പ്രതീക്ഷിച്ചത് 1,500-2,000 പേരെ, അപേക്ഷ നല്‍കാനെത്തിയത് ഏഴായിരത്തിലേറെപ്പേര്‍. കോഴിക്കോട് കാരന്തൂരിലെ ഹരഹര മഹാദേവ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച സൗജന്യ വിവാഹ രജിസ്ട്രേഷന് ക്യാമ്പില്‍ അനുഭവപ്പെട്ട വന്‍ ജനത്തിരക്ക് കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിലേക്ക് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.
അപേക്ഷകരില്‍ 80 ശതമാനവും പുരുഷന്മാര്. 30 വയസ്സ് പിന്നിട്ടിട്ടും വിവാഹം നടക്കാത്തവരും 40-ഉം 50-ഉം വയസ്സായിട്ടും ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. മക്കളുടെ വിവാഹം നടക്കാത്തതിലുള്ള ആശങ്കയുമായി മാതാപിതാക്കളും ക്യാമ്പിലെത്തി. എന്തുകൊണ്ടാണ് കേരളത്തില്‍ ഇത്രയധികം പുരുഷന്മാര് വിവാഹത്തിനായി കാത്തിരിക്കേണ്ടിവരുന്നത്?
വിവാഹം എന്നത് ഒരുകാലത്ത് വ്യക്തികളുടെ ജീവിതത്തിലെ സ്വാഭാവികമായ അടുത്ത ഘട്ടമായാണ് കേരളീയ സമൂഹം കണ്ടിരുന്നത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക, ജോലി നേടുക, വിവാഹം കഴിക്കുക, കുടുംബം ആരംഭിക്കുക എന്നതായിരുന്നു പൊതുവായി പിന്തുടര്ന്നുവന്ന ജീവിതക്രമം. എന്നാല്‍ കാലം മാറിയതോടെ ഈ കാഴ്ചപ്പാടുകളിലും വലിയ മാറ്റങ്ങളുണ്ടായി. വിവാഹപ്രായം ഉയര്‍ന്നു. വ്യക്തിസ്വാതന്ത്ര്യത്തിനും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും പ്രാധാന്യം കൂടി. വിവാഹം ജീവിതത്തില്‍ നിര്‍ബന്ധമായും സംഭവിക്കേണ്ട ഒന്നല്ലെന്ന നിലപാടും ശക്തമായി.
എന്നാല്‍ ഈ മാറ്റങ്ങള്‍ക്കിടയിലും വിവാഹം നടക്കാതെ പോകുന്നതും അനുയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്തതും വലിയൊരു വിഭാഗം പുരുഷന്മാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. കാരന്തൂര്‍ ക്ഷേത്രത്തിലെ ക്യാമ്പ് ഈ സാഹചര്യത്തിന്റെ ഒരു സൂചനയാണ്.
വിവാഹത്തിനായി അപേക്ഷ നല്കാനെത്തിയവരുടെ എണ്ണം മാത്രമല്ല, അവര്‍ക്കൊപ്പം എത്തിയ മാതാപിതാക്കളുടെ ആശങ്കകളും കേരളത്തിലെ വിവാഹസങ്കല്പങ്ങളിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.
ഇതിപ്പോള്‍ ഞങ്ങളുടെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്ന വാളായി മാറി

കാരന്തൂര്‍ ഹരഹര മഹാദേവ ക്ഷേത്രത്തില്‍ നടന്ന സൗജന്യ വിവാഹ രജിസ്ട്രേഷന് ക്യാമ്പിലേക്ക് സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ പലമടങ്ങ് ആളുകളാണ് എത്തിയത്. 1,500-ഓളം അപേക്ഷാ ഫോമുകള്‍ തയ്യാറാക്കിയിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ ഫോട്ടോകോപ്പികളും പിന്നീട് ആയിരക്കണക്കിന് അധിക ഫോമുകളും അച്ചടിക്കേണ്ടിവന്നു. ക്ഷേത്രപരിസരവും കടന്ന് ദേശീയപാതയിലെ ബസ് സ്റ്റോപ്പുകള്‍ വരെ നീണ്ട നിര നിയന്ത്രിക്കാന്‍ പൊലീസിനും ഇടപെടേണ്ടിവന്നു.
