ആദ്യസിനിമയിലൂടെ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധ നേടിയ സംവിധായകരുടെ ലിസ്റ്റില്‍ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് രാജാ കറുപ്പസാമി. വലിയ താരനിരയും ബജറ്റുമൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ മൊത രാത്രി തമിഴില്‍ ഈ വര്‍ഷത്തെ മികച്ച ഹിറ്റുകളിലൊന്നായി മാറി. ഒ.ടി.ടി റിലീസിന് ശേഷം മലയാളികള്‍ക്കിടയിലും ചിത്രം ശ്രദ്ധ നേടി.

സംവിധാനത്തിനൊപ്പം ചിത്രത്തിലെ പ്രധാന വേഷം ചെയ്തും രാജ കൈയടി നേടി. നിതീഷ് എന്ന കഥാപാത്രം രാജയുടെ കൈയില്‍ ഭദ്രമായിരുന്നു. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാജയുടെ ആദ്യ സ്വതന്ത്ര സംവിധാനം തന്നെ ശ്രദ്ധിക്കപ്പെട്ടു. സിനിമാപ്രേമി എന്ന നിലയില്‍ തന്നെ സ്വാധീനിച്ചതില്‍ മലയാള സിനിമകളുണ്ടെന്ന് രാജാ കറുപ്പസാമി പലകുറി പറഞ്ഞിട്ടുണ്ട്.

തമിഴ് സിനിമക്കൊപ്പം മലയാള സിനിമയും തന്റെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും പല സിനിമകളും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും രാജ പറഞ്ഞു. മറ്റ് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ താരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന റോളുകള്‍ മലയാളത്തിലെ താരങ്ങള്‍ ചെയ്യാറുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. റീല്‍ ട്രൈബിനോട് സംസാരിക്കുകയായിരുന്നു രാജാ കറുപ്പസാമി.

‘മലയാള സിനിമ കണ്ടുതുടങ്ങിയത് ഫ്രണ്ട്‌സ് സജസറ്റ് ചെയ്തതുകൊണ്ടാണ്. ഓരോ സിനിമയും വ്യത്യസ്ത അനുഭവമായിരുന്നു. പല സിനിമകളും എന്നെ അത്ഭുതപ്പെടുത്തി. അതില്‍ എടുത്ത് പറയേണ്ട ചില പടങ്ങളുണ്ട്. അതിലൊന്നാണ് കുരുതി. പൃഥ്വിരാജിനെപ്പോലെ ഒരു സൂപ്പര്‍സ്റ്റാര്‍ ഇത്തരമൊരു ചാലഞ്ചിങ് റോള്‍ ചെയ്തത് എടുത്ത് പറയേണ്ടതാണ്. വളരെ സെന്‍സിറ്റീവായ ടോപിക്ക് പറഞ്ഞതാണ് ആ സിനിമയുടെ സ്‌പെഷ്യാലിറ്റി.

പണ്ടും ഇതുപോലെയുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഗുരു എന്ന സിനിമ അതിന് എക്‌സാമ്പിളാണ്. ആ സിനിമയുടെ ഓപ്പണിങ് സീന്‍ തന്നെ ഒന്ന് ആലോചിച്ച് നോക്കൂ. മുസ്‌ലിം തൊപ്പി ധരിച്ചുകൊണ്ട് ഒരു ഹിന്ദു പയ്യന്‍ അമ്പലത്തില്‍ കയറുന്നത് വലിയൊരു കലാപത്തിന് കാരണമാകുന്നു. ഇന്നത്തെ കാലത്ത് അത്തരമൊരു സീനിനെക്കുറിച്ച് ആലോചിച്ചാല്‍ തന്നെ വിവാദമാകും. മലയാളത്തില്‍ മാത്രമേ ഇത്തരം കഥകള്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ സാധിക്കുള്ളൂ,’ രാജാ കറുപ്പസാമി പറയുന്നു.

കാതല്‍, മുംബൈ പൊലീസ് പോലുള്ള സിനിമകളും മോളിവുഡിന്റെ സവിശേഷതയാണെന്ന് രാജ പറഞ്ഞു. ഇത്തരം സിനിമകളെല്ലാം തന്നെ വലിയ രീതിയില്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ടെന്നും മൊത രാത്രിയില്‍ അതിന്റെയെല്ലാം ഷെയ്ഡ് കാണാനാകുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന് കേരളത്തില്‍ നിന്ന് ലഭിച്ച റെസ്‌പോണ്‍സില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും രാജാ കറുപ്പസാമി പറഞ്ഞു.

Content Highlight: Raja Karuppasamy about the opening scene of Malayalam movie Guru