ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് തോല്‍വി. സീഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് രണ്ട് ഓവര്‍ ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന രണ്ട് മത്സരത്തില്‍ ന്യൂസിലാന്‍ഡ് വിജയിച്ചെങ്കിലും 3-2 ന് പരമ്പര ഇന്ത്യ സ്വന്തമാക്കി.

തുടര്‍ച്ചായായ രണ്ട് തോല്‍വി കൂടി ഏറ്റുവാങ്ങിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു മോശം റെക്കോഡിലും മുന്നിലാണ്. അന്താരാഷ്ട്ര ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുകയാണ് ശ്രേയസ് അയ്യര്‍. ഈ മോശം റെക്കോഡ് ലിസ്റ്റില്‍ രോഹിത് ശര്‍മയെയും മറികടന്നാണ് അയ്യര്‍ വീണ്ടും മുന്നോട്ട് പോകുന്നത്. ഇതോടെ അയ്യരിന്റെ ക്യാപ്റ്റന്‍സി മികവിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുവരികയാണ്.

അന്താരാഷ്ട്ര ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍

(ക്യാപ്റ്റന്‍, തോല്‍വി, മത്സരം, വര്‍ഷം എന്നീ ക്രമത്തില്‍)

ശ്രേയസ് അയ്യര്‍ – 10 – 26 – 2026

രോഹിത് ശര്‍മ – 8 – 29 – 2022

എം.എസ്. ധോണി – 6 – 10 -2009

എം.എസ്. ധോണി – 6 – 14 – 2012

എം.എസ്. ധോണി – 5 – 21 – 2016

ഹര്‍ദിക് പാണ്ഡ്യ – 5 – 11 – 2023

അതേസമയം ടിം സീഫര്‍ട്ടും ഗ്ലെന്‍ ഫിലിപ്സുമാണ് ന്യൂസിലാന്‍ഡിന് അനായാസ വിജയം നേടിക്കൊടുത്തത്.

ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലനെ നഷ്ടപ്പെട്ടു. രണ്ടാമത്തെ ഓവറില്‍ അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യയക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്.

വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ടിം സീഫര്‍ട്ടും ഡാരില്‍ മിച്ചലും ചേര്‍ന്ന് ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒമ്പതാം ഓവറില്‍ ഡാരില്‍ മിച്ചല്‍ പുറത്താകുമ്പോഴേക്കും സ്‌കോര്‍ 93ല്‍ എത്തിയിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്സിനെ കൂട്ടുപിടിച്ച് സീഫര്‍ട്ട് ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ ഉയര്‍ത്തി. 50 പന്തില്‍ നിന്നും 93 റണ്‍സെടുത്ത ടിം സീഫര്‍ട്ടിനെ നിതീഷ് കുമാര്‍ റെഡ്ഡി 16ാം ഓവറില്‍ പുറത്താക്കി. 11 ഫോറും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു സീഫര്‍ട്ടിന്റെ ഇന്നിങ്സ്.

18ാം ഓവറിന്റെ അവസാനപന്തില്‍ ഭുവനേശ്വര്‍ കുമാറിനെ ബൗണ്ടറി കടത്തി ഗ്ലെന്‍ ഫിലിപ്സ് ന്യൂസിലാന്‍ഡിനെ വിജയത്തിലേക്കെത്തിച്ചു. 38 പന്തില്‍ എട്ട് ഫോറുകളും മൂന്ന് സിക്സറുകളുമടക്കം 65 റണ്‍സ് നേടി ഗ്ലെന്‍ ഫിലിപ്സ് പുറത്താവാതെ നിന്നു.

വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മാന്യമായ ടോട്ടല്‍ നേടിയത്. ഇഷാന്‍ 32 പന്തുകളില്‍ നിന്നും 61 റണ്‍സ് നേടിയാണ് തിളങ്ങിയത്. അഞ്ച് വീതം ഫോറുകളും സിക്സുകളുമാണ് വിക്കറ്റ് കീപ്പറുടെ ബാറ്റില്‍ നിന്നും പിറന്നത്.

മൂന്ന് ഫോറുകളും നാല് സിക്സുകളും അടക്കം 23 പന്തില്‍ 50 റണ്‍സാണ് ക്യാപ്റ്റന്‍ അയ്യര്‍ നേടിയത്. നമന്‍ ധിര്‍ 23 പന്തില്‍ 33 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 17 പന്തില്‍ 22 റണ്‍സും നേടി.

Content Highlight: Shreyas Iyer In Unwanted Record List In International T-20