ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പയിലെ അവസാന രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെതിരെ വിമര്‍ശനവുമായി മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഏകദിന ലോകകപ്പ് വരാനിരിക്കുമ്പോള്‍ തിടുക്കപ്പെട്ട് ഭുവനേശ്വര്‍ കുമാറിനെ ടി-20 ടീമില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്നാണ് പത്താന്‍ ചോദിച്ചത്.

‘ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഞങ്ങള്‍ മികച്ച ക്രിക്കറ്റ് കളിച്ചു. എന്നാല്‍ ചില ചോദ്യങ്ങളും ഉയര്‍ന്നുവന്നു. അവസാന രണ്ട് മത്സരങ്ങളിലും ഞങ്ങള്‍ തോറ്റു. ഞങ്ങളുടെ പ്രകടനം മതിയായതായിരുന്നില്ല. ടീമില്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തിയതാണ് സെലക്ടര്‍മാര്‍ക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റെന്ന് ഞാന്‍ കരുതുന്നത്.

അദ്ദേഹം മികച്ച ബൗളറാണെന്നും ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെക്കാലം സേവനം ചെയ്തിട്ടുണ്ടെന്നും എനിക്കറിയാം. എന്നാല്‍ ഏകദിന ലോകകപ്പാണ് വരാനിരിക്കുന്നത്. ടി-20 ലോകകപ്പിന് ഇനിയും ഏറെ സമയമുണ്ട്. ഈ ഘട്ടത്തില്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യം എന്തായിരുന്നു? മാനേജ്‌മെന്റിന്റെ ഈ തീരുമാനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്,’ ഇര്‍ഫാന്‍ പത്താന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

നാല് വര്‍ഷത്തിന് ശേഷമാണ് സ്വിങ് കിങ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തിയത്. ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ താരം ഇടം നേടിയതോടെ വന്‍ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഇന്ത്യ പരമ്പര നേടിയെങ്കിലും തിരിച്ചുവരവില്‍ തിളങ്ങാനാവാതെയാണ് ഭുവി ന്യൂസിലാന്‍ഡില്‍ നിന്നും മടങ്ങുന്നത്.

കിവീസിനെതിരായ അഞ്ച് മത്സരങ്ങളില്‍ നാലിലും കളത്തിലിറങ്ങിയെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് പരമ്പരയിലുടനീളം ഭുവിയ്ക്ക് നേടാനായത്. ആക്രമണോത്സുകരായ ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയ്ക്കെതിരെ താരത്തിന്റെ തിരിച്ചുവരവ് ബുദ്ധിമുട്ടുള്ള ഒരു പരീക്ഷയായി മാറി. പരമ്പരയില്‍ 16 ഓവറില്‍ 180 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് തോല്‍വി. സീഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് രണ്ട് ഓവര്‍ ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന രണ്ട് മത്സരത്തില്‍ ന്യൂസിലാന്‍ഡ് വിജയിച്ചെങ്കിലും 3-2 ന് പരമ്പര ഇന്ത്യ സ്വന്തമാക്കി.

Content Highlight: Irfan Pathan Talking About Bhuvaneshwar Kumar