ബാലതാരമായി സിനിമയിലേക്കെത്തി സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയ താരമായിരുന്നു നസ്രിയ നസീം. ഒരേസമയം മലയാളത്തിലും തമിഴിലും വലിയ ഫാന്‍ ഫോളോയിങ് സ്വന്തമാക്കിയ നസ്രിയ വലിയൊരു ഇടവേളക്ക് ശേഷം സിനിമാലോകത്ത് വീണ്ടും സജീവമാവുകയാണ്. 13 വര്‍ഷത്തിന് ശേഷം തമിഴിലേക്ക് നസ്രിയ തിരിച്ചെത്തുന്ന ചിത്രമാണ് സീന്‍. സൂര്യ നായകനാകുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്.
മായ എന്ന കഥാപാത്രത്തെയാണ് താരം സീനില്‍ അവതരിപ്പിക്കുന്നത്. സൂര്യയുടെ നായികയായി ആദ്യമായാണ് നസ്രിയ വേഷമിടുന്നത്. സൂര്യ- നസ്രിയ കോമ്പോയുടെ ഫ്രഷ്‌നസ്സാണ് സീനിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. കഴിഞ്ഞദിവസം ഹൈദരബാദില്‍ വെച്ച് നടന്ന സീനിന്റെ പ്രീ റിലീസ് ഇവന്റില്‍ നസ്രിയ പറഞ്ഞ വാക്കുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

ഹൈദരബാദ് തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണെന്ന് നസ്രിയ പറഞ്ഞു. തെലുങ്കില്‍ ഒരൊറ്റ സിനിമ മാത്രമേ ചെയ്തിട്ടുള്ളൂവെന്നും എന്നിട്ടും തെലുങ്കിലെ സിനിമാപ്രേമികള്‍ തനിക്ക് നല്‍കുന്ന സ്‌നേഹം വളരെ വലുതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നും നസ്രിയ പറയുന്നു.
‘തമിഴിലേക്ക് തിരിച്ചെത്തുന്നത് ഇത്തരമൊരു കഥാപാത്രത്തിലൂടെയാകുന്നത് സന്തോഷം അധികമാക്കുന്നുണ്ട്. പാട്ടിലും ട്രെയ്‌ലറിലുമൊക്കെ നിങ്ങള്‍ കണ്ടുകാണും, എന്റെ ക്യാരക്ടര്‍ ചെയ്യുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെ ഓരോന്ന് ചെയ്യുന്നത്. ഈ പടത്തിലെ ആക്ഷന്‍ സീനുകള്‍ ചെയ്യാന്‍ എന്നെ സഹായിച്ചത് ചേതന്‍ ബ്രോയാണ്.

അദ്ദേഹം നല്ല ഗംഭീര ഫൈറ്റ് കൊറിയോഗ്രാഫറാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. നന്നായി ആക്ഷന്‍ സീനുകള്‍ ഒരുക്കി അദ്ദേഹം നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. ഈ സിനിമയില്‍ ആക്ഷന്‍ സീനുകള്‍ ചെയ്യാന് എനിക്ക് കോണ്‍ഫിഡന്‍സ് തന്നത് ചേതനാണ്. അതിന് ഒരുപാട് നന്ദിയുണ്ട്. ഭാവിയില്‍ വേറെ ഏതെങ്കിലും സിനിമയില്‍ ആക്ഷന്‍ സീന്‍ ചെയ്യേണ്ടി വന്നാല്‍ അന്നും ഞാന്‍ ഓര്‍ക്കുന്നത് നിങ്ങളെയായിരിക്കും,’ നസ്രിയ പറയുന്നു.

മായ എന്ന കഥാപാത്രം തന്നെ വിശ്വസിച്ച് എല്പിച്ച സംവിധായകന്‍ ജിത്തു മാധവനെക്കുറിച്ചും താരം സംസാരിച്ചു. 13 വര്‍ഷത്തിന് ശേഷം തമിഴിലേക്ക് തിരിച്ചുവരാന്‍ എന്തുകൊണ്ടും നല്ലൊരു കഥാപാത്രമാണ് മായയെന്നും നസ്രിയ പറഞ്ഞു. ദീപാവലിക്ക് ഫാമിലിയുമൊത്ത് ആസ്വദിച്ച് കാണാനാകുന്ന ചിത്രമാണ് സീനെന്നും നസ്രിയ പറയുന്നു.
Content Highlight: Nazriya about the action scenes in Scene movie
