉന്നത വിദ്യാഭ്യാസ മന്ത്രി അടക്കം വന്നിട്ടുള്ളത്.

നമുക്കറിയാം ഇന്നലെ റോജി എം ജോണിനെ മഹാരാജാസിൽ എസ്.എഫ്.ഐ ചോദ്യം ചെയ്ത സമയത്ത്, ഒരു മന്ത്രിയെ വഴിയിൽ ഇറക്കിവിട്ട്, യുവമോർച്ച പ്രവർത്തകർ മന്ത്രിയെ വഴിയിൽ ഇറക്കിവിട്ട് ആ മന്ത്രിയെ റോഡിലൂടെ നടത്തിച്ചതിനെ കുറിച്ച് ഒരു വാക്ക്, ഒരു രണ്ടു സെന്റൻസ് ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാത്ത ആളുകളൊക്കെ തന്നെയാണ് ഇത്തരത്തിലുള്ളൊരു വിദ്യാഭ്യാസത്തെ ചോദ്യം ചെയ്യുന്നതിനും ആ വിദ്യാർത്ഥികൾക്ക് എതിരെ നടപടിയെടുക്കണം എന്ന് പറയുന്ന ആളുകളുമുണ്ട്. ഇവരുടെ ഇരട്ടത്താപ്പുകളാണ് നമുക്ക് മനസ്സിലാകുന്നത് ഇതിനകത്ത്.

സംഘപരിവാറിന് വേണ്ടി കുടപിടിക്കുകയും, എസ്.എഫ്.ഐ സമരം ചെയ്യുമ്പോൾ അതിനെതിരെ എതിർക്കുകയും ചെയ്യുന്നത് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ ഒരു ഇരട്ടത്താപ്പാണ്. ഡോക്ടർ മാവൂത്ത് എം.ജി യൂണിവേഴ്സിറ്റി വന്നതും, കാലിക്കറ്റ് സർവ്വകലാശാലയിലെ അക്കാദമിക് കൗൺസിലിലേക്കും ബോർഡ് ഓഫ് സ്റ്റഡീസിലേക്കും 32 പേരെ ആർ.എസ്.എസുകാരെ നോമിനേറ്റ് ചെയ്യുന്നതും, എം.ജി യൂണിവേഴ്സിറ്റി സെനറ്റിലേക്ക് ആർഎസ്എസുകാരെ കൊണ്ടുവന്നതും, കാലടി സർവ്വകലാശാലയിലെ വി.സിയായിട്ട് സിസാ തോമസിനെ ഗവർണർ നിയമിച്ചപ്പോഴൊക്കെത്തന്നെ വായ മൂടിക്കെട്ടി ഇരിക്കുകയായിരുന്നു റോജി എം ജോൺ. ഒരു രീതിയിൽ ഒരു പ്രസ്താവന കൊണ്ട് പോലും അതിനെ തള്ളിപ്പറയാൻ ഇവർക്ക് സാധിക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയൊരു കഷ്ടം.

ശ്രീലക്ഷ്മി: സംഭവവുമായി ബന്ധപ്പെട്ട ആദ്യ എഫ്.ഐ.ആറിലും പിന്നീട് വന്ന റിപ്പോർട്ടുകളിലും വലിയ വൈരുദ്ധ്യങ്ങളുണ്ട്. വി.സിയെ ആക്രമിച്ചതായി പോലും പിന്നീട് ആരോപിക്കപ്പെട്ടു. ഇതിന് തെളിവുകളില്ലെന്ന് അധ്യാപക സമിതിയുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുമ്പോഴും ഈ ആരോപണങ്ങൾ നിലനിൽക്കുന്നതിനെ എങ്ങനെ കാണുന്നു?

ഋതിഷ ഋതു: അത്തരത്തിൽ അവിടെ വി.സിയുമായി ബന്ധപ്പെട്ട് ഒരു രീതിയിലും അവരെ വ്യക്തിപരമായി ആക്രമിക്കാനോ അവരെ ഉപദ്രവിക്കാനോ അവിടെയുള്ള പ്രവർത്തകർ ആരും തന്നെ ശ്രമിച്ചിട്ടില്ല. സിൻഡിക്കേറ്റ് ഹാളിലേക്ക് പോലും കടക്കാൻ സാധിക്കാതെ നമ്മളെ ഗ്രില്ലിട്ട് പൂട്ടി താഴെയായിരുന്നു നമ്മൾ ഇരുന്നിരുന്നത്.

നമുക്ക് അങ്ങോട്ട് കേറിപ്പോകാൻ സാധിക്കാതെ പത്തിരുന്നൂറ്‌ പൊലീസുകാരുടെ അകമ്പടിയോടുകൂടിത്തന്നെ സിസാ തോമസ് ആ സർവ്വകലാശാല കവാടം കടന്നു പുറത്തുപോയത്. അവരെ ഒരു മുള്ളുകൊണ്ട് പോലും ആരും നോവിച്ചിട്ടില്ല. അവരൊരു അധ്യാപികയാണ്, അവരെന്തിനാണ് ഇത്തരത്തിലുള്ള കള്ളത്തരങ്ങൾ വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് എന്നുള്ളതാണ് നമുക്ക് അറിയാത്തത്.

