ഇന്ത്യ – ന്യൂസിലാൻഡ് ടി-20 പരമ്പരയിലെ അവസാന മത്സരത്തിന് തുടക്കമായിരിക്കുകയാണ്. ഹാമിൽട്ടണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കിവീസ് ബൗളിങ് തെരഞ്ഞെടുത്തു. മത്സരത്തിൽ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണർമാരായ അഭിഷേക് ശർമയേയും സഞ്ജു സാംസനെയും തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി. അഭിഷേക് രണ്ട് പന്തിൽ ഒരു റൺസ് നേടി മടങ്ങിയപ്പോൾ സഞ്ജു 10 പന്തിൽ നാല് റൺസ് നേടി പുറത്തായി.

40.00 സ്ട്രൈക്ക് റേറ്റിൽ ഈ മത്സരത്തിൽ സഞ്ജു പുറത്തായത് സേന രാജ്യങ്ങളിൽ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിൽ നടന്ന ടി-20യിൽ ഒരു മത്സരത്തിൽ കുറഞ്ഞത് 10 പന്തുകൾ നേരിട്ട താരങ്ങളിൽ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റിന് പുറത്താവുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി സഞ്ജു മാറി.

ഇന്റർനാഷണൽ ടി-20യിൽ സേന രാജ്യങ്ങളിൽ നടന്ന മത്സരങ്ങളിൽ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യൻ താരങ്ങൾ, റൺസ്, നേരിട്ട പന്തുകളുടെ എണ്ണം, എതിരാളി, സ്ട്രൈക്ക് റേറ്റ്

തിലക് വർമ – 11 പന്തിൽ മൂന്ന് റൺസ് – ഇംഗ്ലണ്ട് – 27.27

എം.എസ്. ധോണി – 27 പന്തിൽ ഒമ്പത് റൺസ് – ഓസ്ട്രേലിയ – 33.33

റിഷബ് പന്ത് – 10 പന്തിൽ നാല് റൺസ് – ന്യൂസിലൻഡ്- 40.00

ദിനേശ് കാർത്തിക് -15 പന്തിൽ ആറ് റൺസ് – സൗത്ത് ആഫ്രിക്ക – 40.00

സഞ്ജു സാംസൺ- 10 പന്തിൽ നാല് റൺസ് – ന്യൂസിലൻഡ് – 40.00

എം.എസ്. ധോണി – 12 പന്തിൽ അഞ്ച് റൺസ് – സൗത്ത് ആഫ്രിക്ക – 41.66

ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടി കളിയിലെ താരമായ സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ മത്സരത്തിൽ 33 പന്തിൽ നിന്നും 67 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ്‌ മലയാളി താരം അടിച്ചെടുത്തത്. അഞ്ചാം മത്സരത്തിൽ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം കാണാൻ കാത്തിരുന്ന ആരാധകർക്ക് വലിയ നിരാശയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം നിലവിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഈ മത്സരത്തിൽ വിജയിച്ചുകൊണ്ട് മടങ്ങാനാവും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ലക്ഷ്യം. മറുഭാഗത്ത് സ്വന്തം മണ്ണിൽ അവസാന മത്സരത്തിലും ആശ്വാസ വിജയം നേടാനാവും ന്യൂസിലാൻഡ് ഇറങ്ങുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവൻ

സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, നമാൻ ധീർ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, വരുൺ ചക്രവർത്തി.

ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ

ടിം സൈഫർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അലൻ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബെവൺ ജേക്കബ്‌സ്‌, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്‌മിത്ത്, ആദം മിൽനെ, ജേക്കബ് ഡഫി, ബ്ലെയർ ടിക്ന‌ർ.

 

Content Highlight: Sanju Samson create a unwanted record in T20I