ബെംഗളൂരു: ബെംഗലൂരുവില്‍ എസ്.ഐ.ആര്‍ നടപ്പാക്കിയ ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയിലെ പല എന്‍ട്രികളിലും വോട്ടര്‍മാരുടെ പേരുകള്‍ക്ക് പകരം ചോദ്യ ചിഹ്നങ്ങളും ‘ÜÌ TÚRÝ’, ‘OÏÊäielieí,’ എന്നിവ പോലുള്ള മനസ്സിലാക്കാനാവാത്ത വാക്കുകളുമെന്ന് റിപ്പോര്‍ട്ട്. ചില എന്‍ട്രികളില്‍ ഭര്‍ത്താവ്, പിതാവ് തുടങ്ങിയവരുടെ പേരിന്റെ സ്ഥാനത്ത് ആ പേരുകള്‍ക്ക് പകരം ‘ Husband’ എന്നോ, ‘Father’ എന്നോ ആ ബന്ധത്തെ സൂചിപ്പിക്കുന്ന വാക്ക് തന്നെ ആവര്‍ത്തിച്ച് എഴുതിയിരുക്കുന്നുവെന്നും ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറഞ്ഞത് 1,000 എന്‍ട്രികളിലെങ്കിലും ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ട്. 425 വോട്ടര്‍മാരുള്ള ദാസറഹള്ളി നിയമസഭാ മണ്ഡലത്തിലെ 324-ാം പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഭാഗത്ത് ഇത്തരത്തിലുള്ള തുടര്‍ച്ചയായ പിഴവുകള്‍ കാണുന്നു. ഈ ബൂത്തിലെ വോട്ടര്‍ പട്ടികയിലെ നാല് മുതല്‍ ഏഴ് വരെയും 143 മുതല്‍ 150 വരെയും 152 മുതല്‍ 157 വരെയും 300 മുതല്‍ 302 വരെയും 306 മുതല്‍ 313 വരെയും 327 മുതല്‍ 330 വരെയും 336 മുതല്‍ 340 വരെയുമുള്ള നമ്പറുകളിലുള്ള വോട്ടര്‍മാരുടെ വിവരങ്ങളില്‍ ഈ പിഴവുകളുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ബൂത്തിലെ 327-ാം ക്രമനമ്പറില്‍ വോട്ടറുടെ പേര് ‘µ¢µÌèÌ’ എന്നും ബന്ധുവിന്റെ പേര് ‘Ï¢µÈèÈ’ എന്നും രേഖപ്പെടുത്തിയിരിക്കുന്നുവെന്ന ഉദാഹരണവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. മറ്റ് ക്രമനമ്പറുകളിലും ഇത്തരത്തിലുള്ള അക്ഷരക്കൂട്ടങ്ങള്‍ കാണാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബന്ധുക്കളുടെ പേരുകളുടെ കോളം അന്തിമ വോട്ടര്‍ പട്ടികയിലെ പല എന്‍ട്രികളിലും ഒഴിഞ്ഞുകിടക്കുന്നുണ്ട്. ചിലതില്‍ ഒരൊറ്റ അക്ഷരം മാത്രം നല്‍കുകയോ ചെയ്തിരിക്കുന്നു. മറ്റു ചിലയിടങ്ങളില്‍ ‘NA’, ‘None’ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കന്നഡയില്‍ നിന്ന് കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ സംഭവിച്ച പിഴവ് കാരണമാവാം ഈ പ്രശ്‌നം വന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സോഫ്റ്റ് വെയറിലുണ്ടായ തകരാറുകളാണ് ഈ പിഴവുകള്‍ക്ക് കാരണമെന്ന് ബി.എല്‍.ഒമാരും ചൂണ്ടിക്കാട്ടി. സമാനമായ പ്രശ്‌നങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇക്കാര്യം സൂപ്പര്‍വൈസര്‍മാരെ അറിയിച്ചിട്ടുണ്ടെന്നും കുറഞ്ഞത് മൂന്ന് ബി.എല്‍.ഒമാരെങ്കിലും അറിയിച്ചിട്ടുണ്ടെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം വളരെ കുറച്ചുപേര്‍ മാത്രമേ ഇക്കാര്യം ഉന്നയിച്ച് ഞങ്ങളെ സമീപിച്ചിട്ടുള്ളൂ. അവരോട് തിരുത്തലുകള്‍ക്കായി ഫോം എട്ട് പൂരിപ്പിച്ച് നല്‍കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിച്ചു. സോഫ്റ്റ്വെയറിലെ തകരാറുകള്‍ കാരണം ഇത്തരം പിഴവുകള്‍ ഉണ്ടാകുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ അന്തിമമായി വിവരങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ സിസ്റ്റം തന്നെ അവ ശരിയാക്കിക്കൊള്ളുമെന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്,’ അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 27നാണ് ബെംഗളൂരുവിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. എസ്.ഐ.ആറില്‍ ബെംഗളൂരുവിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 43 ലക്ഷത്തിലധികം പേരുകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ നഗരത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 1.03 കോടിയില്‍ നിന്ന് 59.08 ലക്ഷമായി കുറഞ്ഞിരുന്നു.

കര്‍ണാടകയില്‍ എസ്.ഐ.ആറില്‍ ഏറ്റവും കൂടുതല്‍ പേരുകള്‍ ഒഴിവാക്കപ്പെട്ടത് ബെംഗളൂരുവിലാണ്. തുടര്‍ന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നോട്ടീസ് അയക്കപ്പെട്ടതും ബെംഗലൂരുവിലാണ്. സംസ്ഥാനത്തൊട്ടാകെ അയച്ച നോട്ടീസുകളില്‍ പകുതിയോളവും ബെംഗളൂരുവിലാണ് കേന്ദ്രീകരിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 28,68,670 പുരുഷ വോട്ടര്‍മാരും, 30,40,431 സ്ത്രീ വോട്ടര്‍മാരും, 674 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്.

കരട് പട്ടികയില്‍ ഘട്ടത്തില്‍ തന്നെ ബെംഗളൂരുവിലെ വോട്ടര്‍മാരുടെ എണ്ണം 56.99 ലക്ഷമായി കുറഞ്ഞിരുന്നു. ഇതിന് ശേഷം പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചു. എന്നാല്‍ കരടിന് ശേഷം പട്ടികയില്‍ പുതുതായി ചേര്‍ത്തത് 2,74,372 പേരുകള്‍ മാത്രമാണ്.

നഗരത്തിലെ ബൊമ്മനഹള്ളി, ദാസറഹള്ളി, ബി.ടി.എം. ലേഔട്ട് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ 50 ശതമാനത്തിലധികം പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു.

Content Highlight: Bengaluru’s SIR: Issues in electoral roll Entries