ക്യാമ്പിന് ഇത്രയധികം ആളുകളെ ആകര്ഷിച്ചതില് സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ടെന്നാണ് സംഘാടകരിലൊരാള്‍ പറയുന്നത്.
‘ക്ഷേത്രപരിസരത്ത് കുറച്ച് ബോര്‍ഡുകള്‍ മാത്രമേ ഞങ്ങള്‍ വെച്ചിരുന്നുള്ളൂ. ബാക്കി എല്ലാ കാര്യങ്ങളും ഏറ്റെടുത്തത് സോഷ്യല്‍ മീഡിയയാണ്. സോഷ്യല്‍ മീഡിയയാണ് ഈ പരിപാടി കാര്യമായി ഏറ്റെടുത്തത്,’ സംഘാടകരിലൊരാള്‍ പറഞ്ഞു.
ക്യാമ്പിലെത്തിയവരുടെ പ്രായവും അവരുടെ കുടുംബങ്ങളുടെ ആശങ്കകളും ഈ തിരക്കിന് പിന്നിലെ സാമൂഹിക സാഹചര്യം കൂടി വ്യക്തമാക്കുന്നുണ്ട്. 45-ഉം 50-ഉം വയസ്സുള്ള മക്കളെ വിവാഹം കഴിപ്പിക്കാനായി അമ്മമാര്‍ ക്യാമ്പിലെത്തിയെന്നും ക്ഷേത്രത്തിലെ തിരുമേനി പറയുന്നു.
‘1,500-2,000 ആളുകളെയായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഏകദേശം 7,000-8,000 ആളുകള്‍ എത്തിയിട്ടുണ്ട്. 45-50 വയസ്സുള്ളവരെയൊക്കെയാണ് അമ്മമാര്‍ കൂട്ടിക്കൊണ്ടുവരുന്നത്. ഒരു കുട്ടി മതി, ഒന്നും പ്രശ്നമില്ല. ജാതി പ്രശ്നമല്ല, ജാതകം പ്രശ്നമല്ല എന്നൊക്കെയാണ് പൊതുവില്‍ വന്നിരിക്കുന്നവര്‍ പറയുന്നത്. അത്രയും പരിതാപകരമായ അവസ്ഥയിലാണ് പലരും വന്നിരിക്കുന്നത്. 100 പേര്‍ക്ക് ഇല്ലെങ്കിലും 10 പേര്‍ക്കെങ്കിലും ഒരു സന്തോഷം ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റുമെങ്കില്‍ അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം,’ ഹരഹര മഹാദേവ ക്ഷേത്രത്തിലെ തിരുമേനി പറയുന്നു.

വിവാഹം ആഗ്രഹിച്ചിട്ടും നടക്കാത്തവരുടെ എണ്ണം ഇത്രയധികമാണെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തിരുമേനി പറയുന്നു. തുടക്കത്തില്‍ സന്തോഷത്തോടെ ഏറ്റെടുത്ത ക്യാമ്പ് ഇപ്പോള്‍ വലിയ ഉത്തരവാദിത്തവും ആശങ്കയുമായി മാറിയെന്നും അദ്ദേഹം പറയുന്നു.
‘വിവാഹത്തിന് ബുദ്ധിമുട്ടുന്ന ഹിന്ദുസമൂഹത്തെ ഏതെങ്കിലും രീതിയില്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ഈ ലക്ഷ്യത്തിന് പിന്നില്‍. അതിനായി ഞങ്ങള്‍ പലതും ചെയ്യുന്നുണ്ട്. അക്കൂട്ടത്തില്‍ ഇതും കൂടി ചെയ്യാമെന്ന് കരുതിക്കൊണ്ടാണ് തുടങ്ങിയത്. ആ സമയത്ത് ഈ വിവരം ചെറിയ രീതിയില്‍ ആളുകളിലേക്ക് എത്തിച്ചിരുന്നു.
