ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആര്‍ നടപടികള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ഇന്ന് (നവംബര്‍ ഒന്ന്, ഞായര്‍) സംഘടിപ്പിക്കുന്ന മഹാ റാലിയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് പേര്‍ ദല്‍ഹി രാം ലീല മൈതാനത്തും സമീപ പ്രദേശങ്ങളിലും എത്തിച്ചേര്‍ന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് റാലി ആരംഭിക്കുക. റാലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ വലിയ ജനക്കൂട്ടം രാംലീല മൈതാനത്തും പരിസരത്തും എത്തിച്ചേര്‍ന്നിട്ടുണ്ട്.

മെഗാ റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. റാലിക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരും ദേശീയ തലസ്ഥാനത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പത്ത് ലക്ഷത്തോളം പേര്‍ വരെ റാലിയില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

ഞായറാഴ്ച രാവിലെ മുതല്‍ തന്നെ വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും അനുഭാവികളും ഡല്‍ഹിയിലെ രാംലീല മൈതാനത്തും തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഒത്തുചേരാന്‍ തുടങ്ങിയിരുന്നു. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വസതിക്ക് മുന്നില്‍ എത്തിച്ചേര്‍ന്നിരുന്നു.

റാലിയില്‍ പങ്കെടുക്കുന്നതിനായി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ ഒത്തുചേരും. അവിടെ നിന്ന് അവര്‍ രാംലീല മൈതാനത്തേക്ക് പുറപ്പെടും. ഉച്ചയ്ക്ക് മിന്റോ റോഡ് – കണാട്ട് പ്ലേസ് ജംഗ്ഷനില്‍ നിന്ന് രാംലീല മൈതാനത്തേക്ക് ഒരു കാല്‍നട ജാഥയായും, ഖാര്‍ഗെയുടെ വസതിയില്‍ നിന്ന് തുറന്ന ബസുകളിലും പാര്‍ട്ടി നേതാക്കള്‍ പ്രതിഷേധ സ്ഥലത്തെത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എസ്.എഫ്.ഐ പ്രവര്‍ത്തകരും നേതാക്കളും സുര്‍ജീത് ഭവനില്‍ നിന്ന് രാംലീല മൈതാനത്തേക്ക് മാര്‍ച്ച് നടത്തി മെഗാ റാലിയില്‍ പങ്കെടുക്കാന്‍ രാംലീല മൈതാനിയില്‍ എത്തിച്ചേര്‍ന്നു. ഗ്യാനേഷിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകള്‍ രാംലീല മൈതാനത്ത് ഒത്തുചേര്‍ന്നതായി സി.പി.ഐ.എം ദല്‍ഹി സംസ്ഥാന സെക്രട്ടറി സഞ്ജയ് ചൗഹാന്‍ പറഞ്ഞു.

‘ദല്‍ഹിയിലെ രാംലീല മൈതാനത്ത് ഇന്ന് വലിയൊരു റാലി നടക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. കുറച്ചു കാലമായി, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ച് മോദി-ഷാ സര്‍ക്കാര്‍ വോട്ടുകള്‍ കവരാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ വലിയൊരു പ്രക്ഷോഭം കുറച്ചു നാളായി നടന്നു വരുന്നുണ്ട്; ആ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഈ ബൃഹത്തായ റാലി സംഘടിപ്പിച്ചിരിക്കുന്നത്,’ ചൗഹാന്‍ പറഞ്ഞു.

രാംലീല മൈതാനത്തെ പ്രധാന വേദിക്ക് മുകളില്‍ ത്രിവര്‍ണ പതാകയുടെ നിറങ്ങളിലുള്ള വലിയ പന്തല്‍ ഒരുക്കിയിട്ടുണ്ട്. ‘ഇന്ത്യ’ സഖ്യത്തിലെ വിവിധ കക്ഷികളുടെ പ്രതിനിധികള്‍ക്കായി പ്രത്യേക ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിന്റോ റോഡില്‍ നിന്ന് രാംലീല മൈതാനത്തേക്ക് ഒരു മാര്‍ച്ച് നടത്താനും, തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍ എന്നിവരെ അണിനിരത്തി ഒരു റാലി സംഘടിപ്പിക്കാനുമാണ് പ്രതിപക്ഷം പദ്ധതിയിടുന്നത്.

മുന്നണിയിലെ പാര്‍ട്ടികള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍, തൊഴിലാളികള്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവരോട് ഈ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ‘ഇന്ത്യ’ സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്. ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ ഉള്‍പ്പെടെയുള്ള സംഘടനകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാക്കള്‍ക്കായി പ്രധാന വേദിയില്‍ വലിയ ത്രിവര്‍ണ്ണ പന്തല്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ‘ഇന്ത്യ’ സഖ്യത്തിന്റെ വിവിധ സംസ്ഥാന ഘടകങ്ങളിലെ പ്രതിനിധികള്‍ക്കായി രണ്ടാമതൊരു വേദിയും സജ്ജീകരിക്കുന്നുണ്ട്. വെള്ള നിറത്തിലുള്ള പന്തലുകള്‍ നിരനിരയായി ഉയര്‍ത്തിയിട്ടുണ്ട്.

നിരവധി മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും റാലിയിില്‍ പങ്കെടുക്കും. ഉത്സവ സീസണായതിനാല്‍, റാലിയില്‍ പങ്കെടുക്കുന്നവര്‍ പ്രാദേശിക കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി അവരെ സഹായിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരോ അല്ലെങ്കില്‍ മരിച്ചതായി രേഖപ്പെടുത്തപ്പെട്ടവരോ ആയ വോട്ടര്‍മാരെ സൂചിപ്പിക്കുന്നതിനായി, റാലിയില്‍ പങ്കെടുക്കുന്നവര്‍ ‘പ്രേതങ്ങളെ’ പോലെ വെള്ള വസ്ത്രം ധരിക്കുമെന്ന് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 3,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരും 10,000-ത്തോളം അര്‍ദ്ധസൈനിക വിഭാഗം ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലയിലുണ്ടാകും. രാംലീല മൈതാനത്തെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ജനക്കൂട്ടം അവിടെ നിന്ന് പുറത്തുകടന്ന് ജന്തര്‍ മന്തറിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇവര്‍ ശ്രദ്ധിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ് നടത്തിക്കൊണ്ടുള്ള പ്രതിഷേധ പരിപാടി ഇന്നലെ ഇന്ത്യ മുന്നണി സംഘടിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്നത്തെ മഹാറാലി. ഗ്യാനേഷ് കുമാറിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് തുടരാനാവില്ല എന്ന് പ്രതീകാത്മക ഇംപീച്ച്‌മെന്റ് പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഗ്യാനേഷ് സ്ഥാനത്ത് തുടരുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രതിപക്ഷത്തിന്റെ കൈവശം മതിയായ തെളിവുകളുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Content Highlight: INDIA bloc rally – Supporters gather at Ramlila Maidan, Opposition march to begin at 12pm