മോസ്കോ: റഷ്യയിലെ പ്രമുഖ സ്വതന്ത്ര അന്വേഷണാത്മക പത്രമായ നൊവായ ഗസറ്റ ഭരണകൂടത്തിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുന്നു.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ ശക്തമായ പ്രതീകമായി നിലകൊണ്ടിരുന്ന പത്രത്തെ മോസ്കോ നേരത്തെ തന്നെ ‘വിദേശ ഏജന്റ്’ ആയി പ്രഖ്യാപിച്ചിരുന്നു. അധികൃതരുടെ നിരന്തരമായ പീഡനങ്ങളെത്തുടർന്ന് പത്രം പൂട്ടാൻ നിർബന്ധിതരായതായി എഡിറ്റോറിയൽ ബോർഡ് വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഔദ്യോഗികമായി വ്യക്തമാക്കി.
ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു പിന്നാലെ റഷ്യയിലെ സ്വതന്ത്ര മാധ്യമങ്ങൾക്ക് മേൽ ഭരണകൂടം കടുത്ത നിയന്ത്രണങ്ങളും കർശനമായ നിരീക്ഷണവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നൊവായ ഗസറ്റയുടെ എഡിറ്ററുടെ വീട്ടിൽ അധികൃതർ പരിശോധന നടത്തുകയും പത്രത്തിന്റെ എഡിറ്റർ-ഇൻ-ചീഫിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
‘പത്രം ഇല്ലാതായിരിക്കുന്നു. റഷ്യൻ അധികാരികളും രഹസ്യാന്വേഷണ വിഭാഗങ്ങളും ചേർന്ന് പത്രാധിപ സമിതിയെ പ്രവർത്തനം നിർത്തിവെക്കാൻ നിർബന്ധിതരാക്കുകയായിരുന്നു,’ എന്ന് ‘ഞങ്ങൾ കൊല്ലപ്പെട്ടു’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പ്രസ്താവനയിൽ എഡിറ്റോറിയൽ ബോർഡ് ചൂണ്ടിക്കാട്ടി. റഷ്യയിലെ സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ അവസാന കോട്ടയായിരുന്ന പത്രത്തെ, വിമർശന ശബ്ദങ്ങളെ നിശ്ശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം ‘വിദേശ ഏജന്റ്’ പട്ടികയിൽ പെടുത്തി വേട്ടയാടിയത്.
നവംബർ ഒമ്പതോടെ പത്രത്തിന്റെ പ്രവർത്തനം പൂർണമായും നിലയ്ക്കുമെന്ന് എഡിറ്റർ-ഇൻ-ചീഫ് സെർജി സോകോലോവ് യൂട്യൂബിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അറിയിച്ചു.
‘നൊവായ ഗസറ്റയുടെ അസ്തിത്വം ഇവിടെ അവസാനിക്കുകയാണ്. കഴിഞ്ഞ 30 വർഷമായി ഞങ്ങൾ ജീവിച്ച ഞങ്ങളുടെ ഓഫീസിലെ വെളിച്ചം നവംബർ 9-ന് ഞങ്ങൾ അണയ്ക്കും. സെർവറുകൾ പൂർണമായി ഓഫ് ചെയ്ത് ഞങ്ങൾ പടിയിറങ്ങും,’ സോകോലോവ് വ്യക്തമാക്കി.
സഹപ്രവർത്തകനായ ഒലെഗ് റോൾഡുഗിൻ പ്രതിയായ ക്രിമിനൽ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഈ മാസം ആദ്യം റഷ്യൻ അന്വേഷണ ഏജൻസികൾ സോകോലോവിന്റെ വസതിയിൽ റെയ്ഡ് നടത്തുകയും അദ്ദേഹത്തെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. കമ്പ്യൂട്ടറൈസ്ഡ് വിവരങ്ങൾ നിയമവിരുദ്ധമായി ചോർത്തിയെന്ന കുറ്റം ചുമത്തി കഴിഞ്ഞ ഏപ്രിലിലാണ് റോൾഡുഗിനെ അധികൃതർ അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 15-ന് സോകോലോവ് അറസ്റ്റിലായതിന് പിന്നാലെ ക്രെംലിന്റെ ഇത്തരം പ്രതികാര നടപടികൾക്കെതിരെ ആഗോള മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലായി പത്രത്തിലെ ആറ് മാധ്യമപ്രവർത്തകരും ജീവനക്കാരും കൊലചെയ്യപ്പെടുകയും, ന്യൂസ് റൂമിൽ റെയ്ഡുകൾ നടക്കുകയും, ജീവനക്കാർ നിരന്തരം വിചാരണ ചെയ്യപ്പെടുകയും ചെയ്തതിനൊടുവിലാണ് സ്ഥാപനത്തെ ‘വിദേശ ഏജന്റ്’ ആയി മുദ്രകുത്തി പൂട്ടിച്ചതെന്നും സംഘടന ചൂണ്ടിക്കാട്ടി.
