ന്യൂദൽഹി: 2027-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക ആം ആദ്മി പാർട്ടി (എ.എ.പി) പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.

നേതൃത്വവുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് മൂന്ന് സിറ്റിങ് എം.എൽ.എമാർ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു.

സനൂർ എം.എൽ.എ ഹർമീത് സിങ് പതൻമജ്റ, സമന എം.എൽ.എ ചേതൻ സിങ് ജോരമജ്റ, അമൃത്സർ നോർത്ത് എം.എൽ.എ കുൻവർ വിജയ് പ്രതാപ് സിങ് എന്നിവരാണ് എ.എ.പി വിട്ടത്. തിങ്കളാഴ്ച ദൽഹിയിലെ ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തിയ നേതാക്കൾ പാർട്ടി അംഗത്വം സ്വീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എം.എൽ.എമാരുടെ കൂറുമാറ്റം പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നേതാക്കൾ പാർട്ടി വിട്ടത്.

സംസ്ഥാനത്ത് അഴിമതിയും ഗുണ്ടാവിളയാട്ടവും കൊലപാതകങ്ങളും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും ക്രമസമാധാനപാലനത്തിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്നും ബി.ജെ.പിയിൽ ചേർന്ന ശേഷം ഹർമീത് സിങ് പതൻമജ്റയും ചേതൻ സിങ് ജോരമജ്റയും ആരോപിച്ചു.

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും സംസ്ഥാനത്തെ ലഹരിമുക്തമാക്കാനുള്ള ബി.ജെ.പിയുടെ ശക്തമായ നിലപാടാണ് തങ്ങളെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്നും ഇവർ പറഞ്ഞു.

Content Highlight: Rift in AAP following candidate list; three MLAs join BJP