ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കിങ്. മൂന്നുവര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റടക്കം ഓരോ അപ്‌ഡേറ്റും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി. രണ്ട് ഗെറ്റപ്പില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും കിങ്ങിനുണ്ട്.

കിങ് ഖാന്റെ പിറന്നാള്‍ ദിനമായ ഇന്നലെ ചിത്രത്തിന്റെ ടീസറോ ട്രെയ്‌ലറോ പുറത്തുവിടുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ആകെ ഒരു ഗാനമാണ് പുറത്തുവന്നത്. സാക്ഷാല്‍ എഡ് ഷീരാന്റെ ശബ്ദത്തില്‍ ഷാരൂഖും ദീപികയും ഒന്നിച്ച് അഭിനയിച്ച ‘തൂ മില്‍ ജായേ’ എന്ന ഗാനത്തിന് യാതൊരു ചലനവുമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

റൊമാന്‍സും ആക്ഷനും ഒന്നിച്ചുള്ള വിഷ്വല്‍സ് മാത്രമാണ് ഗാനത്തിലെ പ്രധാന പോസിറ്റീവ്. ഷാരൂഖ്- ദീപിക കോമ്പോ പത്താനിലെ ‘ബേഷറം രംഗ്’ എന്ന ഗാനത്തിനെ ഓര്‍മിപ്പിക്കുന്നുണ്ടെന്നാണ് കമന്റുകള്‍. ഓറഞ്ച് നിറമുള്ള ഡ്രസ് ധരിച്ച് പ്രത്യക്ഷപ്പെടുന്ന സീനുകള്‍ കാണുമ്പോള്‍ പത്താനും കിങ്ങും തമ്മില്‍ മാറിപ്പോകുന്നുണ്ടെന്നും കമന്റുകളുണ്ട്.

ചിത്രത്തിന്റെ സംഗീത സംവിധായകനായി ആദ്യം എത്തിയത് അനിരുദ്ധായിരുന്നു. ജവാന്റെ വന്‍ വിജയത്തിന് ശേഷം കിങ് ഖാന്‍- അനി കോമ്പോ ഒന്നിക്കുന്നത് ആരാധകരില്‍ സന്തോഷമുണര്‍ത്തി. എന്നാല്‍ വിവാഹത്തിന്റെ തിരക്കും മറ്റ് പ്രൊജക്ടുകളും കാരണം അനിരുദ്ധ് കിങ്ങില്‍ നിന്ന് പിന്മാറി. അനിക്ക് പകരമെത്തിയ സച്ചിന്‍- ജിഗാര്‍ കോമ്പോയാണ് കിങ്ങിന്റെ സംഗീതം.

ബര്‍ത്ത്‌ഡേയായിട്ട് ഇത്തരമൊരു നനഞ്ഞ അപ്‌ഡേറ്റ് ലഭിച്ചതിന്റെ നിരാശയിലാണ് ഷാരൂഖ് ഫാന്‍സില്‍ പലരും. എഡ് ഷീരാന്‍, അര്‍ജിത് സിങ് എന്നിവര്‍ പാടിയിട്ടും ഒരു ചലനവുമുണ്ടാക്കാന്‍ സാധിക്കാത്ത പാട്ട് എന്നാണ് ‘തൂ മില്‍ ജായേ’യെ പലരും വിശേഷിപ്പിക്കുന്നത്. പുതിയ പ്രൊജക്ടുകളുടെ അനൗണ്‍സ്‌മെന്റ് ഇല്ലാത്തതും ആരാധകരെ കൂടുതല്‍ നിരാശരാക്കി.

പത്താന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദും ഷാരൂഖും ഒന്നിക്കുന്ന ചിത്രമാണ് കിങ്. കഹാനി എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുജോയ് ഘോഷാണ് ചിത്രത്തിന്റെ തിരക്കഥ. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, രാഘവ് ജുയല്‍ എന്നിവര്‍ക്കൊപ്പം ഷാരൂഖിന്റെ മകള്‍ സുഹാനാ ഖാനും കിങ്ങില്‍ അണിനിരക്കുന്നു. ഡിസംബര്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Negative response for first single in King Movie starring Shah Rukh Khan and Deepika Padukone