പൊലീസ് എടുത്ത കേസിനകത്ത് ഗവൺമെന്റ് ഉദ്യോഗസ്ഥരെ തടഞ്ഞു എന്നുള്ളതും അല്ലാതെ വേറൊരു രീതിയിലുള്ള സാധനങ്ങൾ ഒന്നും ആ എഫ്.ഐ.ആറിനകത്ത് വന്നിട്ടില്ല. ഗവർണർ ഇടപെട്ടതിനു ശേഷമാണ് സിസാ തോമസ് ഈ പരാതി കൊടുക്കുകയും, അതിനകത്ത് തന്നെ ഉപദ്രവിച്ചു എന്നും പറഞ്ഞിട്ടാണ് അവർ ആ കേസ് കൊടുത്തിട്ടുള്ളത്. ഇതൊന്നും തന്നെ സർവ്വകലാശാല സിൻഡിക്കേറ്റ് വെച്ചിട്ടുള്ള അന്വേഷണസമിതി കണ്ടെത്തിയതിനെ തുടർന്ന് ഇത്തരത്തിലുള്ള ഒരു കാര്യങ്ങളും നടന്നിട്ടില്ല എന്നുള്ളത് ആ അന്വേഷണസമിതി റിപ്പോർട്ട് പുറത്തുവന്നപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി.

ഇതേ സിൻഡിക്കേറ്റ്, റോജി എം ജോണിന്റെ സിൻഡിക്കേറ്റ് നടത്തിയിട്ടുള്ള അന്വേഷണത്തിനകത്താണ് ഈ വിദ്യാർത്ഥികൾ ആരും തന്നെ വി.സിയെ ഉപദ്രവിച്ചിട്ടില്ല എന്നുള്ള കാര്യം പുറത്തുവന്നത്. പിന്നെ ഇപ്പോഴും എന്തിനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആയാലും സിസാ തോമസ് ആയാലും ഈ കള്ളത്തരത്തിനകത്ത് ഉറച്ചുനിൽക്കുന്നത് എന്ന് നമുക്ക് മനസ്സിലാകുന്നില്ല.

ശ്രീലക്ഷ്മി: ഒക്ടോബർ 31-നകം പരീക്ഷാ രജിസ്ട്രേഷൻ സൗകര്യമൊരുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിട്ടും സർവ്വകലാശാല പോർട്ടൽ തുറന്നില്ല. കോടതി വിധി പോലും കാറ്റിൽപ്പറത്തി തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകാനാണ് വി.സിയുടെ തീരുമാനം. ഈ നടപടിയെ എങ്ങനെ വിലയിരുത്തുന്നു? ഈ നടപടിയ്‌ക്കെതിരായി കോടതിയെ സമീപിക്കാൻ ഉള്ള നീക്കത്തിലാണോ വിദ്യാർത്ഥികളും?

ഋതിഷ ഋതു: ഒക്ടോബർ 30-നാണ് ഹൈക്കോടതിയെ സമീപിച്ച് നമുക്ക് നാലാം തീയതി എക്സാം എഴുതാനുള്ള അനുവാദം കോടതി നൽകിയത്. അപ്പൊ അത് ഇന്നലെത്തന്നെ അതിന്റെ പോർട്ടൽ തുറന്നു കൊടുക്കുകയും, അവർക്ക് ഫീസ് അടയ്ക്കാനുള്ളതും എക്സാം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം സർവ്വകലാശാല ഒരുക്കണമെന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടത്.

പക്ഷെ ഇന്നലെ അഞ്ചുമണി വരെ ആ ഓഫീസ് അടയ്ക്കുന്നത് വരെ ഞങ്ങൾ സർവ്വകലാശാല കവാടത്തിന് പുറത്തു കാത്തുനിൽക്കുകയും, ഇത് തുറന്നു നൽകാൻ സാധിക്കില്ല എന്നുള്ളത് അവിടുത്തെ രജിസ്ട്രാർ അടക്കം നമ്മളോട് പറഞ്ഞു. ഹൈക്കോടതി വിധിയെപ്പോലും മാനിക്കാതെ, ഹൈക്കോടതി വിധിക്ക് ഒരു പുല്ലുവില പോലും കൽപ്പിക്കാതെയാണ് സിസാ തോമസും സർവ്വകലാശാല ഭരണകൂടവും ചെയ്യുന്നത്. ഏതു രീതിയിലാണ് വിദ്യാർത്ഥികളെ ഇവർ കാണുന്നത്? പരീക്ഷ എഴുതാനുള്ളൊരു അനുവാദം കോടതി നൽകിയിട്ട് അതിനെതിരെ, പരീക്ഷ എഴുതിക്കാതിരിക്കാനുള്ള ആവശ്യത്തിനായി കോടതിയിൽ പോകുന്ന ഒരു സർവ്വകലാശാല വി.സിയെ നമ്മൾ ആദ്യമായിട്ടായിരിക്കും കാണുന്നത്.