പത്രം നിർബന്ധിതമായി അടച്ചുപൂട്ടിയ നടപടിയിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് കടുത്ത ആശങ്ക രേഖപ്പെടുത്തി. റഷ്യയിൽ അവശേഷിച്ചിരുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തനങ്ങൾക്ക് ഏറ്റ കനത്ത പ്രഹരമാണിത് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
റഷ്യ ഉക്രെയ്നിലേക്ക് പൂർണതോതിൽ സൈനിക അധിനിവേശം ആരംഭിച്ചതിനുശേഷം രൂപീകരിച്ച കർശനമായ നിയമങ്ങൾ, സർക്കാർ തലത്തിലുള്ള കടുത്ത സെൻസർഷിപ്പ്, മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ വഴി സ്വതന്ത്ര പത്രപ്രവർത്തനത്തിന് മേലുള്ള സമ്മർദ്ദം അഭൂതപൂർവമായി വർദ്ധിച്ചതായി ടർക്ക് ചൂണ്ടിക്കാട്ടി.
വിദേശ ഏജന്റ് നിയമം വഴി പൗര-രാഷ്ട്രീയ അവകാശങ്ങളെ അടിച്ചമർത്തുന്നതിനെതിരെ യു.എൻ ഓഫീസ് നിരന്തരം ആശങ്കയറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം സ്വതന്ത്രമായി വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്ക് നേരെ വലിയ തോതിലുള്ള സെൻസർഷിപ്പും അറസ്റ്റുകളുമാണ് ക്രെംലിൻ അഴിച്ചുവിട്ടത്. ഉക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ നൊവായ ഗസറ്റയുടെ ഔദ്യോഗിക മാധ്യമ ലൈസൻസ് അധികൃതർ റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് റഷ്യയ്ക്കുള്ളിലെ അച്ചടിയും ദൈനംദിന പ്രവർത്തനങ്ങളും പത്രം നേരത്തെ തന്നെ വലിയ തോതിൽ വെട്ടിച്ചുരുക്കിയിരുന്നു.
ആവിഷ്കാര സ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമപ്രവർത്തനവും സംരക്ഷിക്കാൻ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്ക് 2021-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടത് നൊവായ ഗസറ്റയുടെ അന്നത്തെ എഡിറ്റർ-ഇൻ-ചീഫ് ദിമിത്രി മുറാറ്റോവ് ആയിരുന്നു. എന്നാൽ ആ പോരാട്ടങ്ങൾക്കെല്ലാം ഒടുവിൽ, മൂന്ന് പതിറ്റാണ്ട് നീണ്ട ധീരമായ ചരിത്രമാണ് ഭരണകൂട ഭീകരതയിലൂടെ ഇപ്പോൾ അവസാനിക്കുന്നത്.
2021-ൽ ദിമിത്രി മുറാട്ടോവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച പശ്ചാത്തലത്തിൽ, റഷ്യൻ രാഷ്ട്രീയ അധികാരവും മാധ്യമ സ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷങ്ങളെ വിശകലനം ചെയ്തുകൊണ്ട് മാധ്യമപ്രവർത്തകൻ സനീഷ് ഇളയിടത്ത് ഡൂൾന്യൂസിൽ എഴുതിയ ലേഖനത്തിൽ നൊവായ ഗസറ്റയുടെ പോരാട്ടവീര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
Content Highlight:Investigative newspaper Novaya Gazeta shut down in Russia; a severe blow to independent journalism.
