തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എല്‍.പി.എസ്.ടി റാങ്ക് ഹോള്ഡേഴ്സിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. യുവജന സംഘടനകളുമായി ചേര്‍ന്ന് നടത്തിയ പ്രതിഷേധത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. സമരസമിതി സെക്രട്ടറി എസ്. വളര്‍മതിയെ ഒന്നാം പ്രതിയാക്കിയ കേസില്‍ മറ്റ് 25 റാങ്ക് ഹോള്‍ഡര്‍മാരെയും പ്രതിചേര്‍ത്തിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാക്കിയെന്നാരോപിച്ചാണ് നടപടി.
തുടര്‍ച്ചയായി കേസെടുത്ത് സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. സമരത്തിനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്നും അവര്‍ വ്യക്തമാക്കി.
സമരം 121ാം ദിവസം പിന്നിടുമ്പോള്‍ വളര്‍മതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അധ്യാപക സംഘടനകള്‍ക്കും സി.ജെ.പി, ഐസ തുടങ്ങിയ സംഘടനകള്‍ക്കും പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
പൊലീസ് ശത്രുപക്ഷത്ത് നിന്നാണ് പെരുമാറുന്നതെന്ന് നേരത്തെ വളര്‍മതി വിമര്‍ശിച്ചിരുന്നു. നിരാഹാര സമരം നടത്തിയ വളര്‍മതിയെ പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
യു.ഡി.എഫ് സര്‍ക്കാരിലുള്ള പ്രതീക്ഷകള്‍ അസ്തമിച്ചെന്നും പ്രതിപക്ഷത്തിരിക്കുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ പഞ്ചാരവാക്കുകള്‍ പറയുകയും അധികാരത്തിലെത്തുമ്പോള്‍ നിലപാട് മാറ്റുകയും ചെയ്യുന്നുവെന്നും വളര്‍മതി ആരോപിച്ചിരുന്നു.. നീതിക്കായുള്ള പോരാട്ടം അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും വളര്‍മതി ആദ്യ കേസില്‍ പ്രതികരിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കെടുത്ത മന്ത്രി ഒ.ജെ. ജനീഷിനും എം.പി. ഷാഫി പറമ്പലിനുമെതിരെ കേസെടുക്കാത്തതിലും വളര്‍മതി വിമര്‍ശനം ഉന്നയിച്ചിരുന്നു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നാമമാത്രമാണെന്ന് ആരോപിച്ചാണ് എല്‍.പി.എസ്.ടി ഉദ്യോഗാര്‍ഥികള്‍ സമരവുമായി രംഗത്തെത്തിയത്. 2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും, ചില ജില്ലകളില്‍ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.
അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അനുപാതം കുറയ്ക്കുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടെന്ന് സമരസമിതി നേതാവ് വളര്‍മതി ആരോപിച്ചിരുന്നു. അതേസമയം, എയ്ഡഡ് സ്കൂളുകളില്‍ പണം വാങ്ങി നിയമനം നടത്തിയ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കുന്നത് സര്‍ക്കാരിന് ബാധ്യതയാകുന്നില്ലേയെന്നും സമരക്കാര്‍ ചോദിക്കുന്നു.
പ്രതീകാത്മകമായി പുല്ലും മണ്ണും ഭക്ഷിച്ചും പ്രതിഷേധിച്ച ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് സമരം വീണ്ടും ശക്തമായത്. തുടര്‍ന്ന് വളര്‍മതി തല മുണ്ഡനം ചെയ്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റ് മെയിന്‍ ഗേറ്റിന് സമീപം പ്രതിഷേധ ജാഥ നടത്തിയതിന്റെ പേരില്‍ നേരത്തെയും വളര്‍മതിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. അന്ന് തിരിച്ചറിഞ്ഞ എട്ട് പേര്‍ക്കും കണ്ടാലറിയാവുന്ന 50 പേര്‍ക്കുമെതിരെയായിരുന്നു കേസ്. പൊതുജനങ്ങള്‍ക്ക് തടസമുണ്ടാക്കിയെന്നായിരുന്നു എഫ്.ഐ.ആറിലെ ആരോപണം.
Content Highlight: Case filed against LPST rank holders for the second time