കോഴിക്കോട് ജില്ലയില്‍ നിന്നും കുറച്ചുപേര്‍ എത്തുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആ പ്രതീക്ഷയെയൊക്കെ തകിടം മറിച്ചുകൊണ്ട് ആളുകളുടെ ഒരു വന്‍ ഒഴുക്കുണ്ടായി. ഇവിടെ ജനസമുദ്രമായി മാറിയെന്ന് പറയാം. ഉച്ചയായപ്പോഴേക്കും നിറഞ്ഞുകവിഞ്ഞു. ആളുകള്‍ സമീപത്തൊക്കെയായി റൂമെടുത്ത് താമസിച്ചിട്ട് ഇവിടെ വരാന്‍ തുടങ്ങി. എന്താണ് ഇതിന് പിന്നില്‍ എന്ന് ഞങ്ങള്‍ക്കും മനസിലായില്ല.
‘പക്ഷേ കേരളത്തിലെ വിവാഹത്തെക്കുറിച്ചുള്ള ഒരു വലിയ സ്വപ്നത്തിന് തടസമായ എന്തോ നടക്കുന്നുണ്ട്. വലിയ വിവാഹപ്രശ്നങ്ങള്‍ നടക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യമാണ് വെളിപ്പെടുന്നത്. വലിയ വേദനകള്‍ നിറഞ്ഞ അപേക്ഷകളാണ് വരുന്നത്. കുട്ടിയുടെ വിവാഹം കാണാതെ മരിച്ചുപോകുമോ എന്ന ആധിയാണ് അമ്മമാര്‍ പങ്കുവെക്കുന്നത്.’
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജാതകം പരിശോധിച്ചശേഷം പൊരുത്തമുള്ളവരെ വിളിച്ചുവരുത്തി സംസാരിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് സംഘാടകരുടെ തീരുമാനം.
‘ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജാതകം പറ്റുമോ എന്ന് ഞങ്ങള്‍ പരിശോധിച്ചശേഷം അവരെ വിളിച്ചുവരുത്തി സംസാരിക്കാനുള്ള വേദിയൊരുക്കും. സാഹചര്യങ്ങള്‍ ഒരുക്കും. പരസ്പരം താല്പര്യമുണ്ടെങ്കില് അവര്‍ക്ക് തീരുമാനമെടുക്കാം,’ തിരുമേനി പറയുന്നു.

എന്നാല്‍ ഇത്രയധികം അപേക്ഷകള്‍ ലഭിച്ചതോടെ സംഘാടകരുടെ ഉത്തരവാദിത്തവും വര്‍ധിച്ചിട്ടുണ്ട്. ‘ഇവിടെ നിന്ന് പങ്കാളിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പലരും വന്നിരിക്കുന്നത്. ഇത് ഇപ്പോള്‍ തലയില്‍ തൂങ്ങിനില്‍ക്കുന്ന വാളായി മാറുകയാണ്. വലിയ ഗൗരവമുള്ള വിഷയമാണ്. തുടക്കത്തില്‍ സന്തോഷത്തിലായിരുന്നു. ഇപ്പോള്‍ വിഷമത്തിലാണ്,’ തിരുമേനി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ വിവാഹം നടക്കാത്ത പുരുഷന്മാരുടെ എണ്ണം എത്രയാണെന്ന ചോദ്യത്തിന് ലഭ്യമായ പ്രധാന കണക്കുകളിലൊന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അഞ്ചാം ഘട്ടത്തിലേതാണ്. 2019-20 കാലയളവില്‍ നടത്തിയ സര്‍വേ പ്രകാരം 20 മുതല്‍ 49 വയസ്സുവരെയുള്ള പുരുഷന്മാരില് 35.9 ശതമാനം പേര് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇതേ പ്രായപരിധിയിലുള്ള സ്ത്രീകളില്‍ ഈ അനുപാതം 10.2 ശതമാനമാണ്.
അതായത്, വിവാഹം കഴിച്ചിട്ടില്ലാത്തവരുടെ അനുപാതത്തില്‍ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 2025ലെ സാമ്പത്തിക അവലോകനത്തിലും ഈ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും വിവാഹവും
വിവാഹം തീരുമാനിക്കുന്നതില്‍ സാമ്പത്തിക സുരക്ഷിതത്വത്തിന് കേരളീയ സമൂഹത്തില്‍ ഇപ്പോഴും വലിയ പ്രാധാന്യമുണ്ട്. സ്ഥിരമായ ജോലി, സ്വന്തമായി വീട്, വരുമാനം, കുടുംബത്തെ സംരക്ഷിക്കാനുള്ള ശേഷി തുടങ്ങിയവ പല വിവാഹാലോചനകളിലും പ്രധാന പരിഗണനകളാണ്. പ്രത്യേകിച്ച് പുരുഷന്മാരില് നിന്ന് സാമ്പത്തിക സുരക്ഷിതത്വം പ്രതീക്ഷിക്കുന്ന പരമ്പരാഗത സമീപനം ഇപ്പോഴും പൂര്‍ണമായി മാറിയിട്ടില്ല.
