ഒക്ടോബര്‍ പതിനൊന്നിന് വിയ്യാറയലിനെതിരെ സാന്റിയാഗോ ബെര്‍ണബ്യുവില്‍ നടന്ന മത്സരത്തിന്റെ 73ാം മിനുട്ടില്‍ വിനിഷ്യസ് ജൂനിയര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകുമ്പോള്‍ ലോസ് ബ്ലാങ്കോസ് ഇനി എന്ത് ചെയ്യും ആരാധകര്‍ ഒരുപോലെ ശങ്കിച്ചിരുന്നു. ലീഗില്‍ നാല് മത്സരത്തിലാണ് താരത്തിന് വിലക്ക് ലഭിച്ചത്.

എന്നാല്‍ ക്ലബ്ബിന്റെ ഭാവി തന്നെ സുരക്ഷിതമാക്കുന്ന ഒരു യുവതാരത്തിന്റെ ഉദയത്തിനാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. യാന്‍ ഡിയോമാന്‍ഡെ എന്ന പത്തൊമ്പത്കാരന്‍ വലതുവിങ്ങര്‍ റയല്‍ മാഡ്രിഡിനെ മുന്നില്‍ നിന്ന് നയിക്കുകയാണ്.

തനിക്ക് കിട്ടിയ അവസരം ഇരു കൈയും നീട്ടി സ്വീകരിച്ച താരം കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ പ്രകടനത്തിലൂടെ മാഡ്രിഡ് നിരയിലെ ഏറ്റവും ശ്രദ്ധേയനായ താരമായി വളര്‍ന്നു കഴിഞ്ഞു.

കിലിയന്‍ എംബാപ്പെ, ആര്‍ദ ഗുളര്‍, ജൂഡ് ബെല്ലിങ്ഹാം, വിനിഷ്യസ് ജൂനിയര്‍ എന്നിവരടങ്ങിയ നിരയില്‍ ദിയോമാന്‍ഡെ സ്ഥിരം ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ഏതാനും മത്സരങ്ങള്‍ക്കുള്ളില്‍ത്തന്നെ കോച്ച് ജോസെ മൗറീന്യോയുടെ വിശ്വസ്തനായി മാറിയിരിക്കുകയാണ് താരം.

ഓഗസ്റ്റ് 23ന് എസ്പാന്യോളിനെതിരെയുള്ള മത്സരത്തില്‍ പകരക്കാരനായാണ് റയല്‍ മാഡ്രിഡിന് വേണ്ടി ഡിയോമാന്‍ഡെ ആദ്യം കളത്തിലിറങ്ങിയത്. ടീമിന് വേണ്ടി പതിനൊന്ന് മത്സരങ്ങള്‍ കളിച്ച താരം ലീഗില്‍ ഇത് വരെ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിക്കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും ഡിയോമാന്‍ഡെയ്ക്ക് ഒരു ഗോളും രണ്ട് അസിസ്റ്റുമാണുള്ളത്.

ബഹുമുഖ പ്രതിഭയാണ് ദിയോമാന്‍ഡെയുടെ കരുത്ത്. വലത്തും ഇടത്തും വിങ്ങുകളില്‍, വലംകാലിലും ഇടംകാലിലും കളിക്കാന്‍ കഴിയുന്നതിനാല്‍ പരമ്പരാഗത വിങ്ങറായും ഇന്‍വെര്‍ട്ടഡ് വിങ്ങറായും മൈതാനത്തെവിടെയും ഉപയോഗിക്കാം. ഇതിനൊപ്പം  വേഗതയും ഗോളടി മിടുക്കും ഡിയോമാന്‍ഡെയെ കളിക്കളത്തില്‍ കരുത്തനാക്കുന്നു.

ലോസ് ബ്ലാങ്കോസിന്റ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായാണ് ഡിയോമാന്‍ഡെ ടീമിലെത്തിയത്. ഏകദേശം 130 മില്യണ്‍ യൂറോയുടെ കരാറിലാണ് ജര്‍മന്‍ ക്ലബ് ആര്‍.ബി ലെയ്പ്‌സിഗില്‍ നിന്നും താരത്തെ സ്പാനിഷ് ക്ലബ് സ്വന്തമാക്കിയത്.  ഏഴ് വര്‍ഷത്തെ കരാറാണ് താരം ക്ലബ്ബുമായി ഒപ്പുവെച്ചത്.

2025 ജൂലൈയില്‍ ലെയ്പ്‌സിഗിലെത്തിയ ഡിയോമാന്‍ഡെ ജര്‍മനിയില്‍ തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ 13 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയിരുന്നു. 2026 ലോകകപ്പില്‍ ഐവറി കോസ്റ്റിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതോടെ താരം പല യൂറോപ്യന്‍ വമ്പന്‍ ക്ലബ്ബുകളുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

വിനീഷ്യസ് ജൂനിയറിന്റെ പെരുമാറ്റവും ക്ലബ്ബിലെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും റിയല്‍ മാഡ്രിഡിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്ന സമയത്താണ് യാന്‍ ഡിയോമാണ്ടെയുടെ വരവ്.

ഈ യുവതാരം തന്റെ മികച്ച ഫോം തുടരുകയാണെങ്കില്‍ മാഡ്രിഡിന് വിനീഷ്യസിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. ഏതായാലും പ്രതിസന്ധികളെ അവസരമാക്കി മാറ്റിയ ഡിയോമാന്‍ഡെ മാഡ്രിഡിന്റെ പുതിയ നക്ഷത്രമായി ഇതിനോടകം തന്നെ ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ചു കഴിഞ്ഞു.

എല്ലാ മത്സരങ്ങളിലുമായി തുടര്‍ച്ചയായ ആറാം ജയത്തോടെ ട്രാക്കില്‍ തിരിച്ചെത്തിയിരിക്കുകയാണ് ലോസ് ബ്ലാങ്കോസ്. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രീക്ക് ടീം എ.ഇ.കെ ആഥന്‍സുമായാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.

Content Highlight:  Ivory Coast winger Yan Diomande becomes an integral part of the  Real  Madrid team within a  short span of  time.