2026ലെ ബാലണ്‍ ഡി’ഓര്‍ പുരസ്‌കാരം നേടാനായില്ലെങ്കിലും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ തന്നെയാണെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ ജോസെ മൗറിന്യോ. ഞായറാഴ്ച റേസിങ് സാന്റാന്‍ഡറിനെതിരെ നടക്കുന്ന റയല്‍ മാഡ്രിഡിന്റെ ലീഗ് മാച്ചിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മൗറീന്യോ.

കിലിയന്‍ എംബാപ്പെയെ അതുല്യനായ താരമെന്നാണ് റയല്‍ പരിശീലകന്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ലണ്ടനില്‍ നടന്ന ചടങ്ങില്‍ ബയേണ്‍ മ്യൂണിക്കിന്റെ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ബാലണ്‍ ഡി’ഓര്‍ നേടിയപ്പോള്‍ എംബാപ്പെ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇരുവരും തമ്മിലുള്ള പോയിന്റ് വ്യത്യാസം വളരെ കുറവായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

‘കിലിയന്‍ അതുല്യനാണ്. മെസി, റൊണാള്‍ഡോ, പ്ലാറ്റിനി തുടങ്ങിയ ചില താരങ്ങള്‍ ഒന്നിലധികം തവണ ബാലണ്‍ ഡി’ഓര്‍ നേടിയിട്ടുണ്ട്. എല്ലാ വര്‍ഷവും ബാലണ്‍ ഡി’ഓര്‍ പുരസ്‌കാരം നല്‍കാറുണ്ട്. എന്നാല്‍ ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഒരാള്‍ മാത്രമാണ്,’ മൗറീന്യോ പറഞ്ഞു.

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോഡ് നിലവില്‍ എംബാപ്പെയുടെ പേരിലാണ്. 22 ഗോളുകളാണ് താരം നേടിയത്. 27 വയസ് മാത്രമുള്ള ഫ്രഞ്ച് താരം കുറഞ്ഞത് ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള സാധ്യത ഉള്ളതിനാല്‍ ഇനിയും ഗോളുകളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഫ്രാന്‍സ് സെമിഫൈനലില്‍ തോറ്റുമടങ്ങിയെങ്കിലും ലോകകപ്പിലുടനീളം 10 ഗോളുകളാണ് എംബാപ്പെ അടിച്ചുകൂട്ടിയത്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടന്ന് ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടും താരം സ്വന്തമാക്കി. 2022 ലോകകപ്പിലും എംബാപ്പെ തന്നെയായിരുന്നു ടോപ് സ്‌കോറര്‍.

2018ലെ ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട എംബാപ്പെ ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു. പെലെയ്ക്ക് ശേഷം ലോകകപ്പില്‍ ഗോള്‍ നേടുന്ന ടീനേജറും ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ജെഫ്രി ഹഴ്സ്റ്റിന് ശേഷം ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടുന്ന താരവും എംബാപ്പെ തന്നെയാണ്.

Content Highlight: Real Madrid Manager Jose Mourinho says Kylian Mbappe is the best player in world cup history regardless not winning the Ballon d’Or