ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡ് രണ്ട് ഓവര്‍ ബാക്കി നില്‍ക്കേ മറികടന്നു. അവസാന രണ്ട് മത്സരത്തില്‍ വിജയിച്ചെങ്കിലും 3-2 ന് പരമ്പര ഇന്ത്യ സ്വന്തമാക്കി.

50 പന്തില്‍ 93 റണ്‍സെടുത്ത ടിം സീഫര്‍ട്ടും 38 പന്തില്‍ 65 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സുമാണ് ന്യൂസിലാന്‍ഡിന് അനായാസ വിജയം നേടിക്കൊടുത്തത്.

ഹാമില്‍ടണില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മാന്യമായ ടോട്ടല്‍ നേടിയത്. ഇഷാന്‍ 32 പന്തുകളില്‍ നിന്നും 61 റണ്‍സ് നേടിയാണ് തിളങ്ങിയത്. അഞ്ച് വീതം ഫോറുകളും സിക്‌സുകളുമാണ് വിക്കറ്റ് കീപ്പറുടെ ബാറ്റില്‍ നിന്നും പിറന്നത്.

മൂന്ന് ഫോറുകളും നാല് സിക്‌സുകളും അടക്കം 23 പന്തില്‍ 50 റണ്‍സാണ് ക്യാപ്റ്റന്‍ അയ്യര്‍ നേടിയത്. നമന്‍ ധിര്‍ 23 പന്തില്‍ 33 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 17 പന്തില്‍ 22 റണ്‍സും നേടി.

മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയേയും സഞ്ജു സാംസനെയും തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. അഭിഷേക് രണ്ട് പന്തില്‍ ഒരു റണ്‍സ് നേടി മടങ്ങിയപ്പോള്‍ സഞ്ജു 10 പന്തില്‍ നാല് റണ്‍സ് നേടി പുറത്തായി.

ന്യൂസിലാന്‍ഡിന് വേണ്ടി ആദം മില്‍നെ നാല് വിക്കറ്റ് നേടി. നഥാന്‍ സ്മിത്തും ബ്ലെയര്‍ ടിക്‌നറും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലനെ നഷ്ടപ്പെട്ടു. രണ്ടാമത്തെ ഓവറില്‍ അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യയക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്.

വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ടിം സീഫര്‍ട്ടും ഡാരില്‍ മിച്ചലും ചേര്‍ന്ന് ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒമ്പതാം ഓവറില്‍ ഡാരില്‍ മിച്ചല്‍ പുറത്താകുമ്പോഴേക്കും സ്‌കോര്‍ 93ല്‍ എത്തിയിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ച് സീഫര്‍ട്ട് ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ ഉയര്‍ത്തി. 50 പന്തില്‍ നിന്നും 93 റണ്‍സെടുത്ത ടിം സീഫര്‍ട്ടിനെ നിതീഷ് കുമാര്‍ റെഡ്ഡി 16ാം ഓവറില്‍ പുറത്താക്കി. 11 ഫോറും അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സീഫര്‍ട്ടിന്റെ ഇന്നിങ്‌സ്.

18ാം ഓവറിന്റെ അവസാനപന്തില്‍ ഭുവനേശ്വര്‍ കുമാറിനെ ബൗണ്ടറി കടത്തി ഗ്ലെന്‍ ഫിലിപ്‌സ് ന്യൂസിലാന്‍ഡിനെ വിജയത്തിലേക്കെത്തിച്ചു. 38 പന്തില്‍ എട്ട് ഫോറുകളും മൂന്ന് സിക്‌സറുകളുമടക്കം 65 റണ്‍സ് നേടി ഗ്ലെന്‍ ഫിലിപ്‌സ് പുറത്താവാതെ നിന്നു.

നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് എടുത്ത ആദം മില്‍നെയാണ് കളിയിലെ താരം. അഞ്ച് മത്സരങ്ങളില്‍ നിന്നും 341 റണ്‍സെടുത്ത് ഗ്ലെന്‍ ഫിലിപ്‌സ് ആണ് പരമ്പരയിലെ താരം.

Content Highlight: Seifert, Phillips, Milne set up NZ win as India take series 3-2