നാലുവര്‍ഷത്തിന് ശേഷമാണ് സ്വിങ് കിങ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തിയത്. ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ താരം ഇടം നേടിയതോടെ വന്‍ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഇന്ത്യ പരമ്പര നേടിയെങ്കിലും തിരിച്ചുവരവില്‍ തിളങ്ങാനാവാതെയാണ് ഭുവി ന്യൂസിലാന്‍ഡില്‍ നിന്നും മടങ്ങുന്നത്.

കിവീസിനെതിരായ അഞ്ച് മത്സരങ്ങളില്‍ നാലിലും കളത്തിലിറങ്ങിയെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് പരമ്പരയിലുടനീളം ഭുവിയ്ക്ക് നേടാനായത്. ആക്രമണോത്സുകരായ ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയ്‌ക്കെതിരെ താരത്തിന്റെ തിരിച്ചുവരവ് ബുദ്ധിമുട്ടുള്ള ഒരു പരീക്ഷയായി മാറി.

പരമ്പരയില്‍ 16 ഓവറില്‍ 180 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്. ഇതോടെ ഒരു ടി-20 പരമ്പരയിലെ ഏറ്റവും മോശം ബൗളിങ് ആവറേജ് എന്ന റെക്കോഡ് താരത്തിന്റെ പേരിലായി. 2021ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന പരമ്പരയില്‍ ന്യൂസിലാന്‍ഡ് താരം കൈലീ ജാമിസണ്‍ കുറിച്ച 175.00 എന്ന ബൗളിങ് ആവറേജിനെ ആണ് ഭുവിയുടെ 180.00 മറികടന്നത്.

ബാറ്റര്‍മാര്‍ക്ക് അനുകൂലമായിരുന്ന പിച്ചുകളില്‍ ആദ്യ മത്സരം മുതല്‍ തന്നെ റണ്ണൊഴുകി. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ആദ്യ ടി-20യില്‍ തന്നെ താരത്തിന്റെ കഷ്ടപ്പാട് ആരംഭിച്ചു. ഇരുടീമുകളും റണ്‍മല തീര്‍ത്ത മത്സരത്തില്‍ നാല് ഓവറില്‍ താരം വഴങ്ങിയത് 49 റണ്‍സ് ആണ്. രണ്ടാം മത്സരത്തില്‍ പരമ്പരയിലെ ഏക വിക്കറ്റ് നേടിയെങ്കിലും നാല് ഓവറില്‍ 50 റണ്‍സാണ് ഭുവി വിട്ടുകൊടുത്തത്.

വെല്ലിങ്ടണില്‍ നടന്ന മൂന്നാം മത്സരത്തില്‍ വിക്കറ്റ് വീഴ്ത്താതെ 40 റണ്‍സ് താരം വഴങ്ങി. ഇന്ത്യ 87 റണ്‍സിന് പരാജയപ്പെട്ട നാലാം മത്സരത്തില്‍ താരം ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചില്ല. ഹാമില്‍ടണില്‍ നടന്ന അവസാന മത്സരത്തില്‍ ഭുവിയ്ക്ക് വീണ്ടുമൊരവസരം ലഭിച്ചെങ്കിലും നിരാശ തന്നെയായിരുന്നു ഫലം.

50 പന്തില്‍ 93 റണ്‍സ് നേടിയ ടിം സീഫര്‍ട്ടിന്റ ബാറ്റിങ് മികവില്‍ ഏഴ് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടിം സീഫര്‍ട്ട് കടന്നാക്രമിച്ച ആറാം ഓവറില്‍ 20 റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍ വിട്ടുകൊടുത്തത്. മത്സരത്തിലാകെ 41 റണ്‍സാണ് താരം വഴങ്ങിയത്.

ഐ.പി.എലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടിയുള്ള താരത്തിന്റെ മികച്ച പ്രകടനം ശ്രദ്ധേയമായിരുന്നു. 2025ല്‍ 17 വിക്കറ്റുകള്‍ നേടിയ താരം 2026ലെ സീസണില്‍ 28 വിക്കറ്റുകള്‍ നേടി ടീമിന്റെ കിരീടനേട്ടത്തില്‍ വലിയ പങ്കാണ് വഹിച്ചത്. ഇത് തന്നെയായിരുന്നു ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് കാരണമായതും.

ഭുവനേശ്വർ കുമാർ. Photo: shebas/x.com

മൂന്നാം മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലെ തന്റെ ഭാവിയെക്കുറിച്ച് താരം പറഞ്ഞിരുന്നു. ടീമില്‍ തിരിച്ചെത്തിയെങ്കിലും അന്താരാഷ്ട്ര കരിയറില്‍ താന്‍ മുന്നോട്ട് നോക്കുന്നില്ലെന്ന് പറഞ്ഞ താരം ഡൊമെസ്റ്റിക് ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കണമെന്നതാണ് തന്റെ പ്രധാനലക്ഷ്യമെന്നും പറഞ്ഞിരുന്നു.

Content Highlight: Bhuvneshwar Kumar endured a forgettable India comeback against New Zealand, conceding 180 runs in 16 overs.