അര്‍ജന്റൈന്‍ പ്രൈമെര ഡിവിഷനില്‍ ബൊക്ക ജൂനിയേഴ്‌സും റിവര്‍പ്ലേറ്റും തമ്മിലുള്ള തീപാറുന്ന എല്‍ ക്ലാസിക്കോ അവസാനിച്ചത് പൊലീസ് ഇടപെടലില്‍. മത്സരത്തിന്റെ 79ാം മിനിട്ടില്‍ റെഡ് കാര്‍ഡ് ലഭിച്ച റിവര്‍പ്ലേറ്റ് പ്രതിരോധ താരം ഗോണ്‍സാലോ മോണ്ടിയലിനെ മൈതാനത്തിന് പുറത്തെത്തിച്ചത് പൊലീസിന്റെ സുരക്ഷാ വലയത്തിലായിരുന്നു.

അര്‍ജന്റീനയുടെ പ്രൈമേര ഡിവിഷനിലെ ഏറ്റവും വലിയ ആഭ്യന്തര പോരാട്ടമാണ് സൂപ്പര്‍ക്ലാസിക്കോ എന്നറിയപ്പെടുന്ന റിവര്‍പ്ലേറ്റും ബൊക്ക ജൂനിയേഴ്‌സും തമ്മിലുള്ള മത്സരം. സ്വന്തം തട്ടകമായ ലാ ബോംബൊനേരയില്‍ നടന്ന മത്സരത്തില്‍ ബൊക്ക ജൂനിയേഴ്‌സ് 1-0ന് ജയിച്ചു.

തുടക്കം മുതല്‍ തന്നെ കനത്ത ടാക്കിളുകളും കയ്യാങ്കളികളും നിറഞ്ഞ മത്സരത്തില്‍ പത്താം മിനിട്ടില്‍ തന്നെ റിവര്‍പ്ലേറ്റ് താരം ലൂക്കാസ് മാര്‍ട്ടിനസ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയി. പത്ത് പേരായി ചുരുങ്ങിയ റിവര്‍പ്ലേറ്റിനെതിരെ 27ാം മിനിട്ടില്‍ ലൗട്ടാരോ ഡി ലോല്ലോ മത്സരത്തിലെ ഏക ഗോള്‍ നേടി.

79ാം മിനുട്ടില്‍ ലൗട്ടാരോ ബ്ലാങ്കോയ്ക്ക് നേരെയുള്ള വൈകിയുള്ള ടാക്കിളിന് മോണ്ടിയലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. പുറത്താക്കപ്പെട്ട ശേഷം മൈതാനത്തിന്റെ ഒരു വശത്തുകൂടി നടന്നുനീങ്ങിയ മോണ്ടിയല്‍ ബൊക്ക ആരാധകരെ പ്രകോപിക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ചു.

ജേഴ്‌സിയിലെ റിവര്‍ പ്ലേറ്റ് ബാഡ്ജിലേക്ക് ചൂണ്ടിയും ചൂണ്ടുവിരല്‍ കൊണ്ട് കറക്കുന്ന ആംഗ്യം കാട്ടിയും മോണ്ടിയല്‍ കളിയാക്കി. 2018ല്‍ ബൊക്ക ജൂനിയേഴ്‌സിനെതിരെ റിവര്‍ പ്ലേറ്റ് ജയിച്ച രണ്ട് ഫൈനലുകളെയാണ് ഇത് സൂചിപ്പിച്ചത്.

ആര്‍ത്തലച്ച ബൊക്ക ആരാധകര്‍ ഗാലറിയില്‍ നിന്ന് താരത്തിന് നേരെ വസ്തുക്കള്‍ വലിച്ചെറിഞ്ഞാണ് പ്രതികരിച്ചത്. ഇതോടെ രണ്ട് സുരക്ഷാജീവനക്കാര്‍ ഷീല്‍ഡുമായെത്തി മോണ്ടിയലിനെ സുരക്ഷിതമായി മൈതാനത്തിന് പുറത്തെത്തിച്ചു.

മത്സരം നിയന്ത്രിച്ച റഫറി ബൊക്കയ്ക്ക് അനുകൂലമായാണ് തീരുമാനമെടുത്തതെന്ന് റിവര്‍പ്ലേറ്റ് ആരോപിച്ചു.

Content  Highlight: Gonzalo Montiel escorted off by security in Superclasico after red card