സന്‍ആ: യമനില്‍ ഓഗസ്റ്റ് മാസത്തില്‍ ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്ന് കുറഞ്ഞത് 2,90,000 ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നതായി ഐക്യരാഷ്ട്രസഭയുടെ മാനുഷിക ഏകോപന ഓഫീസ് (ഒ.സി.എച്ച്.എ) അറിയിച്ചു. യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്യേണ്ടി വരുന്ന സാഹചര്യം ഗര്‍ഭിണികള്‍ക്ക് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഒ.സി.എച്ച്.എ പ്രസ്താവനയില്‍ പറഞ്ഞു.

യെമനിലെ സൗദി പിന്തുണയുള്ള, അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സേനയും ഹൂത്തി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. തെസ് ഗവര്‍ണറേറ്റിലും തീരപ്രദേശങ്ങളിലും സംഘര്‍ഷം കൂടുതല്‍ രൂക്ഷമാണ്. ആയിരക്കണക്കിന് ആളുകള്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

യമനിലെ 65,000 അഭയാര്‍ത്ഥികകള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒ.സി.എച്ച്.എ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അഭയാര്‍ത്ഥികള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാവാതിരിക്കുന്നുണ്ട്. ഭക്ഷണത്തിനും ഇന്ധനത്തിനും വില കുതിച്ചുയരുന്നതും ഇവരുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു.

യെമനില്‍ യുദ്ധം കാരണം വീടുകളുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നവരില്‍ 6100 ഗര്‍ഭിണികളും ഉള്‍പ്പെടുന്നതായി യു.എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി. ഈ ഗര്‍ഭിണികളില്‍ 600 പേര്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രസവിക്കാന്‍ സാധ്യതയുള്ളവരാണെന്നും ഒ.സി.എച്ച്.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പലായനം ചെയ്തവര്‍ കഴിയുന്ന സ്ഥലങ്ങളിലേക്ക് മൊബൈല്‍ ആരോഗ്യ സംവിധാനങ്ങളോട് കൂടിയ സംഘങ്ങളെയും പ്രസവ ശുശ്രൂഷകരെയും അയച്ചതായും ഒ.സി.എച്ച്.എ അറിയിച്ചു. സഹായ സംഘടനകള്‍ക്ക് ഏകദേശം 2,49,000 ആളുകള്‍ക്ക്ഭക്ഷണം, ശുചിത്വ വസ്തുക്കള്‍, അടിയന്തര ധനസഹായം എന്നിവ എത്തിച്ചുനല്‍കാന്‍ സാധിച്ചുവെന്നും യു.എന്‍ ഏജന്‍സി വ്യക്തമാക്കി.

Content Highlight: New Yemen fighting displaces 290,000, says UN, with pregnant women at risk