വാഷിങ്ടണ്‍: ഇറാനെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ്‍. ഇതിനെ തുടര്‍ന്ന് ഈ ആഴ്ച തന്നെ അമേരിക്ക ഇറാനെതിരെ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് കാള്‍സണ്‍ പറഞ്ഞു. ഒരു കാലത്ത് ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തും പിന്നീട് ഏറ്റവും വലിയ വിമര്‍ശകനുമായ വ്യക്തിയാണ് ടക്കര്‍ കാള്‍സണ്‍.

കഴിഞ്ഞയാഴ്ച ഇസ്രഈലില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ തന്റെ നിലനില്‍പ്പ് അപകടത്തിലാണെന്നും ട്രംപ് നേരിട്ട് ഇടപെടാതെ തനിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും നെതന്യാഹു മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതിനാലാണ് ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാന്‍ ട്രംപിനുമേല്‍ നെതന്യാഹു സമ്മര്‍ദം ചെലുത്തുന്നതെന്നും ഇറാന്റെ നെതാന്‍സന് സമീപമുള്ള പിക്ആക്‌സ് മൗണ്‍ന്‍ എന്ന ഭൂഗര്‍ഭ ആണവനിലയെത്തെ ട്രംപ് ലക്ഷ്യമിടുമെന്നും കാള്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

നതാന്‍സ്, ഫുര്‍ദോ, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ഇറാന്റെ ആണവനിലയങ്ങള്‍ അമേരിക്ക മുന്‍പ് ആക്രമിച്ചിട്ടുണ്ടെങ്കിലും പിക് ആക്സ് മൗണ്ടന്‍ ഇതുവരെ ലക്ഷ്യമിട്ടിട്ടില്ല. മലനിരകള്‍ക്ക് താഴെ 100 മീറ്ററിലധികം ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം സാധാരണ പരമ്പരാഗത ആയുധങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തത് സുരക്ഷിതമാണ്. അതിനാല്‍ അണുവായുധ ആക്രമണം മാത്രമാണ് ട്രംപിന് മുന്നിലുള്ള ഒരേയൊരു വഴിയെന്നും കാള്‍സണ്‍ പറഞ്ഞു. നെതന്യാഹു ദിവസവും ഇതിനായി ട്രംപിനെ വിളിക്കുന്നുണ്ടെന്നും, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരും ഈ നീക്കത്തെ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് നെതന്യാഹു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താവുകയും അന്വേഷണ വിധേയനായി ജയില്‍ വാസം നയിക്കേണ്ടതായും വരും അതില്‍ നിന്നും രക്ഷ നേടുന്നതിനായാണ് വീണ്ടും ട്രംപിനെ യുദ്ധത്തിനായി കച്ചകെട്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Content Highlight: Fear of losing power; Tucker Carlson claims Netanyahu is pressuring Trump to drop a nuclear bomb on Iran.