‘പ്രണയം’ എന്ന വാക്കിന് പിന്നില്‍ ഒളിച്ചിരിക്കുന്ന ഉടമസ്ഥാവകാശ മനോഭാവവും അധികാരപ്രയോഗവും എത്രത്തോളം അപകടകരമാണ്? ഒരാളുടെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ പ്രണയം എങ്ങനെ അതിക്രമമായി മാറുന്നു? മലയാള സിനിമയില്‍ ഈ ചോദ്യങ്ങള്‍ക്ക് ശക്തമായ ദൃശ്യഭാഷ നല്‍കിയ സംവിധായകനാണ് മനു അശോകന്‍.
2019ല്‍ പുറത്തിറങ്ങിയ ‘ഉയരെ’യിലൂടെ ചര്‍ച്ച ചെയ്ത അതേ സാമൂഹിക വിഷയത്തിലേക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം ‘ഐസ്’ എന്ന വെബ് സീരീസിലൂടെ ഒരിക്കല്‍ക്കൂടി കടന്നുചെല്ലുകയാണ് അദ്ദേഹം.
സോണി ലിവില്‍ സ്ട്രീമിങ് തുടരുന്ന ഏഴ് എപ്പിസോഡുകളുള്ള ‘ഐസ്’, മനു അശോകന്റെ ആദ്യ വെബ് സീരീസ് കൂടിയാണ്. ‘ഉയരെ’ക്ക് ശേഷം തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

‘പ്രണയ’ത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളും പ്രണയം നിരസിക്കപ്പെടുമ്പോഴുള്ള പ്രതികാരവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമാണ് ഉയരെയും ഐസും ചര്‍ച്ചയാക്കുന്നത്. എന്നാല്‍ ഏഴ് എപ്പിസോഡുകളിലായി എത്തിയ ‘ഐസ്’ സ്‌റ്റോക്കിങ് എന്ന വിഷത്തെ കൂടുതല്‍ വിശാലമായ രീതിയിലാണ് സമീപിക്കുന്നത്.
ഉയരെയില്‍ പല്ലവി രവീന്ദ്രന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് മനു അശോകന്‍ ഈ വിഷയം അവതരിപ്പിച്ചത്. പൈലറ്റാകണമെന്ന വലിയ സ്വപ്നവുമായി മുന്നോട്ടുപോകുന്ന പല്ലവിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഗോവിന്ദ് അവളുടെ തീരുമാനങ്ങളെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നയാളാണ്.
പല്ലവിയുടെ സ്വപ്നങ്ങള്‍ക്കും വ്യക്തിത്വത്തിനും മേല്‍ സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഗോവിന്ദിന് അവള്‍ സ്വന്തം ജീവിതത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ അത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള പല്ലവിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതിന് പകരം പ്രതികാരത്തിന്റെ വഴിയിലേക്ക് ഗോവിന്ദ് നീങ്ങുന്നു.

പല്ലവിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് ആക്രമണം നടത്തുന്നതോടെ അവളുടെ ജീവിതം തന്നെ മാറിമറിയുന്നു. എന്നാല്‍ ആക്രമണത്തിന് ശേഷം അവളുടെ ജീവിതം അവസാനിക്കുന്നില്ല. സ്വന്തം സ്വപ്നങ്ങളിലേക്ക് തിരിച്ചെത്താനും ജീവിതം വീണ്ടെടുക്കാനുമുള്ള പല്ലവിയുടെ പോരാട്ടമാണ് സിനിമയുടെ പ്രമേയം.
പ്രണയം നിരസിക്കാനുള്ള സ്ത്രീയുടെ അവകാശവും സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവളുടെ സ്വാതന്ത്ര്യവുമാണ് ‘ഉയരെ’ മുന്നോട്ടുവെക്കുന്നത്. അതേസമയം, പ്രണയം നിരസിക്കപ്പെടുമ്പോള്‍ അത് അംഗീകരിക്കാനാകാതെ പ്രതികാരത്തിലേക്ക് നീങ്ങുന്ന പുരുഷനേയും സിനിമ തുറന്നുകാട്ടുന്നു.
‘ഉയരെ’യില്‍ ഗോവിന്ദ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ അവതരിപ്പിച്ച വിഷയത്തെ കൂടുതല്‍ വിശാലമായ സാമൂഹിക പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണ് ‘ഐസ്’. ഒരു സ്ത്രീയെ പിന്തുടരുകയും അവളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുകയും ചെയ്യുന്ന ഒട്ടനവധി ഗോവിന്ദുമാരെയാണ് ഐസ് കാണിക്കുന്നത്.

വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍ ജീവിക്കുന്ന സ്ത്രീകളും പ്രണയമെന്ന പേരില്‍ അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന, താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ പെരുമാറണമെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാരും അവരുടെ ബന്ധങ്ങളുമാണ് കഥയുടെ ഭാഗമാകുന്നത്.
കേരള പൊലീസും മാനസികാരോഗ്യ വിദഗ്ധരും ചേര്‍ന്ന് സ്റ്റോക്കിങ് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആരംഭിക്കുന്ന ‘ഐസ്’ എന്ന പദ്ധതിയാണ് കഥയുടെ കേന്ദ്രം. കുറ്റകൃത്യങ്ങള്‍ സംഭവിച്ചശേഷം പ്രതികളെ കണ്ടെത്തുന്നതിനപ്പുറം ഇത്തരം പെരുമാറ്റങ്ങളുടെ സൂചനകള്‍ നേരത്തെ തിരിച്ചറിഞ്ഞ് അതിക്രമങ്ങള്‍ തടയാനാകുമോ എന്നതാണ് ഐസിന്റെ ലക്ഷ്യം.
ഇതിനായി പൊലീസുകാരും സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സോഫ്റ്റ്‌വെയര്‍ വിദഗ്ധരും അടങ്ങുന്ന സംഘം പ്രവര്‍ത്തിക്കുന്നു. ഈ സംഘത്തിന് മുന്നിലെത്തുന്ന നാല് വ്യത്യസ്ത കേസുകളിലൂടെയാണ് ഏഴ് എപ്പിസോഡുകളുള്ള സീരീസ് വികസിക്കുന്നത്.

പ്രണയത്തിന്റെ പേരില്‍ ഒരാളെ പിന്തുടരുന്നത് മുതല്‍ വിവാഹബന്ധത്തിനുള്ളിലെ നിയന്ത്രണങ്ങളും മാനസികമായ പീഡനങ്ങളും വരെ സീരീസില്‍ ഭാഗമാകുന്നുണ്ട്.
‘ഉയരെ’യും ‘ഐസും’ തമ്മിലുള്ള പ്രധാന സാമ്യം അവ രണ്ടും പ്രണയത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ പ്രണയമായി അവതരിപ്പിക്കുന്നില്ല എന്നതാണ്. ഒരാളുടെ ഇഷ്ടം അംഗീകരിക്കാതിരിക്കുക, നിരസിക്കപ്പെട്ടാല്‍ പ്രതികാരം ചെയ്യുക, പങ്കാളിയുടെ ജീവിതം നിയന്ത്രിക്കുക തുടങ്ങിയ പ്രവൃത്തികളെ പ്രണയത്തിന്റെ തീവ്രതയായി കാണുന്ന പൊതുബോധത്തെയാണ് രണ്ട് സൃഷ്ടികളും ചോദ്യം ചെയ്യുന്നത്.
എന്നാല്‍ അവതരണത്തില്‍ വലിയ വ്യത്യാസമുണ്ട്. ‘ഉയരെ’ ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന ദുരന്തത്തിലൂടെയും അതില്‍ നിന്നുള്ള അതിജീവനത്തിലൂടെയുമാണ് വിഷയം അവതരിപ്പിച്ചത്. പല്ലവിയുടെ സ്വപ്നങ്ങളും ഗോവിന്ദിന്റെ അധികാരബോധവും പകയുമായിരുന്നു സിനിമയുടെ പ്രധാന ആശയമായത്.

