നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിൽ പാടാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ഗായിക അമൃത സുരേഷ്. എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ‘മനം പോലെ മംഗല്യം’ എന്ന പാട്ട് പാടാൻ അവസരം ലഭിച്ചത് സ്വപ്നംപോലെ തോന്നിയെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണിതെന്നും അമൃത റിപ്പോർട്ടർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘രാമായണ’ത്തിന്റെ ഓഡിയോ ലോഞ്ചും സിനിമയുടെ പ്രഖ്യാപനവുമൊക്കെ നടന്ന സമയത്ത് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നതായും അമൃത വെളിപ്പെടുത്തി. എന്നാൽ പാട്ട് പാടാനുള്ള അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

അമൃത സുരേഷ്.രാമായണ.Photo. Screen Grab/ Youtube
‘എ.ആർ. റഹ്മാൻ സാറിന് വേണ്ടി ഞാൻ പാടുന്ന മൂന്നാമത്തെ പാട്ടാണിത്. സാറിനൊപ്പം ഷോകൾ ചെയ്യുന്നുണ്ട്. ഇപ്പോൾ അദ്ദേഹത്തോടൊപ്പമുള്ള ടൂറിലുമാണ് ഷോകളുടെ ഭാഗമായി. അതുകൊണ്ടുതന്നെ സാറുമായി ഒരു കണക്ഷനുണ്ട്. പക്ഷേ, ‘രാമായണ’ത്തിൽ പാടാൻ വിളിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല,’ അമൃത പറഞ്ഞു.
പാട്ട് റിലീസ് ചെയ്യുന്നതിന് വെറും രണ്ട് ദിവസം മുമ്പാണ് റഹ്മാൻ സാറിന്റെ സ്റ്റുഡിയോയിൽനിന്ന് ഫോൺ കോൾ വന്നത്. ‘മനം പോലെ മംഗല്യം’ എന്ന ഗാനം ഞാൻ പാടണമെന്നാണ് റഹ്മാൻ സാർ അറിയിച്ചത്. അപ്രതീക്ഷിതമായി എത്തിയ ഈ അവസരം ആദ്യം വിശ്വസിക്കാൻ പോലും കഴിഞ്ഞില്ലെന്നും അമൃത വ്യക്തമാക്കി.
അവസരം ലഭിച്ചപ്പോൾ സമയം കളയാതെ പാട്ടിന്റെ റെക്കോർഡിങ്ങിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും അമൃത പറഞ്ഞു. രാത്രി കൊച്ചിയിലെ സ്റ്റുഡിയോകളെല്ലാം അടച്ചിരുന്നെങ്കിലും പോപ്പ് മീഡിയ സ്റ്റുഡിയോ തുറപ്പിച്ച് പാട്ട് റെക്കോർഡ് ചെയ്യുകയായിരുന്നു. പുലർച്ചെ നാലുമണിവരെ നീണ്ട റെക്കോർഡിങ്ങിന് ശേഷമാണ് പാട്ട് റഹ്മാൻ സാറിന് അയച്ചുകൊടുത്തതെന്നും അമൃത പറഞ്ഞു.
‘ഞാൻ ഇത് സ്വപ്നം കാണുകയാണോ, അതോ ശരിക്കും നടക്കുന്നതാണോ എന്ന അവസ്ഥയിലായിരുന്നു. രാത്രി ഇവിടെയുള്ള സ്റ്റുഡിയോകളെല്ലാം അടച്ചിരുന്നു. അങ്ങനെ എറണാകുളത്തെ പോപ്പ് മീഡിയ സ്റ്റുഡിയോ തുറപ്പിച്ച് പാതിരാത്രി അവിടെ പോയി. പുലർച്ചെ നാലുമണിവരെ പാട്ട് റെക്കോർഡ് ചെയ്തു. ഓരോ ഭാഗം പാടുമ്പോഴും അയച്ചുകൊടുക്കും, സാർ അത് അപ്രൂവ് ചെയ്യും. അങ്ങനെയാണ് പാട്ട് പൂർത്തിയാക്കിയത്,’ അമൃത പറഞ്ഞു.
എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ഉൾപ്പെടുന്ന സംഗീതസംഘത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതകാലം മുഴുവൻ ഓർത്തുവെക്കാവുന്ന നേട്ടമാണെന്നും അമൃത പറഞ്ഞു. ഏകദേശം 4,000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്നതായി പറയപ്പെടുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള ആവേശം ഇപ്പോഴും മാറിയിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

അമൃത സുരേഷ്. Photo. Instagram
‘ഇപ്പോഴും ഈ പാട്ട് ഞാൻ പാടി എന്ന് പറയുമ്പോൾ എനിക്ക് രോമാഞ്ചം വരും. എനിക്ക് ഇത് ഒരു സ്വപ്നം യാഥാർഥ്യമായതിനും മുകളിലുള്ള കാര്യമാണ്. എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നൊരുക്കുന്ന സംഗീതത്തിന്റെ ഭാഗമാകാൻ കഴിയുക എന്നത് ജീവിതകാലത്ത് ലഭിക്കുന്ന വലിയൊരു ഭാഗ്യമാണ്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞപ്പോൾ എന്റെ കരിയറിൽ ഒരു ഓസ്കാർ കിട്ടിയ സന്തോഷമാണ് തോന്നിയത്,’ അമൃത സുരേഷ് കൂട്ടിച്ചേർത്തു.
Content Highlight: Singer Amrutha Suresh shares her joy at having the opportunity to sing for the big-budget film ‘Ramayana’, directed by Nitesh Tiwari