വിദ്യാഭ്യാസം നേടിയിട്ടും സ്ഥിരമായ ജോലി കണ്ടെത്താന്‍ കഴിയാത്തവരും താത്കാലിക ജോലികളിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരും കേരളത്തിലുണ്ട്. വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ ജോലി തേടിപ്പോകുന്നവരും നിരവധിയാണ്. തൊഴില്‍ സ്ഥിരതയില്ലായ്മയും വരുമാനത്തിലെ അനിശ്ചിതത്വവും വിവാഹം തീരുമാനിക്കുന്നതിനെ ബാധിക്കുന്നുണ്ട്.

കേരളത്തിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയുടെ കണക്കുകളും ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. 2023-24ലെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം 15-29 പ്രായപരിധിയിലുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് കേരളത്തില്‍ 29.9 ശതമാനമാണ്. ഇതില്‍ പുരുഷന്മാരുടെ നിരക്ക് 19.3 ശതമാനവും സ്ത്രീകളുടേത് 47.1 ശതമാനവുമാണ്. ദേശീയ ശരാശരിയായ 10.2 ശതമാനത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ് കേരളത്തിലെ യുവജന തൊഴിലില്ലായ്മ.
ഈ കണക്കുകള്‍ വിവാഹം നടക്കാത്ത പുരുഷന്മാരുടെ കാരണങ്ങള്‍ നേരിട്ട് വിശദീകരിക്കുന്നില്ലെങ്കിലും യുവാക്കള്‍ നേരിടുന്ന തൊഴില്‍-സാമ്പത്തിക അനിശ്ചിതത്വത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. വിവാഹം കഴിക്കണമെങ്കില്‍ സാമ്പത്തികമായി ഒരു നിലയിലെത്തണമെന്ന കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷകള്‍ കൂടി ചേരുമ്പോള്‍ വിവാഹം വൈകാനുള്ള സാധ്യതയും കൂടുന്നു.
സ്ത്രീകള്‍ക്കൊപ്പം മാറുന്ന വിവാഹസങ്കല്പങ്ങള്
കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസനിലയും തൊഴില്‍-സാമൂഹിക പങ്കാളിത്തവും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മാറിയിട്ടുണ്ട്. സ്വന്തം വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ജീവിതത്തെക്കുറിച്ച് സ്വയം തീരുമാനിക്കാനുള്ള അവകാശവും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ളതായി മാറി. വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമാണെന്ന പഴയ കാഴ്ചപ്പാടില്‍ നിന്ന് പുതിയ തലമുറയിലെ സ്ത്രീകള്‍ മാറുന്നുണ്ട്.
വിവാഹം ചെയ്യണമെങ്കില്‍ അത് തങ്ങളുടെ താത്പര്യങ്ങള്‍ക്കും ജീവിതരീതിക്കും അനുയോജ്യമായിരിക്കണം എന്ന നിലപാടും ഇന്നത്തെ പെണ്‍കുട്ടികളില്‍ ശക്തമാണ്. പങ്കാളിയുടെ വിദ്യാഭ്യാസം, ജോലി, സ്വഭാവം, വീട്ടുജോലിയിലെയും കുടുംബ ഉത്തരവാദിത്തങ്ങളിലെയും പങ്കാളിത്തം, വ്യക്തിസ്വാതന്ത്ര്യത്തോടുള്ള സമീപനം തുടങ്ങിയ കാര്യങ്ങള്‍ക്ക് സ്ത്രീകള്‍ ഇന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
എന്നാല്‍ സ്ത്രീകളുടെ പ്രതീക്ഷകളില്‍ വന്ന മാറ്റത്തിനനുസരിച്ച് പുരുഷന്മാരുടെയും കുടുംബങ്ങളുടെയും വിവാഹസങ്കല്പങ്ങള് മാറിയിട്ടുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഭാര്യ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം, ഭര്‍ത്താവിന്റെ വീട്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടണം, വിവാഹശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായാലും അത് അംഗീകരിക്കണം തുടങ്ങിയ പരമ്പരാഗത പ്രതീക്ഷകള്‍ പുരുഷന്മാരുടെ കാര്യത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഇത്തരം പ്രതീക്ഷകളും സ്ത്രീകളുടെ പുതിയ കാഴ്ചപ്പാടുകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ വിവാഹാലോചനകളെ ബാധിക്കാം. സാമ്പത്തികമായി സ്വതന്ത്രയായ ഒരു സ്ത്രീക്ക് വിവാഹത്തിലൂടെ ലഭിക്കേണ്ടത് സാമ്പത്തിക സംരക്ഷണം മാത്രമല്ല. പരസ്പര ബഹുമാനവും തുല്യപങ്കാളിത്തവും വ്യക്തിസ്വാതന്ത്ര്യവുമാണ്. ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സമീപനങ്ങള്‍ വിവാഹാലോചനകളില് തടസങ്ങളുണ്ടാക്കാം.
