സാധാരണരീതിയില്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന സിനിമയുടെ കഥാഗതിയില്‍ ട്വിസ്റ്റും ബൂസ്റ്റിങ്ങും ഉണ്ടാക്കാനായി അണിയറപ്രവര്‍ത്തകര്‍ സ്ഥിരമായി ഉപയോഗിക്കുന്ന കാര്യമാണ് കാമിയോ റോളുകള്‍. ഏതെങ്കിലും സൂപ്പര്‍താരത്തെ കൊണ്ടുവന്ന് അഞ്ചോ പത്തോ മിനിറ്റ് ദൈര്‍ഘ്യമുള്ള വേഷം നല്‍കുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്.

മോളിവുഡിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഈ ട്രെന്‍ഡിലെ പ്രധാന ഇരകള്‍. സമീപകാലത്ത് ഇരുവരും ചെയ്ത ഗസ്റ്റ് റോളുകള്‍ ഒരു ഇംപാക്ടുമുണ്ടാക്കാതെ പോവുകയായിരുന്നു. വലിയ ഹൈപ്പില്‍ കൊണ്ടുവന്ന റോളുകള്‍ പ്രത്യേകിച്ച് ഗുണമുണ്ടാക്കാതെ വന്നതോടെ ട്രോളന്മാര്‍ക്ക് ബിഗ് എംസിന്റെ കാമിയോകള്‍ ട്രോള്‍ മെറ്റീരിയലായി മാറി.

ഈ ലിസ്റ്റില്‍ ഏറ്റവും ഒടുവിലത്തെ ഇരയായിരിക്കുകയാണ് ഉര്‍വശി. തിയേറ്ററില്‍ അധികം ശ്രദ്ധിക്കപ്പെടാതെ, അടുത്തിടെ ഒ.ടി.ടിയിലെത്തിയ അവറാച്ചന്‍ ആന്‍ഡ് സണ്‍സിലാണ് ഉര്‍വശി കാമിയോ ചെയ്തത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അവറാച്ചന്‍ എന്ന കഥാപാത്രത്തെ കല്യാണം കഴിക്കാനെത്തുന്ന ത്രേസ്യക്കുട്ടിയായാണ് ഉര്‍വശി പ്രത്യക്ഷപ്പെട്ടത്.

വധുവിന്റെ ഗെറ്റപ്പില്‍ മാസ് ബി.ജി.എമ്മോടുകൂടിയാണ് ത്രേസ്യക്കുട്ടിയെ സംവിധായകന്‍ അവതരിപ്പിച്ചത്. എന്നാല്‍ അതുവരെയുണ്ടായിരുന്ന സിനിമയുടെ മൊമന്റം ഉര്‍വശിയുടെ കടന്നുവരവോടുകൂടി ഇല്ലാതായെന്നാണ് കമന്റുകള്‍. സമീപകാലത്ത് കണ്ട ഏറ്റവും മോശം കാമിയോകളിലൊന്നെന്നാണ് പലരും ഈ സീനിനെ വിശേഷിപ്പിക്കുന്നത്.

പാവാടയിലെ മഞ്ജു വാര്യര്‍, കുഞ്ഞിരാമായണത്തിലെ റിമി ടോമി എന്നിവരുടെ കാമിയോക്ക് വെല്ലുവിളിയാണ് ഉര്‍വശിയുടെ ത്രേസ്യക്കുട്ടിയെന്നും കമന്റുകളുണ്ട്. ‘ഉര്‍വശി, ഉര്‍വശി ടേക്ക് ഇറ്റ് ഈസി പോളിസി’ എന്ന ഹിറ്റ് പാട്ടിനെ ബി.ജി.എം രൂപത്തിലാക്കിയപ്പോള്‍ മഹാ അബദ്ധമായെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

അടുത്തിടെ പ്രേക്ഷകരെ നിരാശപ്പെടുത്തിയ കാമിയോകളായ ഗില്ലി ബാല ( ഭ ഭ ബയിലെ മോഹന്‍ലാല്‍), ബുള്ളറ്റ് വാള്‍ട്ടര്‍ (ചത്താ പച്ചയിലെ മമ്മൂട്ടി), മാമ്പറക്കല്‍ അഹമ്മദ് അലി (ഖലീഫയില്‍ മോഹന്‍ലാല്‍), കാരിക്കാമുറി ഷണ്മുഖന്‍ (ലോ ആന്‍ഡ് ഓര്‍ഡറിലെ മമ്മൂട്ടി) എന്നീ കഥാപാത്രങ്ങള്‍ക്കൊപ്പം ത്രേസ്യക്കുട്ടിയും ഇടംപിടിച്ചിരിക്കുകയാണ്.

 

 

കാമിയോ റോളുകളെ എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. കഥയിലേക്ക് ബ്ലെന്‍ഡ് ആകുന്ന രീതിയില്‍ അവതിരിപ്പിക്കുന്നതിന് പകരം ആദ്യമേ കാമിയോ റോളിനെ ഫിക്‌സ് ചെയ്ത് അതിലേക്ക് സ്‌ക്രിപ്റ്റ് കൊണ്ടുവരുന്ന രീതിയാണ് പലരും ഉപയോഗിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു.

Content Highlight: Urvashi’s cameo in Avarachan and Sons movie didn’t made any impact