ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സി.ഒ.ഇ) ഞായറാഴ്ച നടന്ന ഫിറ്റ്‌നെസ് പരിശോധനയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ് പര്യടനത്തിന് മുമ്പായി താരത്തിന് ഫിറ്റ്‌നെസ് പരിശോധനയ്ക്ക് ഒരവസരം കൂടി നല്‍കിയതായി ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ ആദ്യം ജമ്മു കശ്മീരിനെതിരെ നടന്ന ഇറാനി കപ്പിനിടെ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ പേശികള്‍ക്ക് പരിക്കേറ്റ പന്ത് ഒക്ടോബര്‍ 23 മുതല്‍ സി.ഒ.ഇയില്‍ റീഹാബിലിറ്റേഷനിലാണ്. ചികിത്സയുടെ ഭാഗമായി ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും താരം പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ഫിറ്റ് ആണെന്ന് കണ്ടെത്തിയാല്‍, നവംബര്‍ 7ന് ലിങ്കണില്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മൂന്നാം ഫോര്‍ ഡേ ടെസ്റ്റില്‍ ഇന്ത്യ എ ടീമിനൊപ്പം പന്ത് ചേരാന്‍ സാധ്യതയുണ്ട്. രണ്ട് മത്സരങ്ങളടങ്ങുന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കമായാണ് ഈ മത്സരത്തെ കാണുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് നവംബര്‍ 19ന് വെല്ലിങ്ടണില്‍ ആരംഭിക്കും.

ന്യൂസിലന്‍ഡിലേക്ക് യാത്ര ചെയ്യാന്‍ പന്ത് സജ്ജനാണോ എന്ന് തീരുമാനിക്കാന്‍ ബി.സി.സി.ഐ മെഡിക്കല്‍ സംഘം അടുത്ത രണ്ട് ദിവസത്തിനകം വീണ്ടും ഫിറ്റ്‌നസ് പരിശോധന നടത്തുമെന്നാണ് പ്രതീക്ഷ. ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ താരത്തിന് പങ്കെടുക്കാനാവുമോ എന്നത് ഫിറ്റ്‌നെസ് ക്ലിയറന്‍സിനനുസരിച്ചാകും.

ന്യൂസിലാന്‍ഡ് എയ്‌ക്കെതിരെ മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ പന്ത് ഉണ്ടായിരുന്നു. പരിക്കിനെത്തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും പന്തിനെ ഒഴിവാക്കുകയായിരുന്നു.

പന്തിന് പകരക്കാരനായി ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവതാരം കുമാര്‍ കുശാഗ്രയെ ബി.സി.സി.ഐ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ രണ്ട് മത്സരങ്ങളിലും പ്ലെയിങ് ഇലവനില്‍ കുശാഗ്രയ്ക്ക് സ്ഥാനം കിട്ടിയില്ല.

രണ്ടാം ഫിറ്റ്‌നെസ് പരിശോധനയിലും പരാജയപ്പെട്ടാല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ പന്ത് ഉണ്ടാവാനിടയില്ല. അങ്ങനെ വന്നാല്‍ ഇപ്പോള്‍ ഇന്ത്യ എയെ നയിക്കുന്ന ധ്രുവ് ജുരേല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.

അതേസമയം, ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ജസ്പ്രീത് ബുംറ കളിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2025 നവംബറിന് ശേഷം ബുംറ റെഡ് ബോളില്‍ കളിച്ചിട്ടില്ല.

Content  Highlight: Pant to undergo second fitness test before leaving for New Zealand