ജാതിയും മതവും ജാതകവും; വിവാഹത്തിന് മുന്നിലെ കടമ്പകള്‍
വിവാഹം വ്യക്തികളുടെ തീരുമാനമാണെന്ന് സമൂഹം പറയുമ്പോഴും കേരളത്തില്‍ വലിയൊരു വിഭാഗം വിവാഹങ്ങള്‍ ഇപ്പോഴും കുടുംബങ്ങളുടെയും സമുദായങ്ങളുടെയും ഇടപെടലുകളിലൂടെയാണ് നടക്കുന്നത്. ജാതി, മതം, ജാതകം, കുടുംബപശ്ചാത്തലം, സാമ്പത്തികനില തുടങ്ങിയവ പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക ഘടകങ്ങളാണ്.
സ്വന്തം സമുദായത്തില്‍ നിന്നുതന്നെ വിവാഹം വേണമെന്ന കുടുംബങ്ങളുടെ നിര്‍ബന്ധം അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനുള്ള സാധ്യത പരിമിതപ്പെടുത്തുന്നു. ജാതകപ്പൊരുത്തം, കുടുംബത്തിന്റെ സാമ്പത്തികനില, സ്വത്ത്, ജോലി, പ്രായം തുടങ്ങിയവയെല്ലാം ചേര്‍ത്ത് പരിഗണിക്കുമ്പോള്‍ വിവാഹാലോചനകളുടെ പരിധി വീണ്ടും ചുരുങ്ങുകയാണ്.
പ്രത്യേകിച്ച് പ്രായം കൂടുന്തോറും ഇത്തരം നിബന്ധനകള്‍ കൂടുതല്‍ സങ്കീര്‍ണമാകാം. ഒരു ഘട്ടത്തില്‍ വിവാഹം കഴിക്കാനായി കുടുംബം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ തന്നെ അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നതിന് തടസമായി മാറുന്നു.
മതത്തിനും ജാതിക്കും പുറത്തുള്ള വിവാഹങ്ങളോടുള്ള കുടുംബങ്ങളുടെ എതിര്‍പ്പും മറ്റൊരു പ്രശ്നമാണ്. പ്രണയവിവാഹങ്ങള്‍ ഉള്‍പ്പെടെ വ്യക്തികള്‍ സ്വന്തം ഇഷ്ടപ്രകാരം പങ്കാളിയെ തിരഞ്ഞെടുക്കുന്ന സാഹചര്യങ്ങളില്‍ കുടുംബത്തിന്റെ അംഗീകാരം ലഭിക്കാത്തതും മറ്റൊരു കാരണമാകാം.
വിവാഹം കഴിക്കാത്തത് പരാജയമാണോ?
