ന്യൂദൽഹി: ദില്ലി ചലോ മാർച്ചിലെ വൻ ജനപങ്കാളിത്തത്തിന് പിന്നാലെ കോൺഗ്രസിനെതിരെ പരിഹാസവുമായി രംഗത്തെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രൂക്ഷമായ മറുപടിയുമായി കോൺഗ്രസ് നേതാവ് പവൻ ഖേര.

ജനവിരുദ്ധനും ഇന്ത്യാവിരുദ്ധനുമായ ഒരു ആഭ്യന്തരമന്ത്രിയുടെ പ്രസംഗം കേട്ട് തങ്ങൾ എന്തിന് സമയം പാഴാക്കണമെന്ന് ഖേര ചോദിച്ചു. അധികം വൈകാതെ തന്നെ അമിത് ഷായുടെ അധികാരക്കസേര തെറിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമിത് ഷാ കോൺഗ്രസിനെക്കുറിച്ച് വീണ്ടും ഒരു ‘ഉപദേശപ്രസംഗം’ നടത്തിയതായി അറിഞ്ഞെന്ന് പവൻ ഖേര പറഞ്ഞു. ‘ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ശബ്ദം കേൾക്കാൻ അവസരമുള്ളപ്പോൾ, ഇന്ത്യാവിരുദ്ധനായ ഒരു ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ കേട്ട് ഞങ്ങൾ എന്തിനാണ് സമയം പാഴാക്കുന്നത്? രാംലീല മൈതാനത്ത് ഒത്തുചേർന്ന പതിനായിരങ്ങളുടെ ഗർജനം ആഭ്യന്തരമന്ത്രിയുടെ ശബ്ദത്തെ പൂർണമായും നിഷ്പ്രഭമാക്കിയിരിക്കുകയാണ്,’ അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി ആകാനുള്ള അത്യാഗ്രഹം തീർക്കാനാണ് രാഹുൽ ഗാന്ധി മോക്ക് പാർലമെന്റ് സംഘടിപ്പിക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം അമിത് ഷാ പരിഹസിച്ചത്.

രാഹുൽ ഗാന്ധിക്ക് വേണമെങ്കിൽ മോക്ക് പാർലമെന്റിൽ പ്രധാനമന്ത്രിയായി തുടരാമെന്നും എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള സ്വപ്നം ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കോൺഗ്രസ് നേതൃത്വം ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.

Content Highlight:‘Why waste time listening to an anti-India Home Minister? He will soon lose his chair’: Pawan Khera against Amit Shah.