സ്റ്റേജ് ഷോകളിലൂടെയും മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കോട്ടയം നസീര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറുതും വലുതുമായ കോമഡി വേഷങ്ങള്‍ ചെയ്ത കോട്ടയം നസീര്‍ ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് വിസ്മയിപ്പിക്കുകയാണ്. റോഷാക്കിലെ ശശാങ്കന്, വാഴയിലെ രാധാകൃഷ്ണന്, ആലപ്പുഴ ജിംഖാനയിലെ സലീം തുടങ്ങിയവയെല്ലാം സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത് തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുന്ന ജയിലര്‍ 2ല്‍ കോട്ടയം നസീര്‍ ഭാഗമായിരുന്നു. ചിത്രത്തിലെ ഒരു ലോഡ് മലയാളി താരങ്ങള്‍ക്കിടയില്‍ അമീര്‍ എന്ന കഥാപാത്രവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. കരിയറിലെ ആദ്യ തമിഴ് സിനിമ തന്നെ ഗംഭീര വിജയമായതിന്റെ സന്തോഷത്തിലാണ് കോട്ടയം നസീര്‍.

കോട്ടയം നസീര്‍. Photo: X.com
ആഗോളതലത്തില്‍ എണ്ണൂറ് കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തിന് പിന്നാലെ താരത്തിന് പ്രേക്ഷകരില്‍ നിന്നും വലിയ പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദിലീപ് എന്ന വില്ലന്‍ കഥാപാത്രത്തിന്റെ വലംകൈയ്യായാണ് താരം വേഷമിട്ടത്. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ കൊവിഡിന്റെ സമയത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ചു തന്റെ സിനിമാ കരിയറില്‍ വഴിത്തിരിവായ റോഷാക്കിലേക്ക് അവസരം ലഭിച്ചതിനെ കുറിച്ചും കോട്ടയം നസീര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘കൊറോണ വന്നപ്പോള്‍ എന്താണ് നമ്മുടെ ജോലി എന്ന് അറിയാതെ നില്‍ക്കുകയായിരുന്നു. അതുവരെ കോമഡി, മിമിക്രി, സ്റ്റേജ് ഷോ തുടങ്ങി പറയാന്‍ ഒരു ജോലി ഉണ്ടായിരുന്നു. കൊറോണ വന്നപ്പോള്‍ ആള് കൂടുന്നത് നിര്‍ത്തിക്കളഞ്ഞു. അന്നാദ്യമായാണ് ജീവിതത്തില്‍ എന്റെ ജോലി എന്താണെന്ന് ചിന്തിക്കുന്നത്. എന്നാല്‍ പിന്നെ വരയ്ക്കാം ഡ്രോയിങ്ങില്‍ ശ്രദ്ധിക്കാം എന്ന് വിചാരിച്ചു. കോട്ടയം നസീര്‍ ആര്‍ട് സ്റ്റുഡിയോ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി.

കോട്ടയം നസീര്‍. Photo: X.com
അതിന്റെ ഒരു ലഹരിയില്‍ ഇനിയങ്ങോട്ട് ചിത്രകാരനായിട്ട് പോകാം, ബാക്കി പരിപാടികളെല്ലാം അവസനാപ്പിക്കാം എന്ന് പറഞ്ഞിരിക്കുന്ന സമയത്താണ് നിസാം ബഷീറിന്റെ വിളി വരുന്നത്. റോഷാക്ക് എന്ന പേരില്‍ ഒരു സിനിമ തുടങ്ങാന്‍ പോകുന്നു, മമ്മൂക്കയുടെ പടമാണ് അതിലൊരു വേഷമുണ്ട് എന്നെല്ലാം പറഞ്ഞു. പിന്നെ എന്തെങ്കിലും നന്നായിട്ട് ഞാനതില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിസാം എന്ന സംവിധായകന്റെ കഴിവാണ്,’ കോട്ടയം നസീര്‍ പറഞ്ഞു.
Content Highlight: Kottyam Nazeer talks about his comeback to cinema
