ടെല്‍അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നയിക്കുന്ന ഒരു സര്‍ക്കാരിലും പങ്കാളിയാകില്ലെന്ന് യഷാര് പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തിപരമായി ആവശ്യപ്പെട്ടാല്‍ പോലും ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ഇസ്രഈലിന്റെ ഔദ്യോഗിക പൊതുപ്രക്ഷേപണ സ്ഥാപനമായ കാന്‍ റിപ്പോര്‍ട്ട് ചെയ്തു.
അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചകളിലാണ് ഐസന്‍കോട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്. ട്രംപ് ക്ഷണിച്ചാല്‍ അദ്ദേഹത്തെ കാണുകയും ബഹുമാനിക്കുകയും ചെയ്യും, എന്നാല്‍ ഒരു ഭരണസഖ്യം രൂപീകരിക്കുന്നത് ഇസ്രഈലിന്റെ ആഭ്യന്തര കാര്യം മാത്രമാണെന്നും അതില്‍ ബാഹ്യ ഇടപെടലുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ നടന്ന ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് രാജ്യം വീണ്ടും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായത്. ആകെ 120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ ആവശ്യമാണ്. എന്നാല്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
യഹൂദ പ്രതിപക്ഷ മുന്നണിക്ക് 48 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. നഫ്താലി ബെന്നറ്റ്, യായിര്‍ ഗോലാന്‍, അവിഗ്ദോര്‍ ലീബര്‍മാന്‍ എന്നിവരുള്‍പ്പെടുന്ന പ്രമുഖ നേതാക്കള്‍ ഐസന്‍കോട്ടിനെ അടുത്ത പ്രധാനമന്ത്രിയായി പിന്തുണയ്ക്കുന്നുണ്ട്. അറബ് കക്ഷികള്‍ 19 സീറ്റുകള്‍ 80% എന്ന റെക്കോര്‍ഡ് വോട്ടിങ് ശതമാനത്തിലൂടെ ചരിത്രപരമായ നേട്ടം കൊയ്തു. നെതന്യാഹുവിനെ തടയാന്‍ ഇവര്‍ ഐസന്‍കോട്ടിനെ പിന്തുണച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: No alliance with Netanyahu, even if Trump requests it: Gadi Eisenkot clarifies his stance
