ഭഗല്‍പൂര്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാംലീല മൈദാനിയില്‍ നടന്ന ഇന്ത്യാ സഖ്യ മാര്‍ച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും നിതിന്‍ നബിന്‍ വിമര്‍ശനമുന്നയിച്ചു. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധിയെ വിദേശ ശക്തികള്‍ ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ആരോപിച്ചു.

‘വിദേശ പിന്തുണ വെച്ച് ഇന്ത്യയില്‍ അസ്ഥിരത സൃഷ്ടിക്കുകയാണ് രാഹുല്‍ ഗാന്ധി. വിദേശ ശക്തികളുടെ കയ്യിലുള്ള ഒരു ഉപകരണമായി അവരുടെ നിര്‍ദേശ പ്രകാരമാണ് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യം ഭരണഘടന ഉപയോഗിച്ചാണ് ഭരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിക്കണം,’ നബിന്‍ പറഞ്ഞു.

അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിലും നേപ്പാളിലും രാഷ്ട്രീയ അട്ടിമറികളും അസ്ഥിരതയും സൃഷ്ടിച്ച അതേ വിദേശശക്തികളുമായി ചേര്‍ന്നാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നതെന്ന് നിതിന്‍ നബിന്‍ ആരോപിച്ചു. രാജ്യം ഭരിക്കപ്പെടേണ്ടത് ‘ഗാന്ധി കുടുംബത്തിന്റെ നിയമങ്ങള്‍’ അനുസരിച്ചല്ല, മറിച്ച് ഇന്ത്യന്‍ ഭരണഘടന അനുസരിച്ചാണെന്നും അദ്ദേഹം വാദിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വോട്ടിങ് യന്ത്രം തുടങ്ങിയ ജനാധിപത്യ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നതെന്നും ബി.ജെ.പി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

കൂടാതെ താഴേത്തട്ടില്‍ ആവശ്യത്തിന് പ്രവര്‍ത്തകരില്ലാത്തതിനാലാണ് പ്രതിപക്ഷത്തിന് വോട്ടര്‍പട്ടിക പുതുക്കുന്ന സമയത്ത് കൃത്യമായ പരാതികള്‍ നല്‍കാന്‍ സാധിക്കാതെ പോയതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

 

Content Highlight: Rahul Gandhi is a ‘toolkit’ in the hands of foreign powers; an attempt to destabilize India: Nitin Nabin