‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘സീൻ’. സൂര്യ നായകനാകുന്ന ചിത്രത്തിൽ ഇമ്പരാജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മായയായി നസ്രിയയും ഈശ്വരനായി നസ്ലനും ചിത്രത്തിൽ എത്തുന്നുണ്ട്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ തമിഴ് സിനിമയിൽ തിരിച്ചെത്തുന്നത്. നവംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.
ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ നസ്രിയയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ സൂര്യ. ചിത്രത്തിൽ നിരവധി പുതിയ പ്രതിഭകളും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയവരും ഭാഗമായിട്ടുണ്ടെന്നും അവർക്കൊപ്പം നസ്രിയയെപ്പോലൊരു മികച്ച അഭിനേത്രി കൂടി എത്തിയതിൽ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു.

സൂര്യ,നസ്രിയ. Photo. Screen Grab/ Youtube
നസ്രിയയ്ക്കൊപ്പം സിനിമ ചെയ്യാൻ തനിക്ക് ഏറെക്കാലമായി ആഗ്രഹമുണ്ടായിരുന്നുവെന്നും അതിനായി പലതവണ സമീപിച്ചെങ്കിലും താരം സമ്മതിച്ചിരുന്നില്ലെന്നും സൂര്യ തമാശരൂപേണ പറഞ്ഞു. മൂന്നോ നാലോ തവണ ശ്രമിച്ചതിന് ശേഷം ഇപ്പോഴാണ് നസ്രിയ ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും സൂര്യ പറഞ്ഞു.
‘നസ്രിയയ്ക്കൊപ്പം ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞങ്ങൾ മൂന്ന് തവണയോളം എന്റെ സിനിമക്ക് വേണ്ടി ആളെ സമീപിച്ചിട്ടുണ്ട്, പക്ഷേ അവർ സമ്മതിച്ചില്ല. ഇത് മൂന്നാമത്തെയോ നാലാമത്തെയോ ശ്രമമാണെന്ന് തോന്നുന്നു. ഒടുവിൽ ഇത്തവണ അവർ സമ്മതിച്ചു. ഒരുപാട് സംവിധായകരും അഭിനേതാക്കളും സമീപിച്ചിട്ടും പത്ത്, പന്ത്രണ്ട് വർഷത്തോളം അവർ സിനിമകൾ സ്വീകരിച്ചിരുന്നില്ല. ഒടുവിൽ ഞങ്ങളുടെ സിനിമ ചെയ്യാൻ സമ്മതിച്ചതിന് നന്ദി,’ സൂര്യ പറഞ്ഞു.
നസ്രിയയുടെ അഭിനയശേഷിയെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും സൂര്യ പ്രത്യേകം പരാമർശിച്ചു. ഒരു കഥാപാത്രത്തിനായി അവർ തയ്യാറെടുക്കുന്ന രീതിയും ഓരോ രംഗത്തോടും കാണിക്കുന്ന ശ്രദ്ധയും തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. മായ എന്ന കഥാപാത്രത്തെ നസ്രിയ വളരെ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ടെന്നും സൂര്യ വ്യക്തമാക്കി.
‘നിങ്ങളൊരു അഭിനേത്രി എന്ന നിലയിൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിങ്ങളുടെ ആത്മവിശ്വാസവും കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തതയും ഒരു രംഗത്തിനായി തയ്യാറെടുക്കുന്ന രീതിയും എനിക്ക് ഇഷ്ടമാണ്. പ്രത്യേകിച്ച് ഇരുന്ന് തയ്യാറെടുക്കുന്നതായി നമുക്ക് തോന്നില്ല. അത്രയും സ്വാഭാവികമായാണ് നിങ്ങൾ അഭിനയിക്കുന്നത്. മായ എന്ന കഥാപാത്രം തികച്ചും വ്യത്യസ്തമാണ്. അത് നിങ്ങൾ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്,’ സൂര്യ പറഞ്ഞു.
ചിത്രത്തിലെ സംഘട്ടനരംഗങ്ങൾക്കായി നസ്രിയ നടത്തിയ പരിശ്രമത്തെയും താരം അഭിനന്ദിച്ചു. ഇത്രയും വർഷത്തെ ഇടവേളയ്ക്ക് ശേഷവും ഓരോ ഷോട്ടിന് മുമ്പും മികച്ച പ്രകടനം നൽകണമെന്ന ആകാംക്ഷയും ചെറിയൊരു പരിഭ്രമവും നസ്രിയയിൽ കാണാനായെന്നും സൂര്യ പറഞ്ഞു. അഭിനയത്തോടുള്ള ആ ആത്മാർഥതയാണ് അവരുടെ പ്രകടനത്തിൽ തനിക്ക് കാണാതായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീൻ. Photo. IMDb
‘സംഘട്ടനരംഗങ്ങൾക്കായി നസ്രിയ എടുത്ത പരിശ്രമം സിനിമയിൽ കാണാം. ഇത്രയും വർഷങ്ങൾക്ക് ശേഷവും ഓരോ ഷോട്ടിന് മുമ്പും അടി വയറ്റിൽ ബട്ടർഫ്ളൈസ് പറക്കുന്ന പോലെയുള്ള ആ ചെറിയ പരിഭ്രമം അവർക്കുണ്ട്. ‘എനിക്ക് ഇത് ചെയ്യാനാകും’ എന്ന ഭാവത്തിലല്ല അവർ സമീപിക്കുന്നത്. ഓരോ രംഗത്തും ഏറ്റവും മികച്ചത് നൽകണമെന്ന ആഗ്രഹവും അതിനായുള്ള ചെറിയ സമ്മർദവും ഇപ്പോഴും അവരിലുണ്ട്. അതെല്ലാം സിനിമയിൽ മനോഹരമായി വന്നിട്ടുണ്ട്,’ സൂര്യ പറഞ്ഞു.
Content Highlight:Actor Suriya speaks about Nazriya at the film’s pre-release event held in Hyderabad
