ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതീക്ഷകള്‍ക്കുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2. രജിനികാന്തിന്റെ സ്വാഗിനും ഓറയ്ക്കുമൊപ്പം ഹൃത്വിക് റോഷനും ആദ്യ ഭാഗത്തിലുണ്ടായിരുന്ന മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയപ്പോള്‍ പകരം വെക്കാനില്ലാത്ത തിയേറ്റര്‍ എക്‌സ്പീരിയന്‍സായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്.
2023ല്‍ പുറത്തിറങ്ങിയ ജയിലറിന് ഒരു രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ എന്തായിരിക്കും നെല്‍സന്റെ മനസിലെന്ന് ഏവരും ഉറ്റുനോക്കിയിരുന്നു. ഇവരെയെല്ലാം ആവേശത്തിലാക്കി കൊണ്ട് ഒരു കംപ്ലീറ്റ് രജിനി ഷോയായി ജയിലര്‍ 2 മാറുകയായിരുന്നു. ചിത്രത്തില്‍ അന്യഭാഷാ ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍ താരങ്ങളും എത്തിയതോടെ ചിത്രം വലിയ കളക്ഷനായിരുന്നു നേടിയത്.

ജയിലര്‍ 2. Photo: X.com
ലിയോയെ വെട്ടി ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം ഏഴ് ദിവസത്തിനുള്ളിലായിരുന്നു ആഗോളതലത്തില്‍ കളക്ഷന്‍ 500 കോടി പിന്നിട്ടത്. ഇതോടെ തമിഴില്‍ നിന്നും ആയിരം കോടി നേടുന്ന ആദ്യ ചിത്രമായി ജയിലര്‍ 2 മാറുമെന്ന് പലരും പ്രവചിക്കുകയും ചെയ്തിരുന്നു. കുറഞ്ഞ ദിവസത്തിനുള്ളില്‍ തമിഴിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രജിനിയുടെ തന്നെ 2.0 യുടെ റെക്കോഡ് 700 കോടിയിലധികം നേടി ജയിലര്‍ 2 തകര്‍ക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം എണ്ണൂറ് കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെങ്കിലും 1000 കോടിയെന്ന നേട്ടത്തിലേക്കെത്തുക പ്രയാസമായിരിക്കും എന്നാണ് പലരും വിലയിരുത്തുന്നത്.
ഇപ്പോഴിതാ കേരളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ലിസ്റ്റില്‍ ചിത്രം പത്താം സ്ഥാനത്തെത്തിയെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റിലീസ് ചെയ്തതിന് ശേഷം ഇന്നലെ വരെ ചിത്രം ഏകദേശം 78 കോടിയോളമാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും നേടിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നിവിന്‍ പോളിയുടെ ഹിറ്റ് ചിത്രം സര്‍വ്വം മായയുടെ ലൈഫ് ടൈം കേരള ബോക്‌സ് ഓഫീസ് കളക്ഷനൊപ്പം ജയിലര്‍ 2 എത്തിയിരിക്കുകയാണ്.

സര്‍വ്വം മായ. Photo X.com
ഇതോടെ ലിസ്റ്റിലെ ആദ്യ പത്തിനുള്ളില്‍ എത്തുന്ന അന്യഭാഷാ ചിത്രമായും ജയിലര്‍ 2 മാറിയിരിക്കുകയാണ്. 79 കോടി നേടിയ പൃഥ്വിരാജ് ചിത്രം ആടുജീവിതമാണ് ഒമ്പതാം സ്ഥാനത്തുള്ളത്. ഈ ആഴ്ചയ്ക്കുള്ളില്‍ ആടുജീവിതത്തെയും ജയിലര്‍ 2 മറികടക്കുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ദര്‍ സൂചിപ്പിക്കുന്നത്.
Content Highlight: Jailer 2 Kerala box office collection level up with Sarvam Maya Starring Nivin Pauly
