ബിഗ് ബോസ് വീക്കെന്‍ഡ് എപ്പിസോഡില്‍ മത്സരാര്‍ത്ഥിയായ നേഹയുടെ പ്രണയത്തെ എതിര്‍ത്ത് ചാനല്‍ ഫ്‌ളോറില്‍ മാതാപിതാക്കള്‍ സംസാരിച്ചതിന് പിന്നാലെ മോഹന്‍ലാലും നേഹയും തമ്മിലുണ്ടായ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വൈകാരികമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോയ നേഹയോട് ‘ഒന്ന് ചിരിക്ക്’ എന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടതും അതിന് നേഹ നല്‍കിയ മറുപടിയുമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

മാതാപിതാക്കള്‍ വന്ന് പ്രണയത്തെക്കുറിച്ച് പരസ്യമായി വിമര്‍ശിക്കുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു മോഹന്‍ലാലും നേഹയും തമ്മിലുള്ള സംഭാഷണം.

‘ഓക്കേ അല്ലേ?’ എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ ‘പിന്നേ’ എന്നായിരുന്നു നേഹയുടെ മറുപടി. ‘ഭയങ്കര ഓക്കേ ആണ്’ എന്നും ‘Perfect’ ആണ്’ എന്നും നേഹ പറയുന്നുണ്ട്.

‘ഒന്ന് ചിരിക്ക്’ എന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ചിരിക്കാന്‍ പറ്റിയ സിറ്റുവേഷന്‍ ആണല്ലോ’ എന്നാണ് നേഹ പറയുന്നത്‌. ‘എന്നാല്‍ പിന്നെ ഞാന്‍ ചിരിപ്പിച്ചിട്ട് പോകാം’ എന്ന മോഹന്‍ലാലിന്റെ പ്രതികരണത്തിനും നേഹ മറുപടി നല്‍കുന്നില്ല.

ഇത്രയും വൈകാരികമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോയ മത്സരാര്‍ത്ഥിയോട് ചിരിക്കാന്‍ ആവശ്യപ്പെട്ട മോഹന്‍ലാലിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്. തന്റെ മാനസികാവസ്ഥ മറച്ചുവെക്കാതെ, മോഹന്‍ലാലിനോട് പോലും നിലപാട് തുറന്നുപറഞ്ഞ നേഹയുടെ പ്രതികരണത്തെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.

അത്തരം വിമര്‍ശനങ്ങള്‍ക്കിടയിലും സ്വന്തം വികാരവും നിലപാടും തുറന്നുപറഞ്ഞ നേഹയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നവരും കുറവല്ല.

അതേസമയം മാതാപിതാക്കളെ പൂര്‍ണമായും കുറ്റപ്പെടുത്താനാകില്ലെന്നും അവരുടെ പ്രതികരണത്തിന് പിന്നില്‍ സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദങ്ങളും ചില ഇടപെടലുകളും ഉണ്ടായിരിക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ മകളുടെ വ്യക്തിപരമായ തീരുമാനത്തെ എതിര്‍ക്കുമ്പോഴും അത് പരസ്യമായി അവഹേളിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കേണ്ടിയിരുന്നില്ലെന്ന വിമര്‍ശനവുമുണ്ട്.

നേഹയുടെ മാതാപിതാക്കള്‍ക്ക് മകളുടെ പ്രണയത്തോടുള്ള എതിര്‍പ്പ് അറിയിക്കാനായിരുന്നു പരിപാടിയിലേക്ക് എത്തിയതെങ്കില്‍ അത് സ്വകാര്യമായി കൈകാര്യം ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. കണ്‍ഫഷന്‍ റൂമിലോ മറ്റോ വിളിച്ചുവരുത്തി സംസാരിക്കാമായിരുന്ന വിഷയം ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കേണ്ടതില്ലായിരുന്നുവെന്നാണ് വിമര്‍ശനം.

വിഷയം ലൈവില്‍ നിന്ന് പോലും ഒഴിവാക്കി കൈകാര്യം ചെയ്യാനുള്ള അവസരമുണ്ടായിട്ടും ബിഗ് ബോസ് ടീം അത് പരസ്യമായി സംപ്രേഷണം ചെയ്തത് റേറ്റിങ് ലക്ഷ്യമിട്ടാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് അവതാരകനായ മോഹന്‍ലാലിന്റെ നിലപാടും വിമര്‍ശിക്കപ്പെടുന്നത്.

‘ഞാനും ഒരു പെണ്‍കുട്ടിയുടെ പിതാവാണ്’ എന്ന് മോഹന്‍ലാല്‍ പറഞ്ഞതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. സ്വന്തം മകള്‍ക്ക് സമാനമായൊരു സാഹചര്യമുണ്ടായാല്‍ അത് ഇതേ രീതിയില്‍ പൊതുവേദിയില്‍ അവതരിപ്പിക്കുമായിരുന്നോ, അതോ സ്വകാര്യമായി പരിഹരിക്കുമായിരുന്നോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

പരിപാടിയില്‍ നടന്ന സംഭവങ്ങള്‍ നേഹയ്ക്ക് ഉണ്ടാക്കിയേക്കാവുന്ന മാനസിക സമ്മര്‍ദത്തെക്കുറിച്ചും ഷോയ്ക്ക് ശേഷം പുറംലോകത്ത് നേരിടേണ്ടിവരാവുന്ന വിമര്‍ശനങ്ങളെക്കുറിച്ചും ബിഗ് ബോസ് ടീം പരിഗണിക്കേണ്ടിയിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുണ്ട്.

പരിപാടിയുടെ റേറ്റിങ്ങിനും വിനോദമൂല്യത്തിനും അപ്പുറം മത്സരാര്‍ത്ഥികളുടെ വ്യക്തിപരമായ വികാരങ്ങള്‍ക്കും സ്വകാര്യതയ്ക്കും പരിഗണന നല്‍കേണ്ടതുണ്ടെന്നാണ് ഈ വിമര്‍ശനങ്ങളുടെ അടിസ്ഥാനം.

Content Highlight: Bigg boss Mohanlal-Neha Conversation Sparks Discussion