‘ഐസി’ലാകട്ടെ ഒരു വ്യക്തിയുടെ അനുഭവത്തിനപ്പുറം ഇത്തരം അതിക്രമങ്ങള്‍ രൂപപ്പെടുന്ന സാമൂഹികവും മനഃശാസ്ത്രപരവുമായ സാഹചര്യങ്ങളിലേക്കാണ് അന്വേഷണം. ഇരകളുടെ അനുഭവങ്ങള്‍ക്കൊപ്പം അതിക്രമം നടത്തുന്നവരുടെ മാനസികാവസ്ഥയും അവരുടെ കുടുംബ-സാമൂഹിക പശ്ചാത്തലവും പരിശോധിക്കുന്നു.
ഇവിടെയാണ് വെബ് സീരീസിന്റെ സാധ്യത മനു അശോകന്‍ ഉപയോഗിക്കുന്നത്. ഒരു സിനിമയുടെ സമയപരിധിയില്‍ ഒതുക്കേണ്ടതില്ലാത്തതിനാല്‍ വ്യത്യസ്ത കേസുകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഒരേ സാമൂഹിക പ്രശ്‌നത്തിന്റെ പല മുഖങ്ങള്‍ അവതരിപ്പിക്കാന്‍ സീരീസിന് കഴിയുന്നു.
രണ്ട് സൃഷ്ടികളിലും സ്ത്രീകളുടെ സ്വാതന്ത്ര്യവും അതിജീവനവും പ്രധാനമാണ്. ഇതിനൊപ്പം പൊലീസ് ഉദ്യോഗസ്ഥയായ ടീന സെബാസ്റ്റ്യന്‍ (കനി കുസൃതി), സൈക്യാട്രിസ്റ്റായ ഐഷ (നിഖില വിമല്‍), സോഫ്റ്റ്‌വെയര്‍ ഡെവലപ്പറായ വിദ്യ (ശ്രുതി രാമചന്ദ്രന്‍). തന്‍വി (റിയാ ജിത്തു) എന്നിവരിലൂടെ സ്ത്രീകള്‍ തന്നെ അന്വേഷണത്തിന്റെയും പ്രതിരോധത്തിന്റെയും കേന്ദ്രസ്ഥാനത്തേക്ക് എത്തുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള കഥകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മിക്കവാറും പുരുഷന്മാരാകും. എന്നാല്‍ ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ സ്ത്രീകള്‍ തന്നെ നേതൃത്വം നല്‍കുന്ന ഒരു സംഘത്തെ അവതരിപ്പിക്കുന്നതിലൂടെയും ‘ഐസ്’ വ്യത്യസ്തമാകുന്നുണ്ട്.
‘ഉയരെ’യിലെ ഗോവിന്ദിനെപ്പോലുള്ള മനുഷ്യര്‍ യാഥാര്‍ഥത്തില്‍ പല രൂപങ്ങളില്‍ ഉണ്ടെന്ന് കാണിക്കുകയാണ് ഐസ്. അതിനൊപ്പം തന്നെ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് പിന്നിലെ മാനസിക കാരണങ്ങള്‍ മനസിലാക്കുകയും അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഇടപെടലുകള്‍ നടത്തുക കൂടിയാണ് അഞ്ജനയുടെ കഥയില്‍ ബോബി-സഞ്ജയ് തിരക്കഥയൊരുക്കി മനു അശോകന്‍ സംവിധാനം ചെയ്ത ഐസ്.
Content Highlight: After ‘Uyare’, Manu Ashokan’s ‘Eyes’ explores the same themes once again
