തിരുവനന്തപുരം: കാലടി സംസ്കൃത സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ കേരളത്തിലെ സാംസ്കാരിക ലോകം പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ്. സാംസ്കാരിക പ്രവർത്തകർക്ക് എഴുതിയ തുറന്ന കത്ത് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

അടിസ്ഥാന സൗകര്യങ്ങൾക്കും കുടിവെള്ളത്തിനും അധ്യാപക ഒഴിവുകൾ നികത്തുന്നതിനും വേണ്ടി ജനാധിപത്യപരമായി സമരം ചെയ്ത വിദ്യാർത്ഥികളെ സർവ്വകലാശാല അധികാരികൾ വേട്ടയാടുകയാണെന്ന് കത്തിൽ വിമർശിക്കുന്നു.

തങ്ങളുടെ പ്രതിഷേധം സർഗാത്മകമായി ഒരു നാടകത്തിലൂടെ അവതരിപ്പിച്ചതിനാണ് വിദ്യാർത്ഥികൾ പ്രതികാര നടപടികൾ നേരിടുന്നത്. കലയിലൂടെയും ആവിഷ്കാരത്തിലൂടെയും വിയോജിപ്പ് രേഖപ്പെടുത്തിയ സർഗാത്മകത സമരത്തെ അധികാരമുപയോഗിച്ച് നേരിട്ടിട്ടും കലയുടെയും സാഹിത്യത്തിന്റെയും വക്താക്കൾ മൗനം പാലിക്കുന്നത് നിരാശാജനകമാണെന്ന് സഞ്ജീവ് ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളുടെ സർഗാത്മക സമരത്തെ ‘അപരിഷ്കൃതം’ എന്ന് വിളിച്ച് ആഭ്യന്തര മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും അധിക്ഷേപിച്ചപ്പോഴും സാംസ്കാരിക ലോകം പ്രതികരിച്ചില്ല. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ച മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണെതിരെ സൈബർ ആക്രമണം ഉണ്ടാവുകയും സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തപ്പോഴും ഈ നിശബ്ദത തുടർന്നുവെന്നും അദ്ദേഹം വിമർശിച്ചു.

അക്രമം നടത്തിയതിന് യാതൊരു തെളിവുമില്ലാതിരുന്നിട്ടും 16 വിദ്യാർത്ഥികളെയാണ് 60 ദിവസത്തിലേറെയായി സസ്പെൻഷൻ പിൻവലിക്കാതെയും പരീക്ഷ എഴുതാൻ അനുവദിക്കാതെയും വിദ്യാഭ്യാസ അവകാശം നിഷേധിച്ച് ബുദ്ധിമുട്ടിക്കുന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയപ്പോൾ, സ്വന്തം വിദ്യാർത്ഥികളെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കാൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയ വൈസ് ചാൻസലറുടെ പകപോക്കൽ സമീപനം കേട്ടുകേൾവിയില്ലാത്തതാണ്. ഒരു തെറ്റും ചെയ്യാത്ത വിദ്യാർത്ഥികളോട് മാപ്പെഴുതി നൽകാൻ ആവശ്യപ്പെടുന്നത് ഏകാധിപത്യപരമാണ്. ഇതിനെതിരെ വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം കിടക്കുമ്പോഴും സമൂഹത്തിലെ മറ്റ് വിഷയങ്ങളിൽ പ്രതികരിക്കുന്ന സാംസ്കാരിക നായകർ മിണ്ടാതിരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇത് എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടനയുടെ മാത്രം പ്രശ്നമല്ലെന്നും ഒരു തലമുറയുടെ വിദ്യാഭ്യാസ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

‘കലാലയങ്ങളിലെ ജനാധിപത്യം ഇല്ലാതാക്കാനും വിദ്യാർത്ഥികളുടെ സർഗാത്മകമായ വിയോജിക്കാനുള്ള അവകാശത്തെ അടിച്ചമർത്താനുമുള്ള ഇത്തരം ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ സാംസ്‌കാരിക കേരളം മൗനം പാലിക്കുന്നത്, ആ തെറ്റായ നടപടികൾക്ക് കൂടുതൽ വളമാകുകയേ ഉള്ളൂ. അധികാരത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുന്നവർ വിദ്യാർത്ഥികളെ ഇത്രമേൽ ദ്രോഹിക്കുമ്പോൾ, സത്യം തുറന്നുപറയാനും ഇരകൾക്കൊപ്പം നിൽക്കാനും മടിക്കുന്ന ഈ മൗനം നിങ്ങളുടെ ഇന്നലകളിലെ പോരാട്ടങ്ങളുടെ ശോഭ കെടുത്തുന്നതാണ്’ അദ്ദേഹം പറഞ്ഞു.

അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും, സത്യത്തിനും നീതിക്കും വേണ്ടി, കലാലയങ്ങളുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ ബോധ്യത്തിനും വേണ്ടി വിദ്യാർത്ഥികൾക്കൊപ്പം അണിനിരക്കണമെന്നും എസ്.എഫ്.ഐ കത്തിലൂടെ അഭ്യർത്ഥിച്ചു.

Content Highlight:Is ‘Cultural Kerala’ Turning a Blind Eye While Students Are Targeted?; SFI Issues an Open Letter.