മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘സുന്ദര രാവണൻ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. എം.ജി. ശ്രീകുമാർ ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. മോഹൻലാലും എം.ജി. ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. അടുത്തിടെ ഇരുവരും തുടരും ചിത്രത്തിലും ഒന്നിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റായിരുന്നു.

അതിമനോഹരം. Photo. IMDb

ഗാനത്തിനിടെ ഉൾപ്പെടുത്തിയിരിക്കുന്ന സിനിമയിലെ ചില രംഗങ്ങളും ശ്രദ്ധ നേടുന്നുണ്ട്. മോഹൻലാലിന്റെ കുസൃതിയും തമാശകളും നിറഞ്ഞ നിമിഷങ്ങളാണ് അതിമനോഹരം പാട്ടിന്റെ ദൃശ്യങ്ങളിൽ കാണാനാകുന്നത്. കഥാപാത്രത്തിന്റെ നർമ്മം നിറഞ്ഞ പെരുമാറ്റവും മുഖഭാവങ്ങളും ഉൾപ്പെടുത്തിയ രംഗങ്ങൾ സിനിമയിൽ ചിരിയുണർത്തുന്ന മുഹൂർത്തങ്ങളുണ്ടാകുമെന്ന സൂചന നൽകുന്നുണ്ട്. മാത്രവുമില്ല മീരാജാസിമിന്റെ കൂടെയുള്ള പാട്ടിലെ രസമുണർത്തുന്ന രംഗങ്ങളും ഇപ്പോൾ ശ്രദ്ധിക്കപെടുന്നുണ്ട്.

‘തുടരും’ എന്ന വിജയചിത്രത്തിനുശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അതിമനോഹരം’. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ ടി.എസ്. ലവലജൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. മീര ജാസ്മിനാണ് നായിക. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

അതിമനോഹരം. Photo. Screen Grab.Youtube

ലാലു അലക്സ്, മനോജ് കെ. ജയൻ, മുകേഷ്, ജഗദീഷ്, ഇർഷാദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘ഇഷ്ക്’, ‘ആലപ്പുഴ ജിംഖാന’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. ഷാജികുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. ബിനു പപ്പുവാണ് സഹസംവിധായകൻ. ചിത്രം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.

Content Highlight:A new song from the film ‘Athimanoharam’—directed by Tharun Moorthy and starring Mohanlal—has been released.