2017ല്‍ പുറത്തിറങ്ങിയ രംഗൂണ്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് രാജ്കുമാര്‍ പെരിയസ്വാമി. സംവിധായകന് വലിയ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ അമരന്‍. ശിവകാര്‍ത്തികേയനും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തിയ ചിത്രം വലിയ നിരൂപക പ്രശംസയായിരുന്നു നേടിയത്. ഇപ്പോള്‍ സംവിധായകന്റെതായി ഏവരും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെയും ധനുഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഓം.

ഓം. Photo: X.com

സൗത്ത് ഇന്ത്യയിലെ സെന്‍സേഷനായ സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ ടീസറായ സിയ എന്‍ട്രിയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ടീസറിലുടീളം മമ്മൂട്ടിയുടെ ഓറയായിരുന്നു കാണാന്‍ സാധിച്ചത്. അന്താരാഷ്ട്ര ഏജന്‍സികള്‍ വരെ നോട്ടമിട്ടിരിക്കുന്ന നൊട്ടോറിയസ് ഗ്യാങ്സ്റ്ററാണ് കാര്‍ത്തികേയന്‍ എന്ന് ടീസര്‍ പറഞ്ഞുവെക്കുന്നുണ്ട്. ഒപ്പം ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളും സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ടീസറും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

രാജ്കുമാര്‍ പെരിയസ്വാമി, സായ് പല്ലവി. Photo: X.com

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ധനുഷിനോട് ചിത്രത്തിന്റെ കഥ പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി. അമരന്റെ ഷൂട്ടിനിടയിലാണ് താന്‍ ധനുഷിന്റെ അടുത്ത് ചിത്രത്തിന്റെ കഥയുമായി സമീപിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

‘എന്റെ ആദ്യ ചിത്രമായ ‘രംഗൂണ്‍’ ചെയ്യുന്ന സമയത്തുതന്നെ ഈ കഥ തയ്യാറായിരുന്നു. അതിനുശേഷം ഞാന്‍ അമരന്‍ സിനിമയുടെ ജോലികളിലേക്ക് കടക്കുകയും, കാശ്മീരിലെ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു. ഷൂട്ടിങ്ങിന്റെ അടുത്ത ഘട്ടങ്ങള്‍ക്കിടയില്‍ എനിക്ക് കുറച്ച് ഒഴിവുസമയം ലഭിച്ചു. ആ സമയത്താണ് ധനുഷ് സാര്‍ പുതിയ തിരക്കഥകള്‍ കേള്‍ക്കുന്നുണ്ടെന്ന് അറിഞ്ഞത്.

 

ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഓമിന്റെ ആശയം പറഞ്ഞു. അദ്ദേഹത്തിന് അത് വളരെ ഇഷ്ടപ്പെട്ടു. അന്ന് അമരന്‍ സിനിമയുടെ ടീസര്‍ പോലും പുറത്തിറങ്ങിയിരുന്നില്ല. അദ്ദേഹം രംഗൂണ്‍ മാത്രമേ കണ്ടിരുന്നുള്ളൂ. കഥ കേട്ട ഉടന്‍ തന്നെ അദ്ദേഹം മുംബൈയിലുള്ള നിര്‍മാതാവിനെ വിളിച്ച്, ഞങ്ങള്‍ ഈ സിനിമ ചെയ്യാന്‍ പോകുകയാണെന്ന് ഉറപ്പിച്ചു. എങ്കിലും, അക്കാര്യം ഞാന്‍ അന്ന് മറ്റാരോടും പങ്കുവെച്ചിരുന്നില്ല. അമരന്‍ റിലീസ് ചെയ്തതിന് പിന്നാലെ, ഞങ്ങള്‍ ഉടന്‍ തന്നെ ഓമിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ആരംഭിച്ചു,’ രാജ്കുമാര്‍ പെരിയസ്വാമി പറഞ്ഞു.

Content Highlight: Rajkumar Periyaswamy talks about Dhanush and Om Movie