ലണ്ടന്‍: ഫലസ്തീനിലെ കുട്ടികള്‍ നമ്മുടെ കുട്ടികളാണെന്ന് അമേരിക്കന്‍ റാപ്പര്‍ മാക്കിള്‍ മാര്‍. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം സംഘടിപ്പിച്ച ആഗോള സംഗീത പര്യടനം ഫ്രീ ഫലസ്തീന്‍ ടൂറിന്റെ സമാപന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഒക്ടോബര്‍ 30 വെള്ളിയാഴ്ച ലണ്ടനിലെ പ്രശസ്തമായ ഒവിഒ അരീന വെംബ്ലിയില്‍ നടന്ന പരിപാടിയോടെയാണ് മൂന്ന് യൂറോപ്യന്‍ നഗരങ്ങളിലായി നടന്ന ഈ ചാരിറ്റി സംഗീത യാത്രയ്ക്ക് തിരശീല വീണത്. പന്ത്രണ്ടായിരത്തി അഞ്ഞൂറിലധികം കാണികള്‍ പങ്കെടുത്ത ലണ്ടന്‍ ഷോ പൂര്‍ണമായും ഹൗസ്ഫുള്ളായിരുന്നു.

ഗസയിലെ കുരുന്നുകളെ സ്വന്തം കുട്ടികളായി കണ്ട് ആഗോള സമൂഹം ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

‘ഒരു ഘട്ടത്തില്‍, മിണ്ടാതിരിക്കുന്നത് സംസാരിക്കുന്നതിനേക്കാള്‍ എന്നെ അസ്വസ്ഥനാക്കി. ഇതിനെക്കുറിച്ച് സംസാരിക്കുന്നത് വലിയ ധീരതയോ വീര്യമോ ആണെന്ന് ഞാന്‍ കരുതുന്നില്ല. അതൊരു മനുഷ്യത്വമാണ്. ഗസയിലെ ആ കുട്ടികള്‍ നമ്മുടെ കുട്ടികള്‍ തന്നെയാണ്. അവിടെ നമ്മള്‍ തമ്മില്‍ യാതൊരു വേര്‍തിരിവുകളുമില്ല,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറില്‍ പ്രശസ്ത പോപ്പ് ഗായകന്‍ എഡ് ഷീരന്റെ യു.എസ് സ്റ്റേഡിയം ടൂറില്‍ സഹഗായകനായി മാക്കിള്‍മോര്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ഫലസ്തീന്‍ അനുകൂല നിലപാടുകളുടെയും പ്രസംഗങ്ങളുടെയും പേരില്‍ ടൂര്‍ പ്രൊമോട്ടര്‍മാരും സ്റ്റേഡിയം അധികൃതരും സമ്മര്‍ദ്ദം ചെലുത്തിയതിനെ ടൂറില്‍ നിന്ന് ഒഴിവാക്കി.

ഇതില്‍ പ്രതിഷേധിച്ച് എഡ് ഷീരന്റെ ടൂറിലെ മറ്റ് സഹഗായകരായ ഫിനിയാസ്, ലൂക്കാസ് ഗ്രഹാം, ഐറിഷ് ബാന്‍ഡ് ആയ ‘ബിയോഗ’ എന്നിവര്‍ മാക്കിള്‍മോറിന് പിന്തുണ പ്രഖ്യാപിച്ച് എഡ് ഷീരന്റെ ഷോകളില്‍ നിന്ന് സ്വയം പിന്മാറി. പ്രൊഫഷണല്‍ രംഗത്ത് നേരിട്ട ഈ വെല്ലുവിളികള്‍ക്ക് മറുപടിയായാണ് മാക്കിള്‍മോര്‍ സ്വന്തം നിലയ്ക്ക് ഡബ്ലിന്‍, പാരീസ്, ലണ്ടന്‍ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ചാരിറ്റി മിനി-ടൂര്‍ പ്രഖ്യാപിച്ചത്.

ലണ്ടനിലെ വെംബ്ലി അരീനയില്‍ നടന്ന സമാപന പരിപാടിയില്‍ പ്രശസ്ത ഗായിക പലോമ ഫെയ്ത്ത്, നെമാസിസ്, ഫലസ്തീന്‍ ആക്ടിവിസ്റ്റ് അറബ് ബര്‍ഗൂതി എന്നിവര്‍ പങ്കെടുത്തു. കൂടാതെ ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗ് വേദിയിലെത്തി ശക്തമായ ഫലസ്തീന്‍ അനുകൂല പ്രസംഗം നടത്തി.

ഹോളിവുഡ് താരങ്ങളായ മാര്‍ക്ക് റഫലോ, സൂസന്‍ സരണ്ടന്‍, ജാവിയര്‍ ബാര്‍ഡം, സിന്തിയ നിക്‌സണ്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി പരിപാടിയുടെ ഭാഗമായി. അതേസമയം, മാക്കിള്‍മോറിന്റെ ലണ്ടനിലെ പ്രവേശനം നിരോധിക്കണമെന്നും പരിപാടി തടയണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ 50 അംഗങ്ങള്‍ യു.കെ സര്‍ക്കാരിന് കത്തയച്ചിരുന്നു.

എന്നാല്‍ വേദിയില്‍ വെച്ച് മാക്കിള്‍മോര്‍ ഈ രാഷ്ട്രീയ നീക്കങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞു. ‘ആ 50 ലോര്‍ഡ്സ് എന്ത് പറഞ്ഞാലും, ഇത് ഭൂമിയിലെ എല്ലാ മനുഷ്യരുടെയും തുല്യതയുടെ കഥയാണ്,’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഈ മൂന്ന് സംഗീത പരിപാടികളില്‍ നിന്നും ടിക്കറ്റ് വില്‍പനയിലൂടെയും മറ്റ് അനുബന്ധ വരുമാനത്തിലൂടെയും ലഭിച്ച മുഴുവന്‍ തുകയും ഗസയിലെ ദുരിതബാധിതര്‍ക്കായി കൈമാറുമെന്ന് മാക്കിള്‍മോറിന്റെ ടീം അറിയിച്ചു.

ഹീല്‍ ഫലസ്തീന്‍ , മെഡിക്കല്‍ എയ്ഡ് ഫോര്‍ ഫലസ്തീന്‍ , യു.എന്‍ആര്‍.ഡബ്ല്യു.എ യു.എസ്.എ, ഗസ്സസ സൂപ്പ് കിച്ചന്‍ ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയ്ക്ക് അടിയന്തര വൈദ്യസഹായവും ഭക്ഷണവും എത്തിക്കുന്ന 12 പ്രമുഖ സംഘടനകള്‍ക്കാണ് ഈ തുക നല്‍കുന്നത്.

 

Content Hifghlight: ‘Children in Gaza are our own children’ — American rapper Macklemore becomes emotional on stage in London; tens of thousands respond with applause.