താനെ: സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.എഫ്.ഐ) നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന്, മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ അടച്ചുപൂട്ടിയ 57 മറാത്തി മീഡിയം സർക്കാർ സ്കൂളുകളിലെ 9, 10 ക്ലാസുകൾ പുനസ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു.
സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനൊപ്പം 171 സെക്കൻഡറി അധ്യാപക തസ്തികകൾ അനുവദിക്കാനും ബി.ജെ.പി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. ഇതോടെ ആദിവാസി, ഗ്രാമീണ മേഖലകളിൽ നിന്നുള്ള 6,500-ഓളം വിദ്യാർത്ഥികളുടെ അധ്യയന പ്രതിസന്ധിക്ക് പരിഹാരമായി.
ഫണ്ട് പ്രതിസന്ധിയും ഔദ്യോഗിക അംഗീകാരമില്ലായ്മയും ചൂണ്ടിക്കാട്ടി കഴിഞ്ഞ മെയ് മാസത്തിലാണ് പാൽഘർ ജില്ലാ പരിഷത്ത് ഈ ക്ലാസുകൾ നിർത്തലാക്കിയത്. ഇതിനെതിരെ എസ്.എഫ്.ഐ നേതൃത്വത്തിൽ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അണിനിരത്തി നടത്തിയ ‘സ്കൂൾ ബച്ചാവോ’ പ്രക്ഷോഭവും ജില്ലാ പരിഷത്ത് ഓഫീസിലേക്ക് നടത്തിയ ശക്തമായ ഉപരോധവുമാണ് സർക്കാരിനെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചത്.
പുതിയ ഉത്തരവ് പ്രകാരം പവിത്ര പോർട്ടൽ വഴി നിശ്ചിത സമയപരിധിക്കുള്ളിൽ അധ്യാപക നിയമനം പൂർത്തിയാക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
സംസ്ഥാനത്തുടനീളം സർക്കാർ സ്കൂളുകൾ സംരക്ഷിക്കുന്നതിനായി എസ്.എഫ്.ഐ നടത്തുന്ന ഇടപെടലുകളുടെ തുടർച്ചയായാണ് ഈ വിജയം. നേരത്തെ ബീഡ് ജില്ലയിലും സ്കൂളുകൾ പൂട്ടുന്നതിനെതിരെയും അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ടും സംഘടന നടത്തിയ സമരങ്ങൾ വിജയം കണ്ടിരുന്നു.
കൂടാതെ ഹോസ്റ്റൽ പ്രവേശനത്തിനുള്ള പ്രായപരിധി, മെസ്സ് സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട് ആദിവാസി വിദ്യാർത്ഥികൾ നടത്തിയ 17 ദിവസം നീണ്ട നിരാഹാര സമരവും ഒടുവിൽ സർക്കാരുമായുള്ള ചർച്ചയിൽ ഒത്തുതീർപ്പിലെത്തി. ആവശ്യങ്ങൾ പൂർണമായി നടപ്പിലാക്കും വരെ പ്രക്ഷോഭം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Content Highlight:‘School Bachao’ campaign succeeds; 57 schools reinstated in Maharashtra, bringing relief to 6,500 students.
