കൊച്ചി: കാലടി സര്‍വകലാശാലയില്‍ സമരം ചെയ്തതിന് സസ്പെന്‍ഡ് ചെയ്ത 16 പേരില്‍ 12 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം. എന്നാല്‍ നാല് പേരുടെ സസ്പെന്‍ഷന്‍ രണ്ട് മാസം കൂടി നീട്ടി.

12 വിദ്യാര്‍ത്ഥികളും മാപ്പ് എഴുതിക്കൊടുത്താല്‍ മാത്രം സസ്പെന്‍ഷന്‍ പിന്‍വലിക്കുമെന്നും സിന്‍ഡിക്കേറ്റ് നിബന്ധന വെച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളാരും മാപ്പെഴുതി നല്‍കില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. കുട്ടികളാരും കുറ്റം ചെയ്തിട്ടില്ല. കുറ്റം ചെയ്‌തെന്ന് അവര്‍ തന്നെ പറഞ്ഞ് സസ്പെന്‍ഷന്‍ നല്‍കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളെ 60 ദിവസം പുറത്താക്കിയ ശേഷം ഇപ്പോള്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുകയാണ്. അതിനു പുറമേ മാതാപിതാക്കളെത്തി ഇനി പ്രശ്നമുണ്ടാകില്ലെന്നു അറിയിക്കണം. ഇതെല്ലാം ആര്‍.എസ്.എസ് ബുദ്ധിയാണ്. മാപ്പെഴുതി കൊടുത്ത് ശീലമുള്ളത് ആര്‍.എസ്.എസുകാര്‍ക്കാണെന്നും എസ്.എഫ്.ഐക്കാര്‍ മാപ്പെഴുതി നല്‍കില്ലെന്നും സഞ്ജീവ് പറഞ്ഞു.

പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിപ്പിക്കെരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുന്ന സര്‍വകലാശാലയ്ക്കെതിരെ എസ്.എഫ്.ഐ നിരാഹാര സമരം ആഹ്വാനം ചെയ്തിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സംസാരിക്കവെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദാണ് സമര പ്രഖ്യാപനം നടത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ വീതം കാലടി സര്‍വകലാശാലയില്‍ നിരാഹാരമിരിക്കുമെന്നാണ് ശിവപ്രസാദ് അറിയിച്ചു.

ആഗസ്റ്റ് 13നായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വി.സി സിസ തോമസിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് പ്രവര്‍ത്തനരഹിതമായ ലൈറ്റുകള്‍ കൊണ്ടുവന്നായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. വി.സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു.

ഇതിന് പിന്നാലെ തനിക്കെതിരെ കയ്യേറ്റം നടന്നുവെന്ന് സിസ തോമസ് ആരോപിച്ചിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടെന്നും ഔദ്യോഗിക വാഹനം നശിപ്പിച്ചെന്നും സിസ തോമസ് ആരോപിച്ചിരുന്നു. സംഭവത്തില്‍ സിസ തോമസ് പിന്നീട് പരാതി നല്‍കുകയായിരുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുക തുടങ്ങി 18 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ എസ്.എഫ്.ഐ സമരം നടത്തിയത്.

Content Highlights: Kalady Sanskrit University – suspension for 12 out of 16 students revoked