എറണാകുളം: കാലടി സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിപ്പിക്കെരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുന്ന സര്‍വകലാശാലയ്‌ക്കെതിരെ നിരാഹാര സമരം ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ. പത്രസമ്മേളനത്തില്‍ സംസാരിക്കുകവെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദാണ് സമര പ്രഖ്യാപനം നടത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ വീതം കാലടി സര്‍വകലാശാലയില്‍ നിരാഹാരമിരിക്കുമെന്നാണ് ശിവപ്രസാദ് അറിയിച്ചത്.

സര്‍വകലാശാലയില്‍ എസ്.എഫ്.ഐയുടെ 16 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പന്‍ഷന്‍ ലഭിച്ചത് വൈസ് ചാന്‍സിലര്‍ സിസ തോമസും ഗവര്‍ണറും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. വൈസ് ചാന്‍സിലറെ അക്രമിച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.

ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വി.സി സിസാ തോമസ് സ്ത്രീത്വത്തെ അപമാനിച്ചെന്നും മുടിക്ക് കുത്തിപ്പിടിച്ചെന്നും പറഞ്ഞ് പരാതി കൊടുക്കുന്നതെന്നും എസ്.എഫ്.ഐ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കാര്യങ്ങള്‍ അറിയാമെന്നും എസ്.എഫ്.ഐ ആരോപിച്ചു.

കുടിവെള്ള ലഭ്യത ഉറപ്പാക്കുക, കുടിശ്ശികയുള്ള ഫെലോഷിപ്പുകള്‍ അനുവദിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ 18 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം ജൂണില്‍ സമരം ആരംഭിച്ചത്. ഏകദേശം ഒരു മാസത്തിലധികം ഈ സമരം നീണ്ടുനിന്നു.

വി.സിക്കെതിരെ വെളിച്ചം മരിച്ചെന്ന പ്രതീകാത്മക നാടകം ചെയ്ത് പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് 16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. കൊലപാതകക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് പോലും പരീക്ഷ എഴുതാന്‍ കോടതികള്‍ അനുമതി നല്‍കാറുള്ളപ്പോഴാണ്, രണ്ട് മാസത്തിലധികമായി വിദ്യാര്‍ത്ഥികളെ ക്യാമ്പസിന് പുറത്തുനിര്‍ത്തി പരീക്ഷാ അവസരം നിഷേധിക്കുന്നത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

വിദ്യാര്‍ത്ഥികളോടുള്ള സര്‍വകലാശാലയുടെ സമീപനത്തില്‍ അനിശ്ചിത കാല നിരാഹാരത്തിനാണ് എസ്.എഫ്.ഐ ആഹ്വാനം ചെയ്തതത്.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ രജിസ്‌ട്രേഷനും ഫീസടക്കാനും അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് സര്‍വ്വകലാശാലയുടെ നീക്കം. ചരിത്രത്തിലാദ്യമായാണ് സ്വന്തം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് തടയാന്‍ ഒരു സര്‍വ്വകലാശാല തന്നെ കോടതിയെ സമീപിക്കുന്നത്. കോടതിയുടെ ഉത്തരവ് മറികടന്നുകൊണ്ടുള്ള സര്‍വകലാശാലയുടെ അപ്പീലിനെ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും കോടതിയെ സമീപിക്കുന്നത്.

നവംബര്‍ നാലിന് പരീക്ഷ ആരംഭിക്കാനിരിക്കെ, ഒക്ടോബര്‍ 30-നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 31-നകം എക്‌സാം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും ഫീസടക്കാനുമുള്ള സൗകര്യങ്ങള്‍ സര്‍വ്വകലാശാല ഒരുക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

Content Highlight: Protest at Kalady University: SFI calls for a hunger strike against the decision to prevent students from taking exams