ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘സീൻ’ ട്രെയിലർ പുറത്തിറങ്ങിയതോടെ സിനിമയിലെ ഒരു സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുന്ന ഇമ്പരാജ് എന്ന കഥാപാത്രവും ലാൽ അവതരിപ്പിക്കുന്ന സ്റ്റീഫനും തമ്മിലുള്ള സംഭാഷണമാണ് പ്രേക്ഷകർക്ക് ഇടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് ജോലി രാജിവെക്കുന്നതിനെക്കുറിച്ച് സ്റ്റീഫൻ ചോദിക്കുമ്പോൾ രാഷ്ട്രീയം പ്രവേശിക്കാനാണ് ആഗ്രഹമെന്ന് ഇമ്പരാജ് മറുപടി നൽകുന്നു. ഈ സംഭാഷണം നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ ഓർമിപ്പിക്കുന്നതാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

സീൻ. Photo. Screen Grab/ Youtube. IMDb

‘നീ ഇപ്പോൾ നിന്റെ കരിയറിന്റെ ഉച്ചത്തിലാണ്. ഇപ്പോൾ രാജിവെച്ചിട്ട് നീ എന്താണ് ചെയ്യാൻ പോകുന്നത്?’ എന്നാണ് സ്റ്റീഫൻ ഇമ്പരാജിനോട് ചോദിക്കുന്നത്. ‘രാഷ്ട്രീയം, രാഷ്ട്രീയത്തിൽ ഇറങ്ങാൻ പോകുന്നു’ എന്നാണ് സൂര്യയുടെ കഥാപാത്രത്തിന്റെ മറുപടി. അഭിനയജീവിതത്തിന്റെ ഉച്ചത്തിൽ നിൽക്കുമ്പോൾ സിനിമയിൽനിന്ന് മാറി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ തീരുമാനവുമായി ഈ സംഭാഷണത്തിന് സാമ്യമുണ്ടെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

വിജയ് ആരാധകരിൽ ഒരു വിഭാഗം ഇതിനെ വിജയ്‌ക്കുള്ള ഒരു റഫറൻസായാണ് കാണുന്നത്. എന്നാൽ സൂര്യ ആരാധകരുടെ ഭാഗത്തുനിന്ന് മറ്റൊരു വ്യാഖ്യാനവും ഉയരുന്നുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ ചെറുതായി പരിഹസിക്കുന്ന തരത്തിലുള്ള സംഭാഷണമാണിതെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം, സിനിമയുടെ കഥാസന്ദർഭത്തിന് അനുയോജ്യമായ ഒരു സാധാരണ തമാശയോ വിജയ്‌യെ ഓർമിപ്പിക്കുന്ന പരാമർശമോ മാത്രമാണിതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അതുകൊണ്ട് തന്നെ ട്രെയിലറിലെ ഈ രംഗം സിനിമ പുറത്തിറങ്ങുന്നതിന് മുൻപുതന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

സീൻ. Photo. IMDb

‘ആവേശം’, ‘രോമാഞ്ചം’ എന്നീ ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. സൂര്യ ഇമ്പരാജായും നസ്രിയ മായയായും നസ്‌ലെൻ ഈശ്വറായും എത്തുന്ന ചിത്രത്തിൽ ലാലും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ജിത്തുവിനെ പോലെ തന്നെ സുഷിൻ ശ്യാമിന്റെയും തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്. 12 വർഷത്തെ ഇടവേളക്ക് ശേഷം നസ്രിയ തമിഴിൽ ചെയ്യുന്ന സിനിമ കൂടിയാണ് സീൻ. നവംബർ ആറിന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlight: With the release of the trailer for the Suriya film ‘Scene’—directed by Jithu Madhavan—the dialogues from the movie have become a topic of discussion