മലയാളത്തിലെ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് കമല്‍. കാക്കൊത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, ഉള്ളടക്കം, മഴയെത്തും മുമ്പേ, ഈ പുഴയും കടന്ന്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, നിറം, നമ്മള്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കറുത്ത പക്ഷികള്‍, പെരുമഴക്കാലം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിലും സംവിധായകന്‍ വലിയ നേട്ടം സ്വന്തമാക്കിയിരുന്നു.

കമല്‍. Photo: X.com

കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സാമൂഹിക പ്രസക്തിയുള്ള ചിത്രമായിരുന്നു 2006ല്‍ റിലീസ് ചെയ്ത കറുത്ത പക്ഷികള്‍. മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, പത്മപ്രിയ, മീന, തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒട്ടനവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തി തേപ്പുകാരനായി ജോലി നോക്കുന്ന മുരുകന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടത്. താരത്തിന്റെ ഫിലിമോഗ്രാഫിയില്‍ ഒരു വ്യത്യസ്ത കഥാപാത്രമായിരുന്നു മുരുകന്‍ എന്ന് നിസംശയം പറയാം.

ചിത്രത്തിലെവിടെയും മമ്മൂട്ടിയെ തനിക്ക് കാണാന്‍ സാധിച്ചിട്ടില്ലെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. ദി ഷോ സ്‌കേപ്പ് ജേണല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു സംവിധായകന്റെ പ്രതികരണം. എന്നാല്‍ താരത്തിന്റെ ആരാധകരോ മറ്റുള്ളവരോ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുന്നത് താന്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കറുത്ത പക്ഷികള്‍. Photo: Prime Video

‘കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍ ഞാന്‍ എവിടെയും മമ്മൂട്ടിയെ കണ്ടിട്ടില്ല. അതില്‍ ഒരു തേപ്പുകാരനായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. അതില്‍ തമിഴന്‍ മലയാളം സംസാരിക്കുന്ന ക്യാരക്ടര്‍ ആയതുകൊണ്ട് മമ്മൂക്ക തന്നെയാണ് അത് ഇംപ്രൊവൈസ് ചെയ്ത് ഞാനിങ്ങനെ പറയാം എന്ന് പറഞ്ഞ് അതിലെ ഡയലോഗുകളെല്ലാം ചെയ്തത്. അപ്പിയറന്‍സെല്ലാം മമ്മൂക്കയുടെ കൂടെ ചോയിസിലാണ്. അതുകൊണ്ട് തന്നെ ആ സിനിമയില്‍ എനിക്ക് എവിടെയും മമ്മൂക്കയെ കാണാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെയായിരിക്കും കറുത്ത പക്ഷികളെ കുറിച്ച് അധികം പറയുന്നതും കേള്‍ക്കാത്തത്,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal talks about is movie Karutha Pakshikal and Mammootty’s performance in it