അബിൻ ഹരിഹരൻ സംവിധാനം ചെയ്ത അതേഴ്സ് എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയുമായി ബന്ധപ്പെട്ടുള്ള പ്രസ് മീറ്റിൽ വെച്ചായിരുന്നു നടി ഗൗരി കിഷൻ ബോഡിഷെയ്മിങ് നേരിട്ടതും ആ വേദിയിൽ വെച്ച് തന്നെ താരം തക്കതായ മറുപടി കൊടുത്തതും. ഇപ്പോഴിതാ സുധീർ ശ്രീനിവാസൻ എന്ന യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലായിരുന്നു ആ സംഭവത്തെ പറ്റിയും താൻ അന്ന് കടന്ന് പോയ മാനസിക വിഷമത്തെക്കുറിച്ചും ഗൗരി സംസാരിച്ചത്.

‘ഞാൻ സത്യം പറയുകയാണെങ്കിൽ എനിക്ക് തോന്നുന്നു അതൊരു ഔട്ട് ഓഫ് ബോഡി അനുഭവമായിരുന്നു. സാധാരണയായി ഞാൻ അങ്ങനെയല്ല, എനിക്ക് പെട്ടെന്ന് കരച്ചിൽ വരും. എനിക്ക് സങ്കടം വന്നാൽ ഞാൻ കരയും, വിക്കി സംസാരിക്കും. പക്ഷേ നമ്മൾ പുനർജന്മത്തെ പറ്റി സംസാരിക്കുമ്പോൾ അന്ന് ആ നിമിഷം എനിക്കൊരു പുനർജന്മം ലഭിച്ച പോലെയാണ് തോന്നുന്നത്.

ആ മുറിയിൽ നിന്നും അതിജീവിച്ച് പുറത്തേക്ക് വന്നപ്പോൾ ഒരു ശക്തി ഉണ്ടായിരുന്നത് പോലെ എനിക്ക് ഫീൽ ചെയ്തു. മുറിയിൽ എനിക്ക് ചുറ്റും അവർ കഴുകന്മാരെപ്പോലെയാണ് നിന്നതെന്നാണ് എനിക്ക് തോന്നിയത്. പ്രത്യേകിച്ച് ഒരു സ്ത്രീ എന്ന നിലയിൽ, ക്യാമറ ഇല്ലായിരുന്നുവെങ്കിൽ അവരെന്നെ ഫിസിക്കലി എന്തെങ്കിലും ചെയ്തിട്ടുണ്ടാവില്ലേയെന്ന് വരെ എനിക്കപ്പോൾ തോന്നി.

പ്രസ് മീറ്റ്.Photo. Screen Grab/Youtube.com

കാരണം ആ നിമിഷത്തിൽ എന്റെ സ്വന്തം ടീം കൂടെ എന്നെ കൈവിട്ടതോടെ എനിക്ക് അത്തരമൊരു തോന്നലാണുണ്ടായത്. അവിടെ വെച്ച് അവർ സംസാരിച്ചപ്പോൾ ഞാൻ ട്രിഗറായി എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. എന്നാൽ അതേസമയം എന്റെ ഉള്ളിലെ ഒരു ഭാഗം എന്നോട് കമ്മ്യൂണിക്കേഷൻ നടത്താനും അല്ലെങ്കിൽ കൈയ്യിൽ നിന്ന് പോവുമെന്നൊക്കെ പറയുന്നുണ്ടായിരുന്നു,’ ഗൗരി പറഞ്ഞു.

ആ മുറിയിൽ നിന്ന് ഇറങ്ങിപ്പോകാനല്ല അവിടെ നിൽക്കാനാണ് തനിക്കപ്പോൾ തോന്നിയതെന്നും അല്ലെങ്കിൽ താൻ കരഞ്ഞിട്ട് പോയപോലെ ആകുമായിരുന്നെന്നും നടി പറഞ്ഞു. ആ സമയത്ത് അത്രയൊന്നും ചിന്തിച്ചില്ലെങ്കിലും താൻ തെറ്റ് ചെയ്തിട്ടില്ലല്ലോ പിന്നെന്തിന് താൻ ഇറങ്ങി പോണമെന്ന് തോന്നിയതുകൊണ്ടാണ് അവിടെ തന്നെ നിന്നതെന്നും താരം വ്യക്തമാക്കി. ചിലപ്പോഴൊക്കെ ഡിസ്‌കംഫർട്ടിലിരുന്നുകൊണ്ട് തന്നെ പ്രതികരിക്കണമെന്നും ഗൗരി കൂട്ടിച്ചേർത്തു.

പ്രസ് മീറ്റ്.Photo. Screen Grab/Youtube.com

‘പലരും എന്നോട് ഇതിന്റെ പ്രത്യാഘാതങ്ങളും ഭാവിയും എന്താവുമെന്നും ഇനി സിനിമ കിട്ടുമോ എന്നൊക്കെ ഭയപ്പെട്ട് സംസാരിച്ചിരുന്നു. എനിക്ക് ശരിക്കും അമ്പരപ്പാണ് തോന്നിയത്. എന്തൊരു മണ്ടത്തരവും വിഡ്ഢിത്തരവുമാണ് അവർ ഈ പറയുന്നത് എന്നൊക്കെയാണ് എനിക്ക് തോന്നിയത്. ഞാൻ ആ സമയത്ത് അതൊന്നും ആലോചിച്ചിട്ടില്ല.

പക്ഷേ അപ്പോഴും വേറെ ആളുകൾ എന്റെ കൂടെ ഐക്യദാർഢ്യത്തോടെ നിന്നിട്ടുണ്ട്. എനിക്കത് പ്രതീക്ഷ തന്നിരുന്നു. അതൊരു പത്ത് വർഷം മുൻപാണെങ്കിൽ അങ്ങനെ നിൽക്കില്ലായിരുന്നു. ഇത് എനിക്ക് സമൂഹത്തെക്കുറിച്ച് ഒരു പുതിയ പ്രതീക്ഷ നൽകി. കാര്യങ്ങൾ ഒരു തരത്തിൽ മെച്ചപ്പെട്ടുവരുന്നുണ്ട്, എന്താണ് യാഥാർത്ഥ്യമെന്ന് തിരിച്ചറിയാൻ ആളുകൾക്ക് കഴിയുന്നുണ്ട്,’ ഗൗരി പറഞ്ഞു.

Content Highlight: At that moment, it felt like I had been given a rebirth; they stood around me like vultures, says Gouri Kishan.