ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈദാനിയില്‍ നടന്ന ഇന്ത്യാ സഖ്യ മാര്‍ച്ചിനെതിരെ പരിഹാസവുമായി ബി.ജെ.പി. റാലിയില്‍ 10 ലക്ഷം ആളുകളൊന്നും പങ്കെടുത്തിട്ടില്ലെന്നും വന്‍ ജനപങ്കാളിത്തം ഉണ്ടെന്ന് കാണിക്കാനായി ‘ട്രിക്ക് ഫോട്ടോഗ്രാഫി’ ഉപയോഗിച്ചുവെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.
10 ലക്ഷം ആളുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ അവകാശവാദമെന്നും എന്നാല്‍ മൈതാനത്തിന്റെ വലിയൊരു ഭാഗം ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ആളുകള്‍ എത്തിയിരുന്നില്ലെന്നും ബി.ജെ.പി വക്താവ് സംബിത് പത്ര വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.
ജനക്കൂട്ടത്തെ വ്യാജമായി കാണിക്കാന്‍ ക്ലോസ് അപ്പ് ദൃശ്യങ്ങളും ട്രിക്ക് ഫോട്ടോഗ്രാഫിയും ഉപയോഗിച്ചുവെന്ന് ബി.ജെ.പി നേതാവ് വാദിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സമയം പാഴാക്കുന്നത് പോലെയായിരുന്നുവെന്നും രാവിലെ മുതല്‍ തങ്ങള്‍ അത് നിരീക്ഷിക്കുകയായിരുന്നുവെന്നും പത്ര വാദിച്ചു.
ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ കൊണ്ട് ഒരാള്‍ക്കും പ്രധാനമന്ത്രിയാവാന്‍ കഴില്ലെന്നും കഠിനാധ്വാനമാണ് അതിന് വേണ്ടതെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
‘രാഹുല്‍ ഗാന്ധി ജീ, ഇത് നിങ്ങളുടെ പിതാവിന്റെ രാജ്യമല്ല. ഈ ഇന്ത്യ ഇന്ത്യയിലെ ജനങ്ങളുടെതാണ്. ഒരു ചായ വില്പ്പനക്കാരന് പോലും പ്രധാനമന്ത്രിയാവാം. ഒരു ചായക്കടക്കാരന് പ്രധാന മന്ത്രിയാവാം, ഒരു സാധാരണക്കാരന് ആഭ്യന്തര മന്ത്രിയാവാം,’ പത്ര പറഞ്ഞു.
തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും രാജ്യം നിങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ബി.ജെ.പി നേതാവ് വാദിച്ചു.
Content Highlight: Opposition rally is a deception: BJP claims the turnout did not reach ten lakh and that the visuals are the result of trick photography.