കാലടി സർവകലാശാല വി.സി സിസ തോമസ്

കേരളത്തിന്റെ ചരിത്രത്തിൽ ഇത്തരത്തിലുള്ള ഒരു നീക്കമൊന്നും ആരും കണ്ടിട്ടുണ്ടാവില്ല. വിദ്യാഭ്യാസത്തിന്റെ അവകാശ ലംഘനമാണ് ഇവിടെ നടക്കുന്നത്. ഒരു അധ്യാപികയായിട്ടിരിക്കെത്തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതുകൂടി ആ അധ്യാപന രീതിയെത്തന്നെ മാറ്റുന്ന ഒരു രീതിയിലേക്കാണ് സിസാ തോമസ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്.

ശ്രീലക്ഷ്മി: മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടന്ന പ്രതിഷേധവും, അതിനെത്തുടർന്ന് മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർത്ഥിക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്ന സാഹചര്യവും ഉണ്ടായി. ആ വിഷയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഋതിഷ ഋതു: എല്ലാക്കാലത്തും ഈ വലതുപക്ഷ മാധ്യമങ്ങൾ ആയാലും വലതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന ആളുകളൊക്കെത്തന്നെ ആയാലും സ്ത്രീകൾക്കെതിരെ ആയാലും പെൺകുട്ടികൾക്കെതിരെ ആയാലുള്ള ഒരു സൈബർ ആക്രമണം ഭയങ്കര വലുതാണ്. അവർക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ, പ്രത്യേകിച്ച് സ്ത്രീകളോ പെൺകുട്ടികളോ ഒക്കെ സംസാരിച്ചുകഴിഞ്ഞാൽ അവരെ വളരെയധികം നാണം കെടുത്തുന്ന രീതിയിലേക്ക്, സമൂഹമാധ്യമങ്ങളിൽ കൊണ്ടിട്ട് അവഹേളിക്കുന്ന രീതിയിലേക്ക് കൊണ്ടുവരുന്ന ഒരു പ്രവണത നമ്മൾ കാണുന്നുണ്ട്. കോൺഗ്രസിന്റെ ആയാലും ലീഗിന്റെ ഒക്കെത്തന്നെ ആയാലും ഈ ഫേക്ക് ഐഡികളിൽ നിന്നും വരുന്ന ഭാഷകൾ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഷകളിൽ നിന്നുള്ള പ്രതികരണങ്ങളാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.

മഹാരാജാസിലെ വിദ്യാർത്ഥി കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനെക്കുറിച്ച് മന്ത്രിയോട് ചോദ്യം ചോദിച്ചപ്പോൾ

ഈ പതിനാറോളം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു, അതിനകത്തൊന്നും ആരും മിണ്ടുന്നില്ല. പക്ഷേ റോജി എം ജോൺ വന്നൊരു സ്ഥലത്ത് ഒരു പെൺകുട്ടി കേറി നിന്ന് ചോദിച്ചപ്പോൾ അതിന് അവർക്ക് വലിയൊരു ഈഗോ ഹെർട്ടായി. 16 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏതുവഴിക്കും പോട്ടെ, കുഴപ്പമില്ല. പക്ഷേ അവിടെ നടന്ന ചടങ്ങിനകത്ത് ഒരു പെൺകുട്ടി കേറി മന്ത്രിയെ ചോദ്യം ചെയ്തതാണ് ഇപ്പൊ എല്ലാവർക്കും വലിയൊരു പ്രശ്നമായി തോന്നുന്നത്.

ഈ പുരുഷമേധാവിത്വം നിറഞ്ഞുനിൽക്കുന്ന ഈ സമൂഹത്തിൽ ഒരു പെൺകുട്ടി ഒരു പുരുഷനോട് ചോദ്യം നിവർന്നുനിന്ന് ചോദിക്കുന്നതിന്റെ ഒരു പ്രശ്നമാണ് ഇവരൊക്കെ കാണുന്നത്. അത്തരത്തിൽ ചോദിക്കരുത് എന്നുള്ള രീതിയിലേക്കാണ് ഇവരൊക്കെ ഇതിനെ കാണുന്നത്. അതാണ് ഇതിനകത്ത് ഏറ്റവും വലിയൊരു വലതുപക്ഷത്തിന്റെ ഒരു അജണ്ടയാണ് ഈ സൈബർ ആക്രമണം എന്ന് പറയുന്നത്.

Content Highlight:Minister Roji John is repeating the lie told by a Sangh Parivar supporter.