വിവാഹം കഴിക്കാത്ത വ്യക്തിയെ സമൂഹം എങ്ങനെയാണ് കാണുന്നത്? പ്രത്യേകിച്ച് പുരുഷന്മാരുടെ കാര്യത്തില്‍ വിവാഹം നടക്കാത്തത് പലപ്പോഴും വ്യക്തിപരമായ പരാജയമായോ എന്തോ കുറവുള്ളതിന്റെ സൂചനയായോ ആണ് വിലയിരുത്തപ്പെടുന്നത്. കുടുംബസംഗമങ്ങളിലും സുഹൃത്തുക്കളുടെ ഇടയിലും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതും ഇവരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

മാതാപിതാക്കളുടെ ആശങ്കയും മക്കളുടെ വ്യക്തിപരമായ താത്പര്യങ്ങളും തമ്മില്‍ പലപ്പോഴും സംഘര്‍ഷമുണ്ടാകുന്നു. മക്കളുടെ വിവാഹം നടക്കണമെന്നത് മാതാപിതാക്കളുടെ വലിയ ആഗ്രഹമായിരിക്കാം. എന്നാല്‍ വിവാഹം കഴിക്കണമോ, എപ്പോള്‍ കഴിക്കണം, ആരെ പങ്കാളിയായി തിരഞ്ഞെടുക്കണം എന്നത് വ്യക്തികളുടെ തീരുമാനമാണ്.
വിവാഹം കഴിക്കാത്ത എല്ലാവരും പ്രതിസന്ധിയിലാണെന്നും അവര്‍ക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും കരുതാനാവില്ല. വിവാഹം വേണ്ടെന്നുവെച്ച് സ്വന്തം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരും ധാരാളമുണ്ട്.
കേരളത്തിന്റെ മാറുന്ന കുടുംബഘടനയും വിവാഹത്തിന്റെ ഭാവിയും
കേരളത്തില്‍ വിവാഹവും കുടുംബജീവിതവും വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. കുറഞ്ഞ ജനനനിരക്ക്, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, പ്രായം കൂടിയ ജനസംഖ്യ, വിവാഹപ്രായത്തിലെ മാറ്റങ്ങള്‍ എന്നിവ സംസ്ഥാനത്തിന്റെ ജനസംഖ്യാ ഘടനയെ സ്വാധീനിക്കുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ ടി.ആര്.എഫ് (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്) 1.3 ആണ്. അതേസമയം ദേശീയ ശരാശരി 1.9 ആണ്. സംസ്ഥാനത്ത് സ്ത്രീകളുടെ ആദ്യവിവാഹത്തിന്റെ മധ്യപ്രായം 21.5 വയസ്സാണെന്നും അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യരംഗത്തെ പുരോഗതി, ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം എന്നിവ വിവാഹപ്രായം ഉയരുന്നതിന് കാരണങ്ങളാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകനം ചൂണ്ടിക്കാട്ടുന്നു.
വിവാഹം വൈകുന്നതും വിവാഹം വേണ്ടെന്നുവെക്കുന്നതും ഒരുപോലെയല്ല. അതുപോലെ വിവാഹം കഴിക്കാത്തവരുടെ എണ്ണം കൂടുന്നത് മാത്രം ഒരു സാമൂഹിക പ്രതിസന്ധിയുടെ തെളിവുമല്ല. വ്യക്തികളുടെ ജീവിതരീതികളിലും തീരുമാനങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമായും ഇതിനെ കാണേണ്ടതുണ്ട്.
എന്നാല്‍ വിവാഹം ആഗ്രഹിച്ചിട്ടും സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്തവരുടെ പ്രശ്നം പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്. വിവാഹത്തെ വ്യക്തികളുടെ തീരുമാനമായി അംഗീകരിക്കുന്നതിനൊപ്പം അനുയോജ്യമായ ബന്ധങ്ങള്‍ കണ്ടെത്താനുള്ള അവസരങ്ങള്‍ ഒരുക്കുന്നതും പ്രധാനമാണ്.
കാരന്തൂരിലെ വിവാഹ രജിസ്ട്രേഷന് ക്യാമ്പ് ഈ ചര്‍ച്ചകള്‍ക്ക് പുതിയൊരു വേദി ഒരുക്കിയിരിക്കുകയാണ്. അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ സഹായിക്കാനാണ് ക്ഷേത്രഭാരവാഹികളുടെ തീരുമാനം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജാതകം പരിശോധിച്ച് പൊരുത്തമുള്ളവരെ വിളിച്ചുവരുത്തി സംസാരിക്കാനുള്ള അവസരമൊരുക്കാനാണ് ക്ഷേത്ര സംഘാടകര്‍ ആലോചിക്കുന്നത്.
